സിക്കിം സംവിധായിക ട്രിബനി റായിയുടെ നേപ്പാളി ചിത്രം ‘ഷെയ്പ് ഓഫ് മോമോ’ ഗോവ ഫെസ്റ്റിവൽ മൽസരവിഭാഗത്തിൽ
text_fieldsപനാജി: ഗോവയിൽ നടക്കുന്ന അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ സിക്കിമിൽ നിന്നുള്ള സംവിധായിക ട്രിബനി റായിയുടെ നേപ്പാളി ഭാഷയിലെ ഫീച്ചർ ചിത്രം ‘ഷെയ്പ് ഓഫ് മോമോ’ രണ്ട് പ്രമുഖ പുരസ്കാരങ്ങൾക്കായി മൽസരിക്കുന്നു.
ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ പുതുമുഖ സംവിധായികക്കും ഇൻറർനാഷണൽ കോംപറ്റീഷനിൽ പുതുമുഖ സംവിധായികയുടെ ചിത്രത്തിനുമുള്ള രണ്ട് പുരസ്കാരങ്ങളുടെ പട്ടികയിലാണ് ചിത്രം ഇടം നേടിയത്.
സിക്കിമിലെ ഗ്രാമത്തിൽ ഒരു നേപ്പാളി ഭാഷാ ചിത്രം എടുക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ട്രിബനി റായിയെ സംബന്ധിച്ച്. കൊൽക്കത്തയിലെ സത്യജിത്റായി ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനിയായിരുന്നു ട്രിബനി. അവിടെ നിന്ന് പഠിച്ചിറങ്ങിയ 2015 ൽ തന്നെ ഈ ചിത്രത്തിന്റെ ജോലികൾ തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് അഞ്ചു വർഷത്തിനുശേഷമാണ് ചിത്രത്തിന്റെ ജോലികൾ സീരിയസായി തുടങ്ങിയത്. പിന്നീട് കിസ്ലെ കിസ്ലെ എന്ന എഴുത്തുകാരിയും ചേർന്ന് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്.
നഗരത്തിലെ ജോലി ഉപക്ഷേിച്ച് തന്റെ ഗ്രാമത്തിൽ തിരിച്ചെത്തി അമ്മയോടും സഹോദരിയോടും അമ്മൂമ്മയോടുമൊപ്പം താമസിക്കുന്ന 31കാരനായ ബിഷ്ണുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ട്രിബനി റായിയുടെ സ്വന്തം ജീവിതമാണ് ചിത്രത്തിന് ആധാരം. ഇവർ നാൻഡോക് എന്ന സ്വന്തം ഗ്രാമത്തിൽ വച്ചാണ് ചിത്രീകരണം നടത്തിയത്. നാട് മാത്രമല്ല, സ്വന്തം വീടും ഷൂട്ട് ചെയ്തു. റായിയുടെ കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു. മൂന്ന് സഹോദരിമാരെ അമ്മയാണ് വളർത്തിയത്. സഹോദരനില്ലാത്ത ദുഖം ഉണ്ടായിരുന്നു. ഇതിൽ നിന്നൊക്കെ ഉരുത്തിരിഞ്ഞതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ ഗ്രാമത്തിൽ താൻ നടക്കാൻ പോകുന്ന വഴികളിലൂടെയാണ് ചിത്രത്തിലെ നായകനും നടക്കുന്നത്. സ്വന്തം മുറിയും ചിത്രീകരിച്ചിട്ടുണ്ട്.
അടുത്തതായി സിംഗപ്പൂർ അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ചിത്രം പ്രദർശിപ്പിക്കും. സിക്കിമിലെ സിനിമാ ഇൻഡസ്ട്രിയിൽ നേപ്പാളി ഭാഷയ്ക്ക് മാർക്കറ്റില്ല. എന്നാൽ ഇവിടത്തെ നേപ്പാളി ഭാഷ സംസാരിക്കുന്ന മേഖലയിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

