മോഹിനിയാട്ടത്തിന്റെ പേര് കൈരളി നൃത്തമെന്നാക്കണം -ആർ.എൽ.വി. രാമകൃഷ്ണൻ
text_fieldsകലാമണ്ഡലത്തിൽ ആദ്യമായി മോഹിനിയാട്ടം പഠിക്കാൻ എത്തിയ പാറശ്ശാല സ്വദേശി പ്രവീൺ ആർ.എൽ.വി. രാമകൃഷ്ണനൊപ്പം
ചെറുതുരുത്തി: മോഹിനിയാട്ടത്തിന് ‘കൈരളി നൃത്തം’ എന്ന് പേരുമാറ്റണമെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. മഹാകവി വള്ളത്തോളിന്റെ സങ്കൽപമനുസരിച്ച് കലാമണ്ഡലം യൂനിവേഴ്സിറ്റി തലത്തിലേക്ക് ഉയർന്നതുപോലെ, അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ മോഹിനിയാട്ടം എന്ന പേര് മാറ്റി ‘കൈരളി നൃത്തം’ എന്നാക്കണമെന്നാണ് രാമകൃഷ്ണന്റെ നിർദേശം.
വള്ളത്തോൾ ‘കൈരളി നൃത്തം’ എന്ന പേരാണ് മോഹിനിയാട്ടത്തിന് പറഞ്ഞിട്ടുള്ളതെന്നും, അത് കേരള കലാമണ്ഡലം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള വിവാദങ്ങൾ ‘മോഹിനി’ എന്ന പേരുമായി ബന്ധപ്പെട്ടതായതുകൊണ്ട്, ആ വിവാദങ്ങളെ ഇല്ലാതാക്കാൻ സാംസ്കാരിക വകുപ്പ് മുൻകൈയെടുത്ത് വള്ളത്തോൾ വിഭാവനം ചെയ്ത പേര് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി മോഹിനിയാട്ട കളരിയിൽ പുരുഷ വിദ്യാർഥിയായി പാറശ്ശാല സ്വദേശി പ്രവീൺ തിങ്കളാഴ്ച പ്രവേശനം നേടിയിരുന്നു. മോഹിനിയാട്ടത്തിൽ ഒരു ആൺകുട്ടിയെങ്കിലും വരണമെന്ന് താൻ ആത്മാർഥ്മായി ആഗ്രഹിച്ചിരുന്നതായി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലുണ്ടായിരുന്ന ഇത്തരം വിവേചനങ്ങൾക്ക് മാറ്റം കുറിച്ച കേരള സർക്കാറിനോടും സാംസ്കാരിക വകുപ്പിനോടും കലാമണ്ഡലത്തിലെ നേതൃത്വങ്ങളായ ചാൻസലർ മല്ലികാ സാരാഭായ്, വൈസ് ചാൻസലർ അനന്തകൃഷ്ണൻ, രജിസ്ട്രാർ രാജേഷ്, മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും രാമകൃഷ്ണൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.