ബ്രാഹ്മണ ഗൃഹങ്ങളിൽ ഇനി ബൊമ്മക്കൊലു ചന്തം
text_fieldsപൊന്നാനി തൃക്കാവിലെ ഈശ്വർ നിവാസിൽ ബൊമ്മക്കൊലു ഒരുക്കുന്നു
പൊന്നാനി: വിശ്വാസവും, നിറപ്പൊലിമകളും ഇഴചേർന്ന വൈവിധ്യമാർന്ന ബൊമ്മക്കൊലു ഒരുക്കി പൊന്നാനി തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങൾ നവരാത്രി ആഘോഷത്തിനൊരുങ്ങി. തിങ്കളാഴ്ച രാവിലെ ക്ഷേത്രങ്ങളിൽ പൂജ ആരംഭിക്കുന്നതോടെ ബൊമ്മക്കൊലുവിനും പൂജനടക്കും. ദിവസവും രാവിലെയും വൈകീട്ടും ബൊമ്മക്കൊലു പൂജയുണ്ടാകും. ഒക്ടോബർ രണ്ട് വരെ ബൊമ്മക്കൊലു ഒരുക്കും. നിവേദ്യവും നൽകും. വിവിധ തട്ടുകളിൽ പട്ട് വിരിച്ച് അവയിലാണ് ബൊമ്മകൾ നിരത്തുക.
മരം മണ്ണ്, പ്ലാസ്റ്റർഓഫ് പാരിസ് തുടങ്ങിയവ കൊണ്ടുള്ള ബൊമ്മകളാണ് ഉപയോഗിക്കുക. 5, 9, 7, 11, 13 എന്നിങ്ങനെ തട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിരിക്കും. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെക്കുറിക്കുന്ന പാവകളൊരുക്കും. മരപ്പാവകൾക്കാണ് പ്രാധാന്യം. ബൊമ്മക്കൊലു കുടുംബസംഗമത്തിനുള്ള വേദി കൂടിയാണ്. ബന്ധുക്കളും അയൽവീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തും.
എല്ലാവരും ചേർന്ന് ആട്ടവും പാട്ടുമായി ആഘോഷിക്കും. വിജയദശമി ദിവസം തൃക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ ഉടൻതന്നെ മരപ്പാവകളെ കിടത്തിവെയ്ക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളം പാടി അവസാനിപ്പിക്കും. അടുത്ത ദിവസം പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. ഓരോ വർഷവും കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തും. വർണ വിസ്മയാണ് ബൊമ്മക്കൊല്ലുവിന്റെ ചന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

