ഐക്യ കേരള കോളനി
text_fieldsചിത്രീകരണം: വിനീത് എസ്. പിള്ള
അധികം ആരും അറിഞ്ഞതായി തോന്നുന്നില്ല. ഇടുക്കിയിലെ കല്ലാർ പട്ടം കോളനിക്ക് കഴിഞ്ഞ ജനുവരി 20ന് 70 വയസ്സ് പൂർത്തിയായി. ശരിക്കും ‘ഐക്യകേരള’ കോളനിയാണ് ഈ ജനവാസകേന്ദ്രം. ഐക്യകേരളം രൂപവത്കൃതമാകുന്നതിനും ഒരു വർഷം മുമ്പാണ് ഈ കോളനി സ്ഥാപിതമാകുന്നത്. കൃത്യമായി പറഞ്ഞാൽ കേരള സംസ്ഥാനം സ്ഥാപിതമാകുന്നതിന് ഒമ്പത് മാസവും 11 ദിവസവും മുമ്പ്. രൂപവത്കരിക്കപ്പെട്ടതിന്റെ പ്രത്യേകതകൊണ്ടും വലുപ്പംകൊണ്ടുമെല്ലാം പട്ടം കോളനി ചരിത്രത്തിൽതന്നെ വ്യതിരിക്തമായി നിലകൊള്ളുന്നു. തിരു^കൊച്ചി സർക്കാറിന്റെ കാലത്ത് 1955 ജനുവരി 20നായിരുന്നു കോളനിയുടെ ഒൗദ്യോഗിക ഉദ്ഘാടനം.
50,000 ഏക്കർ, 8000 കുടുംബങ്ങൾ
മൂന്നാർ-തേക്കടി സംസ്ഥാന പാതയുടെ കിഴക്കുവശത്ത് നെടുങ്കണ്ടം മുതൽ കല്ലാർ വരെ, തമിഴ്നാട് അതിർത്തിയിൽ പുഷ്പക്കണ്ടം-രാമക്കൽമേട്- കമ്പംമെട്ട് വരെ വ്യാപിച്ചുകിടക്കുന്നതാണ് പട്ടം കോളനി. 6968 ഏക്കർ 22 സെന്റാണ് കോളനിയുടെ വിസ്തീർണം.(1) ഇപ്പോൾ ഉടുമ്പഞ്ചോല താലൂക്കിലും നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലുമായാണ് കോളനി സ്ഥിതിചെയ്യുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ശക്തമായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണുക, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കപ്പെടുമ്പോൾ, തമിഴ് ഭൂരിപക്ഷമുള്ള പീരുമേട്, ദേവികുളം താലൂക്കുകൾ മദ്രാസ് സംസ്ഥാനത്തോട് കൂട്ടിച്ചേർക്കപ്പെടാതിരിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് കർഷകർക്ക് ഇവിടെ സ്ഥലം പതിച്ചുനൽകിയത്.
മദ്രാസ് സംസ്ഥാനത്തിനോട് ചേർന്ന തമിഴ് മേഖലയിൽ നാല് മേഖലകളിലായി 50,000 ഏക്കർ ഭൂമിയിൽ 8000 കുടുംബങ്ങളെ പാർപ്പിക്കാനായിരുന്നു അന്നത്തെ തീരുമാനം.(2) അങ്ങനെ ജനസംഖ്യാ കണക്കിൽ തമിഴരേക്കാൾ മലയാളികൾ ഉള്ള മേഖലയാക്കിയാൽ െഎക്യകേരളത്തിൽ ഇൗ പ്രദേശങ്ങളെ നിലനിർത്താനാകുമെന്ന രാഷ്ട്രീയബുദ്ധി നന്നായി പ്രവർത്തിച്ചു.
ഇടുക്കി ഹൈറേഞ്ച് മേഖലയിലേക്കുള്ള കുടിയേറ്റ കുത്തൊഴുക്ക് ചരിത്രത്തിൽ അവസാന, നിർണായക ഘട്ടത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. കല്ലാർ, മറയൂർ, കാന്തല്ലൂർ, ദേവിയാർ എന്നിവിടങ്ങളിലായി നാല് കോളനികൾ തുറക്കാനായിരുന്നു തീരുമാനം. കല്ലാർ കോളനിയുടെ വിസ്തീർണം 968.76 ഏക്കർ ആണ് നിശ്ചയിച്ചിരുന്നത്.(3)
പട്ടംകോളനിയിൽ സ്ഥാപിച്ച ബോർഡ്
കൃഷിചെയ്യാൻ ചെറുപ്പക്കാരെ ആവശ്യമുണ്ട്
കൃഷിചെയ്യാൻ കരുത്തുള്ള, ആരോഗ്യമുള്ള ചെറുപ്പക്കാരെ ആവശ്യമുണ്ടെന്നു പറഞ്ഞ് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് കർഷകരെ തിരഞ്ഞെടുത്തത്.(4) അപേക്ഷകർക്കോ അവരുടെ മാതാപിതാക്കൾക്കോ മറ്റിടങ്ങളിൽ സ്വന്തം പേരിൽ ഭൂമി ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു വ്യവസ്ഥ. കല്ലാറിൽ വനം വകുപ്പ് ഭൂമി വിട്ടുനൽകി. ഭൂമിയിലെ മരങ്ങൾ മുറിച്ച് വീടുകൾ പണിയാനും മറ്റും പണം കണ്ടെത്തി. അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി പട്ടം എ. താണുപിള്ളയുടെ പേര് കല്ലാറിലെ കോളനിക്ക് നൽകാൻ തീരുമാനമായി.(5) സംവരണ അടിസ്ഥാനത്തിലാണ് കോളനി നിവാസികളെ കണ്ടെത്തിയത്. 35 കോളനിക്കാരെ കണ്ടെത്തുേമ്പാൾ അതിന്റെ സംവരണ ക്രമം ഇങ്ങനെയായിരുന്നു. നായർ-5, ഈഴവ-10, പട്ടികജാതി-5, മറ്റ് ഹിന്ദുക്കൾ-4, ക്രിസ്ത്യാനികൾ-6, മുസ്ലിംകൾ-5. കോളനിയുടെ ഉദ്ഘാടനവും ഭൂ വിതരണവും തിരു^കൊച്ചിയിലെ തദ്ദേശ സ്വയംഭരണ മന്ത്രി പി.കെ. കുഞ്ഞുസാഹിബ് കല്ലാറിൽ നിർവഹിച്ചു.
തൂക്കുപാലം ആയിരുന്നു കല്ലാർ പട്ടംകോളനിയുടെ ‘തലസ്ഥാനം’. കല്ലാർ പട്ടം കോളനിക്ക് പിന്നാലെ 1955 ഫെബ്രുവരി 11ന് മറയൂർ, നാച്ചിവയൽ വില്ലേജുകളിലായി 125 ബ്ലോക്കുകളിൽ 690 ഏക്കർ ഉള്ള അഞ്ചനാട് കോളനി തുടങ്ങി.(6) കാന്തല്ലൂർ, ദണ്ഡകൊമ്പ്, പെരിവയൽ നാട്, ആനക്കൽ, പെട്ടിപെരിവയൽ നാട്, ആനക്കൽപെട്ടി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കാന്തല്ലൂർ കോളനി. 1955 മാർച്ച് 28ന് കാന്തല്ലൂർ കോളനി 1000 ഏക്കറിലായി തുറന്നു.
കോളനിയിലെ ചോദ്യങ്ങൾ
കല്ലാറിലെ പട്ടം കോളനിയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം 1955 മാർച്ച് 31 തിരു^കൊച്ചി നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകുന്ന മറുപടി പ്രകാരം കോളനിയിൽ 121 ആളുകൾ സ്ഥിരമായി താമസിക്കുന്നുണ്ട്. 200 കുടുംബങ്ങളെയാണ് കോളനിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.(7) പണിസാധനങ്ങളും മറ്റും വാങ്ങാനായി 1000 രൂപവീതവും ഓരോ കർഷകർക്കും നൽകിയിരുന്നു. 1963 ആകുേമ്പാൾ പട്ടംകോളനിയിലെ കുടുംബങ്ങളുടെ എണ്ണം 1876 ആയി. 5 ഏക്കർ വീതം ഇത്രയും കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകിയെന്നാണ് സർക്കാറിന്റെ വിശദീകരണം.(8)
1964ലും കോളനിയിലെ താമസക്കാർക്ക് പട്ടയം നൽകിയിരുന്നില്ല. നിയമസഭയിലെ ഒരു ചോദ്യത്തിന് ഹരിജന ക്ഷേമ മന്ത്രി കെ. കുഞ്ഞമ്പു ‘താമസക്കാർക്ക് നൽകിയ ലോണുകൾ തിരിച്ചടക്കുന്ന മുറക്ക് പട്ടയം നൽകുമെന്ന്’ അറിയിച്ചു. കൃഷിവായ്പയായും വീടുവെക്കാനുള്ള വായ്പയായും കന്നുകാലി വായ്പയായും 27 ലക്ഷം രൂപ കോളനിക്കാർക്ക് നൽകിയിരുന്നു. അപ്പോൾ ഹസ്സൻ ഗിനി മറ്റൊരു ചോദ്യമുന്നയിച്ചു: ‘കല്ലാർപട്ടം കാളനിയിൽ ചില ആളുകൾക്ക് കൊടുത്തിട്ടുള്ള സ്ഥലം മോശമാണെന്നും, അവക്കു വേറെ ഏതെങ്കിലും സ്ഥലം കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവർ സമർപ്പിച്ചിട്ടുള്ള നിവേദനത്തിന്മേൽ എന്തു നടപടി എടുത്തുവെന്നു പറയാമോ?’
അതിനു മന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘കല്ലാർപട്ടം കാളനിയിൽ 316 ആളുകൾക്കും 5 ഏക്കർ വീതം സ്ഥലം കൊടുത്തിരിക്കുകയാണ്. അതിൽ 189 പേർ കൊടുത്തിട്ടുള്ള സ്ഥലം മോശമാണെന്നും അതിന്നവർക്കു മറ്റു സ്ഥലം കൊടുക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ആ 189 വീട്ടുകാർക്കും മറ്റും ഏതെങ്കിലും സ്ഥലം കൊടുക്കുവാൻ അവർക്ക് പറ്റിയ സ്ഥലം ചൂണ്ടിക്കാണിക്കുവാൻ റവന്യൂ ഡിപ്പാർട്ടുമെന്റിനോടും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും സ്ഥലം കിട്ടുകയാണെങ്കിൽ ഈ 189 വീട്ടുകാർക്കു വേറെ സ്ഥലം കൊടുക്കുന്ന കാര്യം അപ്പോൾ പരിഗണിക്കും.’’(9)
കോളനിയിലെ ഭൂമി കൈമാറ്റംചെയ്യരുതെന്നായിരുന്നു ഒരു വ്യവസ്ഥ. എന്നാൽ, ചിലയാളുകൾ ഭൂമി കൈമാറി. ‘കുറച്ചു ബ്ലോക്കുകൾ കൈമാറ്റം ചെയ്തിട്ടുള്ളതായി ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൈമാറ്റം നടത്തിയവരുടെ പേരിൽ നടപടി എടുത്തുവരുന്നു’ എന്നും മന്ത്രി കെ. കുഞ്ഞമ്പു ഒരിക്കൽ പറഞ്ഞു.(10)
പട്ടംകോളനിയുടെ ദുരിതങ്ങൾ
പട്ടംകോളനി പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചു. 1958 മേയ് 14നും മേയ് 24നും ജൂലൈ 27നും ഇടക്കുള്ള ഏതാനും തീയതികളിൽ പട്ടം കോളനിക്കാരിൽ ചിലർക്ക് ലോൺ വിതരണം ചെയ്തു. ഇതിൽ ആദ്യത്തെ വിതരണം ദേവികുളം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസമായിരുന്നു. അത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് വിമർശനം ഉയർന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ലോൺ വിതരണത്തെ വിമർശിച്ചു. ഹൈറേഞ്ച് കോളനിക്കാർക്ക് ലോൺ വിതരണം നടത്തിയതിൽ ചില ക്രമക്കേടുകൾ ഒാഡിറ്റിൽ ചൂണ്ടിക്കാണിക്കുകയും ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി സ്പീക്കറും പറഞ്ഞു.(11)
1958ൽ പട്ടം കോളനിയിൽ പത്തിലേറെ പേർ കോളറ ബാധമൂലം മരിച്ചു. അതെപ്പറ്റി നിയമസഭയിൽ 1958 മാർച്ച് 31ന് പി. ഭാസ്കരൻ നായർ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തിൽ പട്ടംകോളനിയുടെ ദുരിതങ്ങൾ വ്യക്തമാണ്: ‘‘ഉടുമ്പൻചോല താലൂക്കിൽ കല്ലാർ കോളനിയിൽ പൊടുന്നനവെ കോളറാരോഗം പടർന്നുകൊണ്ടിരിക്കുകയാണ്. കല്ലാർ കോളനിയിൽ 1200ൽപരം കർഷക കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എങ്കിലും ഈ മാതിരിയുള്ള സാംക്രമികരോഗങ്ങൾ ഉണ്ടായാൽ പ്രതിവിധിക്കുവേണ്ടിയുള്ള ചികിത്സാ സൗകര്യങ്ങൾ അവിടെ വളരെ കുറവാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അവിടെയുള്ളത് ആകക്കൂടി ഒരു ഗവണ്മെന്റ് ഡിസ്പെൻസറിയാണ്. മാത്രമല്ല, സ്ഥിരമായി അവിടെ താമസിക്കുന്ന ഡാക്ടറും ഇല്ല. വേണ്ടത്ര പഴക്കവും തഴക്കവുമില്ലാത്ത ഒരു കമ്പൗണ്ടർ മാത്രമാണ് അവിടെയുള്ളത്.
ഏതു രോഗികൾ വന്നാലും ആ കമ്പൗണ്ടറാണ് ചികിത്സ നിശ്ചയിക്കുന്നതും, മരുന്നു കൊടുക്കുന്നതും, ആ പ്രദേശങ്ങളിൽ പരീക്ഷാ യോഗ്യതയുള്ള ഡാക്ടർമാർപോലും താമസമില്ല. ഒരു മാസത്തിൽ ഒരു പ്രാവശ്യമോ, അല്ലെങ്കിൽ രണ്ടുപ്രാവശ്യമോ ആണ് ഒരു ഗവണ്മെൻറ് ഡാക്ടർ മൂന്നാറിൽനിന്നും അവിടെ വരുകയും, രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത്. അതു കൊണ്ടുതന്നെ നമുക്കു മനസ്സിലാക്കാം, വൈദ്യസഹായത്തിലും മറ്റും രോഗികൾക്കു എത്രത്തോളം ആശ്വാസം ആ പ്രദേശങ്ങളിൽ ലഭിക്കുന്നു എന്ന്.
അതുമാത്രമല്ല, വേണ്ടിടത്തോളം ഗതാഗതസൗകര്യമില്ലാത്ത ആ കോളനിയിലെ ഉൾപ്രദേശങ്ങളിൽ എവിടെയെങ്കിലും ഇപ്രകാരമുള്ള സാംക്രമികരോഗങ്ങളൊ അല്ലെങ്കിൽ മാരക വിധത്തിലുള്ള രോഗങ്ങളൊ പിടിപെട്ട രോഗികളെ ഡിസ്പെൻസറിയിലേക്ക് കൊണ്ടുവരുന്നതിനൊ, അല്ലങ്കിൽ ഡാക്ടർ അങ്ങോട്ടു ചെന്നു ചികിത്സിക്കുന്നതിനൊ എളുപ്പത്തിൽ സാധ്യമല്ലാത്തതുകൊണ്ട് മിക്കവാറും അകാലമരണങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കോളനിയുടെ ഏറ്റവും അടുത്തുള്ള കമ്പോളം കമ്പം എന്ന സ്ഥലത്താണ്. അവിടെ കോളറ വളരെ ശക്തിയായി സംക്രമിച്ചിരിക്കുകയാണു.
കല്ലാർ കോളനിക്കാർ അവരുടെ കാർഷിക വിഭവങ്ങൾ വിറ്റഴിക്കുന്നതും, അവർ ആവശ്യമുള്ള മറ്റുസാധനങ്ങൾ വാങ്ങിക്കുന്നതും കമ്പത്തുനിന്നുമാണ്. ആ സ്ഥിതിക്ക് രോഗനിവാരണം എത്രയും വേഗം സാധിക്കേണ്ടത് വളരെ ആവശ്യമായ ഒന്നാണ്. വേണ്ടിവന്നാൽ തമിഴ്നാട്ടിലുള്ള കമ്പവുമായുള്ള സമ്പർക്കം നിരോധിക്കണമൊ എന്നും പരിശോധിക്കണം. അതല്ലെങ്കിൽ രോഗം ഇനിയും വളരെ സ്ഥലങ്ങളിലേക്കു പടർന്നുപിടിക്കാൻ ഇടവന്നേയ്ക്കുമെന്നാണ് ആശങ്കിക്കേണ്ടത്. അതുകൊണ്ട് എത്രയുംവേഗം ഇതിലേക്ക് ഗവണ്മെന്റിൽനിന്നും നടപടികൾ കൈക്കൊള്ളണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്.
മാത്രമല്ല, കല്ലാറ്റിലുള്ള കുടിപാർപ്പുകാർക്കും മേലാൽ ഇത്തരം രോഗങ്ങൾ പടർന്നുപിടിക്കുകയാണെങ്കിൽ ആവശ്യമുള്ളത്ര ചികിത്സാസൗകര്യങ്ങൾ ലഭിക്കുന്നതിനു വേണ്ടിയുള്ള മുൻകരുതലുകൾ ചെയ്യേണ്ടതുമാണ്. അതുകൊണ്ട് ഒരു സ്ഥിരം ഡാക്ടറെ അവിടെ നിയമിക്കുകയും, കൂടുതൽ ഔഷധങ്ങൾ സപ്ലൈ ചെയ്യുകയും ചെയ്യേണ്ടത് വളരെ ആവശ്യമായിട്ടുള്ളതാണ്. ഇതിനകം ഈ രോഗംമൂലം 10 ആളുകൾ കല്ലാർ കോളനിയിൽ മരണമടഞ്ഞിരിക്കുകയാണ്. നിരവധി ആളുകൾ ഇനിയും ആസന്നമരണരായിരിക്കുന്നു എന്നാണു ഞാൻ അറിയുന്നത്’’(12).
സമരത്തിനിറങ്ങുന്നു
ജീവിക്കാൻ നിവൃത്തിയില്ലാതെ പട്ടം കോളനിക്കാർ പലവട്ടം സമരത്തിനിറങ്ങി. 1961 ജനുവരി 30 മുതൽ രണ്ടു മാസത്തിലേറെ കാലം അവർ കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. കൃഷിചെയ്യാൻ കഴിയാത്ത സ്ഥലമാണ് ലഭിച്ചത് എന്നും കൃഷി നശിക്കുന്നതിനാൽ പട്ടിണിമൂലം മരിക്കുമെന്നുമായിരുന്നു ചില കോളനിവാസികൾ സമരരംഗത്തിറങ്ങാൻ പറഞ്ഞ കാരണം. കപ്പയോ വാഴയോ എന്തു കൃഷിചെയ്താലും പകുതി വളരുമ്പോൾ നശിക്കുന്നുവെന്നും അതിനാൽ ബ്ലോക്കു മാറ്റി കിട്ടണമെന്നും 1959 സെപ്റ്റംബർ 19ന് 288 പേർ സർക്കാറിന് നിവേദനം നൽകി.
1959 ഒക്ടോബർ 22ന് ഗവർണർക്കും നിവേദനം സമർപ്പിച്ചു. വിഷയം പരിശോധിക്കാനായി മൂന്ന് ഔദ്യോഗിക പ്രതിനിധികളും മൂന്നും അനൗദ്യോഗിക പ്രതിനിധികളും ഉൾപ്പെട്ട ഒരു സബ് കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി 1959 ഒക്ടോബർ 26ന് 288 പേർക്കും ബ്ലോക്ക് മാറ്റിക്കൊടുക്കണമെന്നു ശുപാർശചെയ്ത് റിപ്പോർട്ടു സമർപ്പിച്ചു. അതിന്മേൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഒരു പരിശോധന നടത്തി. 1960 ഫെബ്രുവരി 22ന് ആർ.ഡി.ഒ അനുകൂലമായി റിപ്പോർട്ട് നൽകി.
ആ വർഷം മേയ് 16ന് േകാളനൈസേഷൻ മന്ത്രി പട്ടം കോളനി സന്ദർശിച്ചു. രണ്ടാഴ്ചക്കുള്ളിൽ ബ്ലോക്കുകൾ മാറ്റാനായി ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. എന്നാൽ, പകരം സ്ഥലം നൽകുന്ന കാര്യത്തിൽ വനം വകുപ്പ് ഇടഞ്ഞു. നീണ്ട സമരത്തിന്റെയും സത്യഗ്രഹത്തിന്റെയും ഒടുവിൽ പകരം ഭൂമി നൽകി 288 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.(13)
പട്ടം കോളനിക്ക് സംസ്ഥാനത്തെ മറ്റ് പല കോളനികളുടെയും അതേ ഭൗതിക സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. പട്ടയം ലഭിക്കുന്നതിലടക്കം നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടിവന്നു. ദുരിതങ്ങൾ പലവിധത്തിൽ പിടികൂടി. എങ്കിലും പട്ടംകോളനിക്ക് ഒരിക്കലും ജാതികോളനികൾ നേരിട്ട അവജ്ഞയും അവമതിയും നേരിടേണ്ടിവന്നില്ല. അതിന് മുഖ്യ കാരണം ഇൗ കോളനിയിൽ ദലിത് വിഭാഗങ്ങളല്ല കൂടുതലുണ്ടായിരുന്നത് എന്നുതന്നെയാണ്.
ദലിതർ ഉണ്ടായിരുന്നെങ്കിലും സവർണരും ഇടത്തരം ജാതി വിഭാഗങ്ങളുമാണ് കൂടുതൽ പട്ടം കോളനിയിൽ താമസമുറപ്പിച്ചത്. ദാരിദ്ര്യവും സൗകര്യങ്ങളുടെ അഭാവവും കോളനിക്ക് പ്രതികൂലമായെങ്കിലും ജാതിവെറികൾ നേരിടേണ്ടിവന്നില്ല. അതായത് കോളനികളെ സംബന്ധിച്ച് ജാതി തന്നെയാണ് പ്രധാനമെന്ന് ചുരുക്കം. മാത്രമല്ല, ഇൗ കോളനി രൂപവത്കരിക്കപ്പെട്ടത് ഭരണകൂടം തന്നെ കൃത്യമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ ക്ഷണിച്ചുകൊണ്ടുവന്നവരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

