ജീവിത വിജയത്തിനുള്ള 11 രഹസ്യപടികൾ
text_fieldsവിജയകരമായ ജീവിതം നയിക്കണമെന്നത് ഭൂരിഭാഗം മനുഷ്യരുടെയും സ്വപ്നമാണ്. എന്നാൽ, കൃത്യതയില്ലാത്ത ജീവിതരീതികളും തൃപ്തികരമായ തൊഴിലിന്റെ അഭാവവുംമൂലം പലരും അതിൽ പരാജയപ്പെട്ട് പോകാറുണ്ട്. ചിലരെ അത് മാനസികവും ശാരീരികവുമായ രോഗങ്ങളിലേക്കുവരെ എത്തിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽനിന്ന് പുറത്തുവരാനും, ആരോഗ്യകരവും ആസ്വാദ്യകരവുമായ ജീവിതം നേടാനുമുള്ള പതിനൊന്ന് മാർഗങ്ങളാണ് ഇന്ത്യക്കാരനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും കോളമിസ്റ്റുമായ ചേതൻ ഭഗത് തന്റെ ‘11 Rules for Life: Secrets to Level Up’ എന്ന പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.
ഒരു ദിവസം റെജ്മ റൈസ് കൊണ്ടുവന്ന ഡെലിവറി ബോയിയായ വിരാജ് എന്ന യുവാവിനോടുള്ള സംഭാഷണത്തിലൂടെയാണ് ഈ പതിനൊന്ന് കാര്യങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ രഹസ്യവഴികൾ എന്ന രീതിയിലായിട്ടാണ് വിരാജിന് ഈ കാര്യങ്ങൾ പകർന്നുനൽകിയത്.
ലോകത്തിലെ ജീവിത നിലവാരത്തെ അടിസ്ഥാനമാക്കി ആളുകളെ അദ്ദേഹം മൂന്ന് വർഗങ്ങളായി വിഭജിക്കുന്നു. ഇതിലെ ഓരോ വർഗങ്ങൾക്കിടയിലും ശക്തമായ ഗേറ്റുകളുണ്ട്. അതുകൊണ്ടുതന്നെ ഒരു വർഗത്തിൽനിന്നും മറ്റൊരു വർഗത്തിലേക്ക് ആളുകൾക്ക് മാറാൻ കഴിയുക എന്നത് ശ്രമകരമായ കാര്യമാണ്. നമ്മളേത് വർഗത്തിലാണ്?, നമ്മൾ എങ്ങനെ അതിലെത്തി?, എങ്ങനെ ഉയർന്ന വർഗത്തിലെത്താം?, ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും, ഓരോ ഗേറ്റും മറികടക്കാനുള്ള മാർഗങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
മാനസിക, ആരോഗ്യ, തൊഴിൽ മേഖലകളിൽ ഉയരാനുള്ള മാർഗങ്ങൾ, ദൈനംദിന ജീവിതത്തിലെ ദുശ്ശീലങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, വികാരങ്ങളെ നിയന്ത്രിക്കുന്ന വഴികൾ, മത്സരാധിഷ്ഠിതമായ ലോകത്ത് മുന്നേറാനുള്ള തന്ത്രങ്ങൾ എന്നിവയെല്ലാം ലളിതമായി അവതരിപ്പിക്കുന്നു. പല പ്രചോദനാത്മക പ്രസംഗങ്ങളും എഴുത്തുകളും നാം കേൾക്കാറുണ്ട്, വായിക്കാറുണ്ട്. പക്ഷേ, അവ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നത് പലപ്പോഴും പലർക്കും ബുദ്ധിമുട്ടാണ്.
എന്നാൽ, ഈ പുസ്തകത്തിലെ രഹസ്യങ്ങൾ ഏതൊരു സാധാരണക്കാരനും ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും കഴിയുന്ന വിധത്തിലാണ് ഗ്രന്ഥകാരൻ പങ്കുവെച്ചിരിക്കുന്നത്. വെറും ഒരു ഡെലിവറി ബോയിയായ എനിക്കൊന്നും എവിടെയും എത്താൻ സാധിക്കില്ലെന്നും വലുതൊന്നും ആഗ്രഹിക്കാൻ അർഹതയില്ലായെന്നും കരുതിയിരുന്ന വിരാജ്, ആത്മവിശ്വാസം കണ്ടെത്തി പിന്നീട് വലിയ ജീവിത നിലവാരത്തിലെത്തുന്നുണ്ട്. ജീവിതത്തിൽ മുന്നേറാനും വിജയം ആസ്വദിക്കാനുമാഗ്രഹിക്കുന്ന ഇന്ത്യക്കാരായ യുവാക്കളും വിദ്യാർഥികളും വായിക്കേണ്ട അനിവാര്യ ഗ്രന്ഥമാണിത്. ജീവിതത്തിന് പുതിയ ദിശ നൽകാൻ സഹായകമാവും എന്നത് തീർച്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.