പടയണി താളത്തിന് നീലംപേരൂർ ഒരുങ്ങുന്നു
text_fieldsപടയണി
ചങ്ങനാശ്ശേരി: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം പടയണിക്ക് ഒരുക്കം പുരോഗമിക്കുന്നു. ഗ്രാമം മുഴുവന്‍ പൂരക്കാഴ്ചകള്‍ക്ക് പ്രകൃതിയുടെ നിറച്ചാര്‍ത്ത് നല്‍കാനുള്ള ശ്രമത്തിലാണ്. ചൂട്ടു പടയണിയോടെ ആരംഭിച്ച പ്രാചീന കലാരൂപ ചടങ്ങുകള്‍ പടയണി ദിവസങ്ങളില്‍ നടക്കും. സെപ്റ്റംബർ ആറു മുതൽ 21 വരെയാണ് പടയണി. 20ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നെള്ളത്തോടെ മകം പടയണിയും 21ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണവും നടക്കും. വല്യന്നത്തിന്റെ എഴുന്നെള്ളത്തോടെ പൂരം പടയണി സമാപിക്കും. പടയണി നാലു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ.
ഗ്രാമത്തിന്റെ സമര്‍പ്പണമായി ആചരിക്കുന്ന പൂരം പടയണിക്ക് ചരിത്രപരമായും പ്രാധാന്യം ഉണ്ട്. വടക്കുംകൂര്‍ രാജവംശത്തിന്റെ ഭരണശേഷം കേരളത്തില്‍ ചേരമാന്‍ പെരുമാള്‍ ഭരണം നടത്തി. ഇക്കാലത്ത് ദേശാടനത്തിനായി കായല്‍മാര്‍ഗം സഞ്ചരിക്കവേ നീലംപേരൂരിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി തിരുവഞ്ചിക്കുളം പുരയിടത്തില്‍ കൊട്ടാരം പണിത് താമസിച്ച് ഭരിച്ചു. മഹാക്ഷേത്രത്തിന്റെ ലക്ഷണമെല്ലാം തികഞ്ഞ ക്ഷേത്ര സങ്കേതങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ദേവീ പ്രതിഷ്ഠ ഇല്ലായെന്ന കുറവ് മനസ്സിലാക്കിയ പെരുമാള്‍ ക്ഷേത്രം പണിത് തന്റെ സേവാമൂര്‍ത്തിയായ പെരിഞ്ഞനത്ത് ഭഗവതിയെ പ്രതിഷ്ഠിച്ചു.
പള്ളിവാണ പെരുമാളിനാല് പ്രതിഷ്ഠ കഴിച്ചതാകയാല് ക്ഷേത്രത്തിനു പള്ളി ഭഗവതി ക്ഷേത്രം എന്നു നാമകരണവും ചെയ്തു. പെരുമാളിന്റെ കാലത്ത് കലാ കായിക കളരി അഭ്യാസങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പെരുമാളിന്റെ ഭരണ ശേഷം ഉന്നത സ്ഥാനീയരുടെ കൂട്ടായ ആലോചനയെത്തുടര്ന്ന് പണ്ട് മുതൽ നിലനിന്ന പടയണി ഇന്നു കാണുന്ന കലാപരമായ പടയണിയായി. ചിങ്ങമാസത്തിലെ അവിട്ടത്തിനു തുടങ്ങി ദേവിയുടെ പിറന്നാള്‍ ദിനമായ പൂരത്തിനു സമാപിക്കും വിധമാണ് ആഘോഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.