വീട്ടിൽ കണ്ടെത്തിയ ചരിത്രനിധി; എബ്രഹാം ലിങ്കൺ ഒപ്പിട്ട ചിത്രം ലേലത്തിൽ വിറ്റുപോയത് 1.24 കോടിക്ക്
text_fieldsഅബ്രഹാം ലിങ്കണിന്റെ ഒപ്പിട്ട അപൂർവ ഫോട്ടോ
മസാച്യുസെറ്റ്സിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എബ്രഹാം ലിങ്കണിന്റെ ഒപ്പിട്ട അപൂർവ ഫോട്ടോ ലേലത്തിൽ വിറ്റത് 1.24 കോടി രൂപക്ക്.'ലിങ്കൺസ് പെന്നി പ്രൊഫൈൽ' എന്നറിയപ്പെടുന്ന ഈ ഫോട്ടോ, അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റിന്റെ പ്രൊഫൈൽ ചിത്രമാണ്. 2.25 x 4 ഇഞ്ച് വലിപ്പമുള്ള ഈ കാർട്ടെ-ഡി-വിസിറ്റ് പോർട്രെയ്റ്റ് 1864 ഫെബ്രുവരി 9ന് വാഷിങ്ടണിലെ മാത്യു ബ്രാഡിയുടെ ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയിൽ ആന്റണി ബെർഗർ എടുത്തതാണ്.
ലിങ്കണിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിത്രങ്ങളിലൊന്നായി മാറിയ ഈ ചിത്രം പിന്നീട് വിക്ടർ ഡേവിഡ് ബ്രെന്നറുടെ ലിങ്കൺ സെന്റ് നാണയത്തിന്റെ രൂപകൽപ്പനക്കുള്ള പ്രധാന ഫോട്ടോഗ്രാഫിക് റഫറൻസായി ഉപയോഗിച്ചു. ഇതേ ഫോട്ടോ സെഷനിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് പിന്നീട് അഞ്ച് ഡോളർ നോട്ടിനായി ഉപയോഗിച്ചത്.
താഴെ മഷിയിൽ ലിങ്കണിന്റെ ഒപ്പ്, പിന്നിൽ അതിന്റെ യഥാർത്ഥ ഉദ്ദേശ്യം രേഖപ്പെടുത്തിയ ഒരു കുറിപ്പുമുണ്ട്. 1864 ഡിസംബറിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം തുടരവെ ലിങ്കൺ തന്റെ ഒപ്പിട്ട ആറ് ഫോട്ടോകൾ സംഭാവന ചെയ്തു. യുദ്ധത്തിൽ പോരാടുന്ന സൈനികരുടെ കുടുംബങ്ങളെ സഹായിക്കാൻ പണം കണ്ടെത്താനായിരുന്നു ഇത്. ഫോട്ടോയുടെ പുറകിലെ കുറിപ്പ് ഈ ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്.
ഇത് യുദ്ധകാലത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ തെളിവായി ഇന്നും നിലനിൽക്കുന്നു. വെസ്റ്റ്ഫോർഡിലെ വ്യവസായി ചാൾസ് ജി. സാർജന്റാണ് ധനസമാഹരണ പരിപാടിയിൽ നിന്ന് ഫോട്ടോ സ്വന്തമാക്കിയത്. പിന്നീട് അത് മകൻ അലൻ സി. സാർജന്റിന് കൈമാറി.
ഏകദേശം ഒരു നൂറ്റാണ്ടോളം കുടുംബത്തിൽ തന്നെ തുടർന്ന പോർട്രെയ്റ്റിന്റെ പ്രാധാന്യം പിന്നീടാണ് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. 1924ലെ ഒരു പത്രക്കഷണത്തിൽ ലിങ്കൺ ആറ് ഫോട്ടോകൾ സംഭാവന ചെയ്തതും അദ്ദേഹത്തിന്റെ ഒപ്പിന്റെ ആധികാരികതയും രേഖപ്പെടുത്തിയിരുന്നു.
ഫോട്ടോ ഇപ്പോഴും നല്ല അവസ്ഥയിലാണ്, പ്രായത്തിന്റെ ചെറിയ പാടുകൾ മാത്രമേയുള്ളൂ. PSA/DNA ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്ഭവം വ്യക്തമാക്കുന്ന രേഖകളും ഒപ്പമുണ്ട്. പ്രസിഡന്റിന്റെ ചരിത്രവും ഫോട്ടോയുടെ പ്രാധാന്യവും യുദ്ധകാലത്തെ കഥയും ചേർന്നതുകൊണ്ടാണ് ലേലത്തിൽ 1,49,020 ഡോളർ വില കിട്ടിയത്.

