ന്യൂയോർക്കിൽ അവതരിപ്പിച്ച കഥകളിയിൽ പെൺപടയുടെ സാന്നിധ്യം
text_fieldsസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ അവതരിപ്പിച്ച കഥകളിയിൽ കലാമണ്ഡലം മേരി ജോൺ ചുട്ടി കുത്തി കൊടുക്കുന്നു.
കലാമണ്ഡലം ജോൺ കഥകളി മേക്കപ്പിൽ.
ചെറുതുരുത്തി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ന്യൂയോർക്കിൽ കേരളീയ തനിമയുടെ കഥകളിയിൽ പെൺപടയുടെ ദുര്യോധന വധം കഥകളി അവതരിപ്പിച്ച സന്തോഷത്തിലാണ് കലാമണ്ഡലം ജോണും സംഘവും. ആദ്യമായിട്ടാണ് സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു പരിപാടി നടത്തുന്നത്. ന്യൂയോർക്കിലെ ഓപൺ പാർക്കായ ബാറ്ററി പാർക്കിൽ വെച്ചായിരുന്നു പരിപാടി.
ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് കഥകളിയും ഇതു കൂടാതെ ഇന്ത്യൻ ഡാൻസ്, ഭരതനാട്യം, കുച്ചുപ്പുടി, ഒഡീസി നൃത്തം എന്നിവ അവതരിപ്പിച്ചത്. ഇതിൽ കഥകളിയിൽ സ്ത്രീകളുടെ അവതരണത്തിന് പ്രത്യേകം കയ്യടികൾ നേടി. ദുര്യോധന വധം കഥകളിയിൽ കൃഷ്ണനായി വേഷമിട്ടത് കേരളക്കാരിയായ ഉമ കൈമളും പാഞ്ചാലിയായി ആന്ധ്ര പ്രദേശ് സ്വദേശിയായ സ്വാതിയും ദുശാസനനായി കാനഡയിൽ നിന്നുള്ള അനുപമയുമാണ്. ചെറുതുരുത്തി സ്വദേശി കലാമണ്ഡലം ജോൺ എന്നിവരടങ്ങുന്ന സംഘമാണ് കഥകളി അവതരിപ്പിച്ചത്.
കഥകളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി കഥകളിയിലെ ചുട്ടി കുത്താനെത്തുന്നത്. കലാമണ്ഡലം മേരി ജോണാണ് ചുട്ടി കുത്താൻ എത്തിയത്. അരമണിക്കൂർ ഉള്ള അവതരണം ആയിരുന്നു കഥകളിയിൽ ഇവർക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്. 1973ൽ കലാമണ്ഡലത്തിൽ നിന്ന് കഥകളി പഠിച്ച് പോയ ന്യൂയോർക്ക് സ്വദേശി വയനാസിലി പ്രായാധിക്യം വകവെക്കാതെ കഥകളി കാണാൻ എത്തുകയും കലാമണ്ഡലം ജോണിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.