നാടക-സിനിമാ പ്രവർത്തകൻ മുഹമ്മദ് പുഴക്കര നിര്യാതനായി
text_fieldsമൂവാറ്റുപുഴ: പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) നിര്യാതനായി. മൂവാറ്റുപുഴ പുഴക്കരയിൽ പരേതരായ കൊച്ചുമൈതീന്‍റെയും മറിയുമ്മയുടെയും മകനാണ്. ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക് ആവേശം പകരുന്ന ഓർമയാണ്. കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ പ്രകടനം. വിശ്വരൂപം, പർവ്വസന്ധി തുടങ്ങിയവയാണ് മറ്റു നാടകങ്ങൾ. കലിയുഗ കലാസേന, കോഴിക്കോട് മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് കലാ കേന്ദ്രം തുടങ്ങിയ കലാസമിതികളിൽ പ്രവർത്തിച്ചു. മൂവാറ്റുപുഴയിലെ കലാകാരന്മാർ ചേർന്ന് രൂപവത്കരിച്ച ‘കലയരങ്ങിന്റെ’ സ്ഥാപകനാണ്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആമിന. മക്കൾ: ആലിഷ, അജാസ്, ജാനിഷ്. മരുമക്കൾ: ഷീബ, സർജു, മജീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12 ന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.