സോപ്പിൽ വിസ്മയം തീർത്ത് ബിജു
text_fieldsബിജു
ഒരു സാധാരണ സോപ്പ് കഷ്ണം! ആ സോപ്പുകട്ടയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ കൊത്തിയെടുത്ത് ഒരു ലോക റെക്കോർഡ് സ്ഥാപിച്ച കലാകാരനുണ്ട്. ലോകം അപൂർവ്വമായ വസ്തുക്കളും വലിയ ക്യാൻവാസുകളും തേടുമ്പോൾ, ബിജു സി.ജി. തിരഞ്ഞെടുത്തത് ഒരു സാധാരണ സോപ്പ് കഷ്ണമാണ്. ഒരു ശില്പിയുടെ ക്ഷമയോടെയും ഒരു ഡിസൈനറുടെ കഴിവുകളും കൊണ്ട് അദ്ദേഹം ഈ നിത്യോപയോഗ വസ്തുവിനെ ആരും ശ്വാസമടക്കിപ്പിടിച്ച് നോക്കിപ്പോകുന്ന ഒരു കലാസൃഷ്ടിയാക്കി മാറ്റും. സോപ്പിന്റെ ഗന്ധം പോലെത്തന്നെ സൂക്ഷ്മമായ ഒരു സൗന്ദര്യമാണ് അദ്ദേഹത്തിന്റെ ഓരോ ശില്പത്തിനുമുള്ളത്. സോപ്പ് ശിൽപ്പങ്ങൾ മാത്രമല്ല ബിജുവിന്റെ പാഷൻ. ഫോട്ടോഗ്രാഫിയും, ഡിസൈനിങ്ങും, മണൽ ശില്പങ്ങളുമൊക്കെ ഇഷ്ട വിഷയങ്ങളാണ്.
മൾട്ടിമീഡിയ ഇൻസ്ട്രക്ടറായാണ് കലയുടെ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ത്രീഡി ഡിസൈനറായി. പിന്നീട് ഖത്തറിലും ദുബൈയിലുമായി 20 വർഷത്തിലേറെ നീളുന്ന കലാജീവിതം. ബിജുവിനെ ലോക ശ്രദ്ധയിലെത്തിച്ചത് സോപ്പ് ശില്പങ്ങളാണ്. ചെറുപ്പത്തിൽ യാദൃശ്ശ്ചികമായാണ് സോപ്പു ശില്പങ്ങൾ നിർമ്മിച്ച് തുടങ്ങിയത്. ശില്പങ്ങളോടുള്ള ഇഷ്ടം തന്നെയാണ് സോപ്പ് ശില്പങ്ങൾ നിർമ്മിക്കുക എന്ന ആശയത്തിലെത്തിച്ചത്. പിന്നീട് അതൊരു വലിയ സ്വപ്നമായി വളർന്നു. 2016-ൽ ഖത്തറിൽ അദ്ദേഹം നടത്തിയ പ്രദർശനം ലോകത്തിൽ തന്നെ ആദ്യത്തെ സോപ്പുശില്പങ്ങളുടെ പ്രദർശനമായിരുന്നു.
പത്മശ്രീ മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, എം. എ യൂസഫലി തുടങ്ങിയ പ്രമുഖർക്കെല്ലാം താൻ ഉണ്ടാക്കിയ അവരുടെതന്നെ ശിൽപ്പങ്ങൾ നേരിട്ട് സമ്മാനിക്കാൻ ബിജുവിന് സാധിച്ചിട്ടുണ്ട്. കലാകാരൻ ഡാ വിഞ്ചി സുരേഷ്, ഉണ്ണി കാനായി, ജിനൻ തുടങ്ങിയ പ്രമുഖരുമായി സഹകരിച്ച് നിരവധി കലാരൂപങ്ങൾ ചെയ്തിട്ടുണ്ട് ബിജു. ബിജു സൃഷ്ടിച്ച മണൽ ശില്പങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലും ഖത്തറിലും ബിജു ഉണ്ടാക്കിയ മണൽ ശില്പങ്ങൾ ഇപ്പോഴും ആളുകളുടെ മനസിൽ ഒരു വിസ്മയമായി നിലൽക്കുന്നുണ്ട്.
"കല പണമുണ്ടാക്കാനുള്ള ഒരു മാർഗമായി ഞാൻ കാണുന്നില്ല. എൻ്റെ സൃഷ്ടികൾക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ എനിക്ക് വലിയ വിഷമമാകും. അതുകൊണ്ടാണ് ഞാൻ അവ ആർക്കും വിൽക്കാത്തത്." - ബിജു പറയുന്നു. താൻ ഉണ്ടാക്കിയ ശിൽപ്പങ്ങൾ താൻ സൂക്ഷിക്കുന്ന പോലെ മറ്റുള്ളവർക്ക് സൂക്ഷിക്കാൻ പറ്റില്ല എന്നത് കൊണ്ടാണ് ഇവ വിൽപ്പന നടത്താത്തത്. സോപ്പുശില്പങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ അവ സൂക്ഷിക്കാനാണ് ബുദ്ധിമുട്ട് എന്ന് ബിജു പറയുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ, 23 സെന്റീമീറ്റർ നീളമുള്ള, 12 കണ്ണികളുള്ള ചങ്ങല ഒരൊറ്റ സോപ്പിൽ നിന്ന് കൊത്തിയെടുത്തതും ശ്രദ്ധേയമായിരുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ കലാവിരുന്ന് ഇടംനേടുകയും ചെയ്തു . അതോടെ അമേരിക്കൻ തമിഴ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റും നൽകി ആദരിച്ചു.
എല്ലാ കലകളെയും പ്രണയിക്കുന്ന പോലെ ഫോട്ടോഗ്രാഫിയും ബിജുവിന്റെ മറ്റൊരു പാഷനാണ്. നിരവധി സെലിബ്രെറ്റികളുടെ ഫോട്ടോകൾ എടുക്കുകയും നല്ല അഭിപ്രായങ്ങൾ ലഭിച്ചിട്ടുമുണ്ട്. ലളിതകല അക്കാദമിയുടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കഴിഞ്ഞ രണ്ടു വർഷമായി യു.എ.ഇയിലുള്ള ബിജു ദുബൈയിലെ ഐകോണിക് ഫർണിച്ചറിൽ ഡിസൈനിങ് ഹെഡ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ സൂര്യ ബിജുവിന്റെ സപ്പോർട്ടും തനിക്ക് വളരെ വലുതാണെന്ന് ബിജു പറയുന്നു. മകൻ ദേവർശ് ബിജു അണ്ടർ 14 കേരള സ്റ്റേറ്റ് ക്രിക്കറ്റ് ടീം പ്ലേയർ ആണ്. കലക്ക് യു.എ.ഇ നൽകുന്ന പ്രാധാന്യം കൊണ്ട് തന്നെയാണ് ബിജു യു.എ.ഇയിലെത്തിയത്. ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ശില്പം ഇതിനകം അദ്ദേഹം തയ്യാറാക്കി കഴിഞ്ഞു. ആ ശില്പം നേരിട്ട് അദ്ദേഹത്തിന് സമ്മാനിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ബിജു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.