Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദേശവിരുദ്ധ ഉള്ളടക്കം’: ജമ്മു കശ്മീരിൽ 21.81 ലക്ഷം പുസ്തകങ്ങൾ പരിശോധിച്ചു; 4,767 പുസ്തകങ്ങൾ ലൈബ്രറികളിൽനിന്ന് നീക്കം ചെയ്തു

text_fields
bookmark_border
‘ദേശവിരുദ്ധ ഉള്ളടക്കം’: ജമ്മു കശ്മീരിൽ  21.81 ലക്ഷം പുസ്തകങ്ങൾ പരിശോധിച്ചു; 4,767 പുസ്തകങ്ങൾ ലൈബ്രറികളിൽനിന്ന് നീക്കം ചെയ്തു
cancel

ശ്രീനഗർ: ‘ആക്ഷേപകരവും ദേശവിരുദ്ധവുമായ ഉള്ളടക്കം’ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിൽ 21.81 ലക്ഷത്തിലേറെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിച്ചതായി സർക്കാർ. പരിശോധനയുടെ ഭാഗമായി ലൈബ്രറികളിൽനിന്നും പൊതുസ്ഥാപനങ്ങളിൽനിന്നുമായി 4,767 പുസ്തകങ്ങൾ നീക്കം ചെയ്തതായും സർക്കാർ അറിയിച്ചു.

സ്വതന്ത്ര എം.എൽ.എ ഷെയ്ഖ് ഖുർഷിദ് അഹമ്മദ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ 21,81,582 പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് പരിശോധിച്ചത്. കൂടുതൽ പുസ്തകങ്ങളുടെ പരിശോധന തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. പരിശോധനക്കായി 1,752 പുസ്തകങ്ങൾ കൂടി ജമ്മു കശ്മീർ കോളജ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. വിദഗ്ധ പരിശോധനക്ക് ശേഷമായിരിക്കും ഇവ സംബന്ധിച്ച് തുടർനടപടി സ്വീകരിക്കുക. പരിശോധന പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, പുസ്തകങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ എം.എൽ.എ രംഗത്തെത്തി. ഇത് അറിവിനും കശ്മീരിന്റെ ചരിത്രത്തിനുമെതിരായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ദേശവിരുദ്ധ’ ഉള്ളടക്കം തടയുന്നതിന്റെ പേരിൽ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പുസ്തകങ്ങളിൽനിന്ന് ‘ആക്ഷേപകരമായ ഉള്ളടക്കം’ കണ്ടെത്തുന്നതിന് വ്യക്തവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാ മൂല്യങ്ങൾ, അക്കാദമിക് സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, ശാസ്ത്രീയ മനോഭാവം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും സർക്കാർ വിശദീകരിച്ചു.

ജമ്മു കശ്മീരിൽ പുസ്തകങ്ങൾക്കെതിരായ പരിശോധനയും നടപടികളും ശക്തമായത് 2025 ഫെബ്രുവരിയിലാണ്. ശ്രീനഗറിലെ പുസ്തകശാലകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 668 പുസ്തകങ്ങൾ പിടിച്ചെടുത്തിരുന്നു. 2025 -ൽ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് 25 പുസ്തകങ്ങൾ കണ്ടുകെട്ടിയതായി പ്രഖ്യാപിക്കുകയും അവയുടെ പ്രസിദ്ധീകരണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കുകയും ചെയ്തു.

വിഘടനവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു സർക്കാരിന്റെ ആരോപണം. എ.ജി. നൂറാനി, അരുന്ധതി റോയ്, ക്രിസ്റ്റഫർ സ്നെഡൻ, സുമാത്ര ബോസ് എന്നിവരുടെ പുസ്തകങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സർക്കാർ സ്കൂളുകളിൽ വിതരണം ചെയ്ത രണ്ട് പുസ്തകങ്ങളെച്ചൊല്ലിയുണ്ടായ വിവാദവും പിന്നീട് പുസ്തക പരിശോധന വ്യാപകമാകാൻ കാരണമായി. ‘Personalities and Legends of Jammu and Kashmir’, ‘Great Personalities of Jammu and Kashmir’ എന്നീ പുസ്തകങ്ങളിലെ ചില പരാമർശങ്ങളിലാണ് ഭരണകൂടം എതിർപ്പ് ഉന്നയിച്ചത്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ വകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.ഇതിന് പിന്നാലെയാണ് കോളജുകളിലെയും സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പൊതുലൈബ്രറികളിലെയും പുസ്തകങ്ങളും സാഹിത്യവും സമഗ്രമായി പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Anti-national content': 2.181 million books inspected in Jammu and Kashmir; 4,767 books removed from libraries
Next Story