Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുസ്തകം വായിച്ചാൽ ഇനി പണവും കിട്ടും​; വായനാശീലം വളർത്താൻ വേറിട്ട പദ്ധതിയുമായി സിംഗപ്പൂർ

text_fields
bookmark_border
പുസ്തകം വായിച്ചാൽ ഇനി പണവും കിട്ടും​; വായനാശീലം വളർത്താൻ വേറിട്ട പദ്ധതിയുമായി സിംഗപ്പൂർ
cancel
camera_alt

പ്രതീകാത്മക ചിത്രം

സിംഗപ്പൂർ: സ്ക്രോൾ ചെയ്തുതീർക്കുന്ന റീലുകൾക്കും ചിതറിപ്പോകുന്ന ചിന്തകൾക്കുമിടയിൽ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാൻ നമ്മളിൽ എത്രപേർ സമയം കണ്ടെത്താറുണ്ട്? ബസ് കാത്തുനിൽക്കുമ്പോഴും, ഓഫീസിലെ ചായവേളകളിലും, ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പും ഫോൺ സ്ക്രീനിലേക്ക് നോക്കുന്നതാണ് ഇന്നത്തെ ഭൂരിഭാഗം പേരുടെയും ശീലം. എന്നാൽ, നഷ്ടപ്പെട്ടുപോകുന്ന ആ പഴയ വായനാനുഭൂതിയെ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് വീണ്ടും ചേർത്തുവെക്കാൻ തികച്ചും വ്യത്യസ്തമായ ഒരു വഴി കണ്ടെത്തുകയാണ് സിംഗപ്പൂർ.

ദിവസവും വെറും 15 മിനിറ്റ് മാത്രം ഒരു പുസ്തകം വായിക്കുക, അതിന് ചെറിയൊരു സാമ്പത്തിക പ്രതിഫലവും നേടുക! ഇതാണ് സിംഗപ്പൂർ നാഷണൽ ലൈബ്രറി ബോർഡ് ആരംഭിച്ച ‘റീഡ് എസ്.ജി’ (ReadSG) എന്ന അഞ്ച് വർഷത്തെ ദേശീയ വായനാ ദൗത്യം. ഡിജിറ്റൽ ലോകത്തിൽ നിന്നും ഷോർട്ട് വിഡിയോകളുടെ ലോകത്തു നിന്നും മനുഷ്യരെ മെല്ലെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വായനയിലൂടെ വലിയ തുക സമ്പാദിക്കാമെന്ന മോഹം നൽകാനല്ല സിംഗപ്പൂർ ശ്രമിക്കുന്നത്. മറിച്ച് ഒരു ശീലം വളർത്തിയെടുക്കാനുള്ള ചെറിയ ഓർമപ്പെടുത്തൽ മാത്രമാണിത്. ദിവസവും 15 മിനിറ്റ് വായിച്ച് വിവരങ്ങൾ സർക്കാറിന്റെ 'ക്രൗഡ് ടാസ്‌ക് എസ്.ജി'പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയാൽ 20 വെർച്വൽ കോയിനുകൾ ലഭിക്കും. 50 ദിവസത്തെ വായനയിലൂടെ 1,000 കോയിനുകൾ ലഭിക്കും. ഇത് ഒരു സിംഗപ്പൂർ ഡോളർ സ്വന്തമാക്കാൻ സഹായിക്കും. അതായത്, ഒരു ദിവസത്തെ വായനക്ക് ലഭിക്കുന്നത് കേവലം 0.02 സിംഗപ്പൂർ ഡോളർ മാത്രം. പണത്തേക്കാളുപരി ഗെയിമുകൾ കളിക്കുന്നതുപോലെ ഡിജിറ്റൽ സ്ട്രീക്കുകളും പോയിന്റുകളും നൽകി ആളുകളിൽ കൗതുകമുണർത്തുകയാണ് ഇവിടെ ചെയ്യുന്നത്.

ദിവസവും ഒരു മണിക്കൂർ വായിക്കണം എന്ന് പറയുമ്പോൾ ഉണ്ടാകുന്ന മടിയെ മറികടക്കാനാണ് വെറും 15 മിനിറ്റ് എന്ന ചെറിയ ലക്ഷ്യം വെച്ചിരിക്കുന്നത്. യാത്രകളിലോ, രാവിലത്തെ കട്ടൻചായക്കൊപ്പമോ കണ്ടെത്താവുന്ന ഈ കുഞ്ഞു സമയം ആളുകളെ നിരന്തരം വായനയിലേക്ക് മടക്കിക്കൊണ്ടുവരുന്നു. വായനയോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സഹായിക്കുന്ന 'റീഡ് ഫോർ ഗുഡ്', സൗജന്യ പുസ്തക വിതരണങ്ങൾ എന്നിവയും ദേശീയ വായനാ മാസത്തോടനുബന്ധിച്ച് സിംഗപ്പൂർ ഒരുക്കുന്നുണ്ട്.

ചെറിയൊരു പ്രോത്സാഹനം നൽകി ആളുകളെ പുസ്തകത്തിന് മുന്നിലേക്ക് ഇരുത്താമെങ്കിലും, പിന്നീട് ആ വായന നൽകുന്ന ആനന്ദവും അറിവുമാണ് അവരെ യഥാർത്ഥ വായനക്കാരാക്കി മാറ്റുന്നത് എന്ന് മനഃശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് 15 മിനിറ്റ് മാത്രം മാറ്റിപ്പുവെച്ചാൽ മതി, ഒരു പുസ്തകത്തിന് നമ്മുടെ മുന്നിൽ പുതിയൊരു ലോകം തന്നെ തുറന്നുതരാൻ കഴിയുമെന്ന വലിയ തിരിച്ചറിവാണ് ഈ കൊച്ചു പദ്ധതി നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Singapore is paying people to read books for 15 minutes
Next Story