മൂപ്പൻസ് കഥകൾ
text_fieldsലോക ഗോത്ര ജനതയുടെ അന്താരാഷ്ട്ര ദിനമായിരുന്നു ആഗസ്റ്റ് 9. അട്ടപ്പാടിയുടെ ആത്മാവ് കുടികൊള്ളുന്നത് ഊരുകളിലാണ്. ചരിത്ര, നരവംശ സാംസ്കാരികപരമായി വളരെയേറെ വൈവിധ്യങ്ങൾ നിറഞ്ഞ സമൂഹമാണ് ഇവിടെയുള്ളത്. അട്ടപ്പാടിയിലെ മൂപ്പന്മാരുടെ കഥ പറയുകയാണ് സ്വതന്ത്ര സാമൂഹിക ഗവേഷകനായ ലേഖകൻ
അട്ടപ്പാടിയുടെ ആത്മാവ് കുടികൊള്ളുന്നത് ഉന്നതികളിലാണ്. ചരിത്ര, നരവംശ സാംസ്കാരികപരമായി വളരെയേറെ വൈവിധ്യങ്ങൾ നിറഞ്ഞ സമൂഹങ്ങളാണ് 192 ഉന്നതികളിലായി ജീവിക്കുന്ന ഇരുളർ, മുഡുകർ, കുറുംബർ. പരമ്പരാഗതമായി കൈമാറിപ്പോന്ന മില്ലെറ്റ് കൃഷി, ആടുമാട് മേയ്ക്കൽ കൂടാതെ തൊഴിലുറപ്പ്, കൂലിപ്പണി, സർക്കാർ ജോലി തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രധാന വരുമാനമാർഗം.
ഊരുകൂട്ടം എന്നൊരു സവിശേഷ സംവിധാനമുണ്ട് ഇവിടങ്ങളിൽ. ഇതിന്റെ ‘നാഥൻ’ മൂപ്പനാണ്. കുറുതലൈ, വണ്ടാരി, മണ്ണൂക്കാരൻ, ജാത്തിക്കാരൻ തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലെ മറ്റ് പ്രധാന ചുമതലക്കാർ. മൂപ്പിൽ നായർ കുടുംബം അവരുടെ ആവശ്യാനുസരണം മൂപ്പന്മാരെ നിയമിച്ചിരുന്നു. ഒരു മൂപ്പനെ വാഴിക്കുന്ന സമയത്ത് സ്ഥാനാരോഹണ ചടങ്ങ് ഊരിൽ നടത്തും. ഈ ചടങ്ങിൽ ചെമ്പ് കൊണ്ടുണ്ടാക്കിയ വള മൂപ്പന് സമ്മാനിക്കും. ഇതിനെ മൂപ്പൻ വള എന്നാണ് പറയുക. ചില ഊരുകളിലിപ്പോഴും മൂപ്പൻ വള സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഊരിന് ഒരു മൂപ്പനും മൂപ്പത്തിയുമുണ്ടാകും. സവിശേഷ സാഹചര്യങ്ങളിൽ ഒരു മൂപ്പന് ഒന്നിൽ കൂടുതൽ ഊരുകളുടെ ചുമതലയുണ്ടാകും.
മുദ്ദ മൂപ്പൻ, ആനവായ് മൂപ്പൻ, ഒമ്മല കിട്ട മൂപ്പൻ, ഒമ്മല കുഞ്ചൂർ കുപ്പൻ മൂപ്പൻ, ഭോജ മൂപ്പൻ, ചെലകൻ മൂപ്പൻ, അണക്കടവ് മാരി മൂപ്പൻ, ചെലപടൻ മൂപ്പൻ, ചെലകൻ മൂപ്പൻ, ചണ്ണ മൂപ്പൻ, തൊടുക്കി ചൊറുകൻ മൂപ്പൻ, ചൊറിയ മൂപ്പൻ, കുട്ടിയണ്ണൻ മൂപ്പൻ, കാരറ വട്ടി മൂപ്പൻ, തോതി മൂപ്പൻ, ഭിണ്ണ മൂപ്പൻ, കടല മൂപ്പൻ, പൃക്കൻ മൂപ്പൻ (ദോണിഗുണ്ട്), ഭോദ്ധ മൂപ്പൻ, ചൊറിയ മൂപ്പൻ, നെഞ്ച മൂപ്പൻ, മണപ്പ മൂപ്പൻ, പഴനി മൂപ്പൻ, വേല മൂപ്പൻ, വേട്ട മൂപ്പൻ, കടുക്ക മൂപ്പൻ, വെത്ത മൂപ്പൻ, കൊക്കി മൂപ്പൻ, കാളി മൂപ്പൻ, വെല്ലിരി മൂപ്പൻ, നെരിയ മൂപ്പൻ, ദാസ മൂപ്പൻ, നാഗൻ മൂപ്പൻ, കൊറട്ട മൂപ്പൻ, കാട മൂപ്പൻ, പണലി മൂപ്പൻ, അങ്ക മൂപ്പൻ, കൊദുക്ക മൂപ്പൻ, ചാത്ത മൂപ്പൻ, രങ്ക മൂപ്പൻ, കക്കി മൂപ്പൻ തുടങ്ങിയ നൂറുകണക്കിന് മൂപ്പന്മാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും വംശീയവൈദ്യം, മന്ത്രവാദം, പാരമ്പര്യ കൃഷി, തനത് വിജ്ഞാനം, ഗോത്ര സംഗീതം, ഗോത്രകലകൾ തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരായിരുന്നു.
തൊടുക്കി ഭോജൻ മൂപ്പൻ
അട്ടപ്പാടിയിലെ പേരുകേട്ട മൂപ്പന്മാരിൽ ഒരാളായിരുന്ന തൊടുക്കി ഊരിലെ ഭോജൻ മൂപ്പൻ കുറുംബ വിഭാഗത്തിൽപെട്ടയാളായിരുന്നു. നല്ല തടിയും വിരിഞ്ഞ മാറും അരോഗദൃഢഗാത്രനുമായ മൂപ്പൻ തൊടുക്കിയിൽനിന്ന് മുക്കാലിവരെ നടക്കും.
മൂപ്പനോടൊപ്പം സഹായത്തിനായി നാലോ അഞ്ചോ പേരുണ്ടാകും. കൈയിലെപ്പോഴും വെള്ളി കൊണ്ടുണ്ടാക്കിയ പിടിയുള്ള വടിയുണ്ടാകും. ഒരിക്കൽ തമിഴ്നാട്ടിലെയോ കേരളത്തിലെയോ പൗരപ്രമുഖൻ മുക്കാലി സന്ദർശിക്കാനെത്തിയ അവസരത്തിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗം ആദിവാസി ഭാഷയിലേക്ക് മൂപ്പൻ തർജമ ചെയ്തുവത്രെ! വംശീയവൈദ്യം, മന്ത്രം, മന്ത്രവാദം തുടങ്ങിയവ നല്ലതുപോലെ അറിയാമായിരുന്നു. വംശീയ വൈദ്യത്തെക്കുറിച്ച് നാട് മുഴുവനും സംസാരിക്കുകയും ചികിത്സയും നടത്തുമായിരുന്നു. 1930 തൊട്ട് 1950 വരെയായിരുന്നു ഭോജൻ മൂപ്പൻ സജീവമായിരുന്ന കാലം.
മൂപ്പന്മാരുടെ മൂപ്പൻ: മുദ്ദ മൂപ്പൻ
അത്ഭുതങ്ങളുടെ മൂപ്പനായിരുന്നു മുദ്ദ മൂപ്പൻ. ആനവായി ഊര് മൂപ്പൻ കക്കിയുടെ മകനായി 1893നും 98 നുമിടയിലായിരിക്കണം മൂപ്പൻ ജനിച്ചത്. ആറടി പൊക്കം, മെലിഞ്ഞ ശരീരം, സൗമ്യ സ്വഭാവം, അരോഗദൃഢഗാത്രൻ, നിർഭയൻ, ഓർമശക്തി, ബുദ്ധിശക്തി, നല്ല പെരുമാറ്റം തുടങ്ങിയവ മൂപ്പന്റെ സവിശേഷതകളാണ്. 7 മുതൽ 23 വിവാഹങ്ങൾവരെ ചെയ്തുവെന്നും നൂറിലധികം കുട്ടികളുണ്ടെന്നും മൂപ്പൻ അവകാശപ്പെട്ടിരുന്നു. യഥാർഥത്തിൽ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മൂപ്പനെന്നും അഭിപ്രായമുള്ളവരുമുണ്ട്. മുരുഗള ഊരിനടുത്തുള്ള പാലപ്പട, ആനവായി തുടങ്ങിയ നിരവധി ഊരുകളിൽ മൂപ്പൻ മാറിമാറി താമസിക്കുമായിരുന്നു. ആനവായി ഊരിൽ ആദ്യമായി പട്ടയം ലഭിച്ചത് മൂപ്പനായിരുന്നു. പാലപ്പട ഊരിൽ മുദ്ദ മൂപ്പന് ഏക്കർ കണക്കിന് ഭൂമിയുണ്ട്.
സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നു ആനവായി മുദ്ദ മൂപ്പൻ. ഗൂഗ്ളിൽ ‘മുദ്ദ മൂപ്പൻ’ എന്ന് ടൈപ്പ് ചെയ്താൽ മൂപ്പന്റെ വിക്കിപീഡിയ പ്രൊഫൈൽ കാണാം. കുറുംബരുടെ രാജാവ്, കുറുംബ വിഭാഗത്തിൽപെട്ടവരുടെ കൺകണ്ട ദൈവം, പാലക്കാടിന്റെ ആദ്യത്തെ കലക്ടറായിരുന്ന ടി. മാധവമേനോൻ, അട്ടപ്പാടിയിലെ ആദ്യത്തെ ഗ്രാമസേവകൻ പരിയകുട്ടി തുടങ്ങിയ ഉദ്യോഗസ്ഥരുടെ ആദരവ് നേടിയ മൂപ്പൻ, ഡോ പി.ആർ.ജി. മാത്തൂരിനെപോലുള്ള നരവംശശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മൂപ്പൻ, മൂന്ന് ഡോക്യുമെന്ററികളിൽ പ്രതിപാദിക്കപ്പെട്ട മൂപ്പൻ, ന്യൂഡൽഹിയിൽ പോയി റിപ്പബ്ലിക് ദിന പരേഡ് കാണുകയും ഇന്ത്യൻ പ്രസിഡന്റിനെ സന്ദർശിക്കുകയും ചെയ്ത മൂപ്പൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയിൽനിന്ന് കറുത്ത കോട്ട് സമ്മാനമായി ലഭിച്ച മൂപ്പൻ, വംശീയവൈദ്യത്തിന്റെയും പാരമ്പര്യ ആചാരങ്ങളുടെയും മന്ത്രവാദത്തിന്റെയുമൊക്കെ അവസാന വാക്കാണ് മുദ്ദ മൂപ്പൻ തുടങ്ങിയ ഒരുപിടി വിശേഷണങ്ങൾ അതിൽ കാണാം.
കേരളത്തിനകത്തും പുറത്തും ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു അദ്ദേഹം. ഈ യാത്രകൾക്കിടയിൽ വംശീയവൈദ്യവും മന്ത്രവാദവും മാജിക്കും വരെ കാണിക്കുമായിരുന്നു. അർബുദം ഉൾപ്പെടെ രോഗങ്ങൾക്ക് മൂപ്പൻ ചികിത്സ നൽകുമായിരുന്നു. വെള്ളപ്പൊടിയായിരുന്നു അർബുദത്തിന് കൊടുത്തിരുന്ന മരുന്ന്. അർബുദ രോഗചികിത്സയിലൂടെ അട്ടപ്പാടിയിലും പുറത്തും പ്രശസ്തയായ വംശീയവൈദ്യ വള്ളിയമ്മാളിന്റെ ഗുരുവായിരുന്നു മൂപ്പൻ. വംശീയവൈദ്യത്തിൽ പേരുകേട്ട സ്ത്രീ രത്നമാണ് ഒമ്മല കുഞ്ചൂർ രെങ്കി വൈദ്യ. ഇവരുടെയും ഗുരു മുദ്ദ മൂപ്പനായിരുന്നു.
മൂപ്പനെ കാണാനായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ മൂപ്പൻ അത് മുൻകൂട്ടി പറയുമായിരുന്നത്രെ. കൂടാതെ ആകാശത്ത് നോക്കി കൃത്യമായി സമയം പറയുമായിരുന്നു. 2013ൽ കാര്യമായ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളില്ലാതെ നൂറ്റിയിരുപതാമത്തെ വയസ്സിൽ മുദ്ദ മൂപ്പൻ അന്തരിച്ചു എന്നാണ് വിവരം.
ഒമ്മല കുഞ്ചൂർ കുപ്പൻ മൂപ്പൻ
ആനവായ് മുദ്ദ മൂപ്പന്റെ മകളുടെ മകനാണ് ഒമ്മല കുഞ്ചൂർ കുപ്പൻ മൂപ്പൻ. മുഡുക വിഭാഗത്തിൽപെട്ടവരാണ്. ഒമ്മല കുഞ്ചൂർ കുപ്പൻ അക്കാലത്തെ ഒരു പേരുകേട്ട മൂപ്പനായിരുന്നു. വംശീയവൈദ്യം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളിൽ മിടുക്കനാണ്. അക്കാലത്ത് ഊരുകളിൽനിന്ന് വേട്ടക്ക് പോകുന്നവർ കുപ്പൻ മൂപ്പന്റെ അനുഗ്രഹം വാങ്ങും. മൂപ്പന്റെ അനുഗ്രഹം വാങ്ങി വേട്ടക്ക് പോയാൽ മുയൽ, കാട്ടുകോഴി, മാൻ തുടങ്ങിയവ യഥേഷ്ടം കിട്ടുമെന്നായിരുന്നു വിശ്വാസം. ഒമ്മല കുഞ്ചൂർ കുപ്പൻ മൂപ്പന്റെ മകളാണ് രെങ്കി വൈദ്യ. വംശീയവൈദ്യത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ഇവർക്ക് സുപ്രധാന പങ്കുണ്ട്. ആനവായി മൂപ്പനാണ് രെങ്കി വൈദ്യയുടെ ഗുരു.
കാരറ വട്ടി മൂപ്പൻ
അട്ടപ്പാടിയിലെ പ്രബലമായ ഗോത്രവിഭാഗമാണ് മുഡുഗർ. ഇവർക്ക് ശക്തിയിസവും ശൈവയിസവുമായി അടുത്ത ബന്ധമുണ്ട്. മല്ലീശ്വരമുടിയിൽ ദീപം തെളിയിക്കാനുള്ള അവകാശം മുഡുഗർക്കാണ്. മുഡുഗർ ശൈവ വിശ്വാസികളായത് കൊണ്ട് ജാതി വിവേചനമില്ലായിരുന്നു.
അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വിവിധ കാലങ്ങളിൽ മുഡുഗർ ബലാൽക്കാരമായി കുടിയിറക്കപ്പെട്ടിട്ടുണ്ട്. കോട്ടത്തറ, ജെല്ലിപ്പാറ, താവളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മുഡുഗർ ഊരുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി വാമൊഴികളുണ്ട്. അസ്ഥിത്തറകളും മുഡുഗത്തറകളും പലയിടത്തും മുഡുഗരുടെ പലായനത്തെ സാധൂകരിക്കുന്നു. കാരയൂരിൽ ഒരുകാലത്ത് മുഡുഗന്മാർ താമസിച്ചിരുന്നു. അക്കാലത്ത് കോട്ടത്തറ നായ്ക്കർപ്പാടിയിലെ വനഭദ്രകാളി ക്ഷേത്രത്തിന്റെ കാര്യങ്ങളിൽ കാരയൂരിലെ മുഡുഗർക്കും സ്ഥാനമുണ്ടായിരുന്നു. പിന്നീട് കാരയൂരിലെ മുഡുഗന്മാർ കാരറയിലേക്ക് പലായനം ചെയ്തു. പക്ഷേ, തുടർന്നും കാരറ വട്ടി മൂപ്പന് പ്രത്യേക ആദരവും ബഹുമാനവും വനഭദ്രകാളി ക്ഷേത്ര നടത്തിപ്പുകാർ നൽകിയിരുന്നു. ഇത്തരത്തിൽ പ്രത്യേക പരിഗണന ലഭിച്ച അവസാനത്തെ മൂപ്പനായിരുന്നു.
ചരിത്രപുരുഷൻ: ചൊറിയ മൂപ്പൻ
വട്ടലക്കി ഊരിലെ പ്രഗല്ഭനായിരുന്നു ചൊറിയ മൂപ്പൻ ഒന്നാമൻ. അദ്ദേഹത്തിന്റെ ജീവിത കാലയളവ് 1865നും 1940 നുമിടയിലായിരുന്നു. തമിഴ് വിദ്യാഭ്യാസം നേടിയ ഇരുള വിഭാഗത്തിൽപെട്ട ആദ്യത്തെ മൂപ്പനായിരുന്നു. 1920കളിൽ പ്രസിദ്ധീകരിച്ച തമിഴ് രാമായണം വായിച്ചിരുന്നു. അക്കാലത്ത് ശരാശരി മലയാളി കുടുംബങ്ങളിൽപോലും രാമായണം വായിക്കുന്നവർ വളരെ കുറവായിരുന്നു.
കോഴിക്കോട് സാമൂതിരിയുടെ കാലത്ത് ചൊറിയ മൂപ്പന് സമ്മാനങ്ങൾ നൽകിയതിനുശേഷം കൊട്ടാരത്തിൽനിന്ന് അട്ടപ്പാടിവരെ ആനപ്പുറത്ത് കയറ്റി ആഘോഷപൂർവം പറഞ്ഞയച്ചുവെന്ന് പറയപ്പെടുന്നു. 1931ൽ സ്വന്തമായി സ്കൂൾ തുടങ്ങാൻ അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ അനുവാദം വാങ്ങിയെടുത്ത ആളായിരുന്നു ചൊറിയ മൂപ്പൻ ഒന്നാമൻ. അതിന്റെ രേഖ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ അവകാശപ്പെടുന്നു.
വാദ്യോപകരണങ്ങൾ
വാദ്യോപകരണങ്ങൾചൊറിയ മൂപ്പനൊരു ചരിത്ര പുരുഷൻ മാത്രമല്ല നൂറുകണക്കിന് ഏക്കർ ഭൂമിയുടെ അവകാശിയും കൂടിയായിരുന്നു. ഒന്നാന്തരമൊരു ‘ജന്മി’യെന്ന് വിളിക്കാവുന്നത്ര ഭൂമി കൈവശമുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയിൽപെട്ടവർ പറയുന്നത് പ്രകാരം 2-3 സ്ക്വയർ കിലോമീറ്റർ പ്രദേശം ചൊറിയ മൂപ്പൻ ഒന്നാമന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. ചൊറിയ മൂപ്പനും കുടുംബവും വലിയൊരു തുക കരം കൊടുത്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന നികുതിയടച്ച രസീതുകൾ ഇപ്പോഴും പിൻതലമുറ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഇരുള വനിത തനത് വേഷത്തിൽ
ബ്രിട്ടീഷ് ഫോറസ്റ്റ് ബംഗ്ലാവും ചണ്ണ മൂപ്പനും
വെളുത്ത കുറ്റിത്താടിയും ഉച്ചിയിൽ മാത്രം മുടി വെട്ടിനിർത്തിയും ഒത്ത ഉയരവും വണ്ണവും അരോഗദൃഢഗാത്രനും ഒത്ത തന്റേടവും അഭിമാനിയുമായ ഇരുള വിഭാഗത്തിൽപെട്ട ആദിവാസിയായിരുന്നു ചണ്ണ മൂപ്പൻ. മാമണ ഊരിലായിരുന്നു താമസം.
ബ്രിട്ടീഷ് ഭരണകാലത്ത് അട്ടപ്പാടി താഴ്വരയിൽ നിരവധി ഇൻസ്പെക്ഷൻ ബംഗ്ലാവുകൾ, റെസ്റ്റ് ഹൗസുകൾ, ഫോറസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചിരുന്നു. അതിലൊരു ഫോറസ്റ്റ് ബംഗ്ലാവ് നിന്നിരുന്നത് അഗളിയിലായിരുന്നു. ഈ ബംഗ്ലാവ് പണിത തൊഴിലാളികളിൽ ഒരാളായിരുന്നു ചണ്ണ. അന്നത്തെ ദിവസക്കൂലി വെറും നാലണ മാത്രമായിരുന്നു. വളരെ അപ്രതീക്ഷിതമായ ദുരന്തത്തിൽപെട്ടായിരുന്നു ചണ്ണ മൂപ്പൻ മരിച്ചത്. 1961ലെ അതിഭീകരമായ ഉരുൾപൊട്ടലിൽ മാമണ ഊരിലെ ചണ്ണയുടെ കാട്ടുചാള (പുല്ല് മേഞ്ഞ വീട്) ഒലിച്ചുപോയി. ചണ്ണയോടൊപ്പം വേറെ ആറുപേർ കൂടി ആ ദുരന്തത്തിൽ മരണപ്പെട്ടു.
കോൽക്കാരൻ രങ്ക മൂപ്പൻ
അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന് നികുതി പിരിവ് (ഉൽപ) ഊർജിതമാക്കുന്നതിന് വേണ്ടി അധികാരിയെ നിയമിച്ചു. ബാസവയ്യ ചെട്ടിയാരായിരുന്നു അട്ടപ്പാടിയിലെ അവസാനത്തെ അധികാരി. മൂപ്പിൽ നായർ കുടുംബമായിരുന്നു അട്ടപ്പാടിയുടെ ജന്മി. അവരുടെ കരംപിരിവ് ശക്തമാക്കുന്നതിന്റെ ഭാഗമായി കാര്യസ്ഥന്മാരെ നിയമിച്ചു. പിന്നീട് കാര്യസ്ഥന്മാരെ സഹായിക്കുന്നതിനുവേണ്ടി കോൽക്കാരെ നിയമിച്ചു. കോൽക്കാരുടെ സ്വഭാവം ഏതാണ്ട് ഗുണ്ടകളെ പോലെയായിരുന്നു.
ആദിവാസികളെ തല്ലാനും കൊല്ലാനും സ്ത്രീകളെ ഉപദ്രവിക്കാനും യാതൊരുവിധ മടിയുമില്ലാത്തവർ. ആദിവാസി കുടുംബങ്ങളിലുണ്ടാകുന്ന വാഴക്കുല, തേൻ എന്നിവ ജന്മിക്ക് അവകാശപ്പെട്ടതാണ്. തുവരെ, അമര, കടുക്, റാഗി, ചാമ തുടങ്ങിയവയുടെ വിളവെടുപ്പ് സമയമായാൽ കാര്യസ്ഥനും കോൽക്കാരും ഊരിൽ വന്ന് കരംപിരിവ് നടത്തും. ഓരോ സീസണിലും 30 ലിറ്റർ തുവര കരമായി കൊടുക്കണം. ഓരോ ആദിവാസി കുടുംബങ്ങളിൽനിന്നും കിട്ടുന്നതുൾപ്പെടെ നൂറുകണക്കിന് കിലോ കാർഷിക വിളകൾ ഊരിൽനിന്ന് കരമായി പിരിച്ചെടുക്കും. ഇതൊക്കെ ആദിവാസികൾ ചുമന്നുകൊണ്ട് മണ്ണാർക്കാട് വരെ നടന്നുപോകണം. അവിടെയാണ് മൂപ്പിൽ നായരുടെ തറവാട്.
ആദിവാസിയായ കോൽക്കാരനായിരുന്നു രങ്ക മൂപ്പൻ. കൊല്ലംകടവ് ഇരുള വിഭാഗത്തിൽപെട്ട ഊരിലായിരുന്നു രങ്ക മൂപ്പന്റെ ജനനം. വിരിഞ്ഞ മുഖം, നീണ്ട കൈകാലുകൾ, നല്ല പൊക്കം, അരോഗദൃഢഗാത്രൻ, ഷർട്ട് ഇടില്ല, മുട്ടോളം വരുന്ന മുണ്ട് ഉടുക്കുന്നതാണ് ശീലം, തോളത്ത് മുണ്ട്, കൈയിലൊരു വടി, തോളിലൊരു തുണി സഞ്ചി (തോൾപായി). ഇതിൽ വെറ്റില, പൊകയില, ചുണ്ണാമ്പ്, ചെറിയ കത്തി, കുറച്ചു പച്ച മരുന്നുകൾ തുടങ്ങിയവ കൊണ്ടുനടക്കും. മൂന്ന് നാല് സഹായികൾ കൂടെ എപ്പോഴുമുണ്ടാകും, ഒരു കുല വാഴപ്പഴം ഒറ്റക്ക് തിന്നും, ഭക്ഷണം പാകം ചെയ്യുമ്പോൾ കൊട്ടണ്ണയല്ല നെയ്യാണ് ഉപയോഗിച്ചിരുന്നത്. ഓരോ സമയം മൂപ്പൻ സ്ഥാനവും കോൽക്കാരൻ സ്ഥാനവും വഹിച്ച ആദിവാസിയായിരുന്നു രങ്ക മൂപ്പൻ. അദ്ദേഹത്തെ ആദിവാസികൾ ഭയഭക്തി ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നത്.
108 ഊരുകൾക്ക് തലവൻ: ദണ്ണ മൂപ്പൻ
വട്ടലക്കി, മട്ടത്തുക്കാട്, പുളിയപ്പതി എന്നീ ഊരുകളിൽ മൂപ്പനായിരുന്നു. 1956ൽ മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം വഹിച്ചിരുന്ന താത്തുണ്ണി നായരുടെ കാര്യസ്ഥനായിരുന്ന ശങ്കരൻ നായർ രേഖാമൂലം അപ്പോയിന്റ്മെന്റ് ഓർഡർ കൊടുത്ത് വട്ടലക്കി ഊരിലെ മൂപ്പനായി ദണ്ണനെ വാഴിക്കുകയായിരുന്നു. 1956 തൊട്ട് 1988 ൽ മൂപ്പൻ മരിക്കുന്നതുവരെ മൂപ്പൻ സ്ഥാനം ദണ്ണ മൂപ്പന്റെ കൈയിൽ ഭദ്രമായിരുന്നു.
അട്ടപ്പാടിയിലെ 108 ഊരുകളുടെ തലവനായിരുന്നു. നല്ല പ്രായോഗിക ബുദ്ധിയും അറിവും തന്റേടവുമുള്ള ഒരാളായിരുന്നു മൂപ്പൻ. ഊരിലെ പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകാതെ ഊര് പഞ്ചായത്തിൽവെച്ച് മൂപ്പൻ, കുറുതലൈ, വണ്ടാരി എന്നിവരുടെ നേതൃത്വത്തിൽ ഊര് മക്കളുടെ സമീപ്യത്തിൽ തീർപ്പാക്കിയിരുന്നു.
ദണ്ണ മൂപ്പൻ, അപ്പോയിന്റ്മെന്റ് ഓർഡർ
ഊരിന്റെ സമീപത്തുള്ള തമിഴ് കൗണ്ടന്മാരുടെ പ്രശ്നങ്ങളും ഊരുമൂപ്പൻ തീർപ്പാക്കിയിരുന്നു. ക്രിമിനൽ തെറ്റുകൾ ചെയ്യുന്ന ഊര് മക്കളെ പൊലീസിൽ ഏൽപിക്കുന്നതും മൂപ്പന്റെ അധികാരത്തിൽപെട്ടിരുന്നു.
മല്ലീശ്വരമുടിയിൽ ആചാരങ്ങളെ സംബന്ധിച്ച തർക്കമുണ്ടായപ്പോൾ അതിൽ മൂപ്പൻ ഇടപെടുകയും മലകയറി വിളക്ക് വെക്കാനുള്ള അവകാശം മുഡുക വിഭാഗത്തിനും ക്ഷേത്രത്തിനകത്തെ കാര്യങ്ങൾ ഇരുളർക്കുമായി വീതിച്ചുനൽകി തീർപ്പുണ്ടാക്കി. അട്ടപ്പാടിയുടെ കാര്യത്തിൽ മൂപ്പിൽ നായർ കഴിഞ്ഞാൽ അതാത് മൂപ്പന്മാർക്കായിരുന്നു അധികാരം.
1956ൽ കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം മൂപ്പിൽ നായരുടെ അധികാരം കുറഞ്ഞുവന്നു. ഊരുമൂപ്പന്മാരുടെ അധികാരങ്ങളും കുറഞ്ഞു. പക്ഷേ, അതാത് വകുപ്പ് മേലാധികാരികൾ ഊരുമൂപ്പന്മാരെ വിളിച്ചു യോഗത്തിൽ പങ്കെടുപ്പിക്കും. അന്നത്തെക്കാലത്ത് കേരള മന്ത്രിസഭയിൽനിന്ന് ഏത് മന്ത്രി വന്നാലും ആ പരിപാടിയിലേക്ക് വട്ടലക്കിയിലെ ദണ്ണ മൂപ്പന് ക്ഷണം കിട്ടുമായിരുന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അട്ടപ്പാടിയിൽ വന്നപ്പോൾ മുഖ്യമന്ത്രിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും മുഖ്യമന്ത്രി മടങ്ങിപ്പോകുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തിരുന്നു. അട്ടപ്പാടിയിലെ 108 ഊരുകൾക്ക് തലവനായത് കൊണ്ട് എപ്പോഴും ദണ്ണ മൂപ്പന് പ്രത്യേക സ്ഥാനവും പരിഗണനയും ലഭിച്ചിരുന്നു. 1988 ലാണ് ദണ്ണ മൂപ്പൻ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.