സ്ത്രീകൾക്ക് മാത്രമായി ചർച്ച മാറ്റിവെക്കാത്ത കാലം വരട്ടെയെന്ന് വനിതസമ്മേളനം
text_fieldsകൊച്ചി: വനിതകളുടെ വിഷയം മാത്രം ചർച്ച ചെയ്യുന്ന സമ്മേളനങ്ങൾ ഉണ്ടാകാത്ത കാലം വരട്ടെയെന്ന് ആഹ്വാനം ചെയ്ത് മീഡിയ അക്കാദമി സംഘടിപ്പിച്ച വനിതസമ്മേളനം. മാധ്യമ ഇടങ്ങളിൽ പാർശ്വവത്കരിപ്പെട്ടവർക്ക് സ്ഥാനം ഉറപ്പുവരുത്തണമെന്ന ആവശ്യവും സമ്മേളനം ഉയർത്തി. കേരള മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം ‘കട്ടിങ് സൗത്ത് -2023’ന്റെ ഭാഗമായാണ് സമ്മേളനം നടന്നത്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്മു ജോസഫ് ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകരായ വിനീത എം.വി, റെജി ആർ. നായർ, സരിത വർമ എന്നിവർ പങ്കെടുത്തു. സരിത ബാലൻ മോഡറേറ്റർ ആയി. കൃത്യമായ സംവരണം വെച്ചുകൊണ്ടാണ് വാർത്തകൾ പ്ലേസ് ചെയ്യപ്പെടുന്നതെന്നും അരികുവത്കരിക്കപ്പെട്ടവർ മുഖ്യധാരാ മാധ്യമങ്ങളിൽ എത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തക റെജി വി. നായർ വ്യക്തമാക്കി.
സ്ത്രീകൾ മാധ്യമങ്ങളുടെ വിഷയമാകാത്തത് മാധ്യമങ്ങൾ ഇപ്പോഴും പുരുഷകേന്ദ്രീകൃതമായി നിലകൊള്ളുന്നതുകൊണ്ടാണ്. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, അതിനപ്പുറത്തേക്കുള്ള അധികാരസ്ഥാനങ്ങളൊന്നും സ്ത്രീകൾക്ക് ലഭിക്കുന്നില്ല. നമ്മൾ നമ്മളെ വ്യക്തികളായി കാണുക, നമുക്ക് ചെയ്യാനുള്ളതിൽ പരിമിതികൾ വെക്കാതിരിക്കുക എന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അഭിപ്രായപ്പെട്ടു. ഈ ചർച്ച സ്ത്രീകൾക്കുവേണ്ടി മാത്രമല്ല നമ്മൾക്കുവേണ്ടിയാണ്. അതിന് ഉദാഹരണമാണ് കാണുന്ന നിറഞ്ഞ സദസ്സ് എന്ന് റെജി ആർ. നായർ പറഞ്ഞു.സ്ത്രീകൾ ഉന്നതസ്ഥാനങ്ങളിൽ വരുക എന്നതല്ല പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തോട് എമ്പതിയുള്ള ആളുകൾ വരുക എന്നതാണ് മുഖ്യമെന്ന് സരിതാ വർമ പറഞ്ഞു.
ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ സമാപിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം ‘കട്ടിങ് സൗത്ത് -2023’ന് സമാപനം. ഫെസ്റ്റിവലിൽ 2022ലെ മാധ്യമ വ്യക്തിത്വം അവാർഡ് നൽകി ആദരിച്ച പാവ്ല ഹോൽകോവയുടെ അന്വേഷണാത്മക റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മാറ്റ് സർനെക്കി സംവിധാനം ചെയ്ത ‘കില്ലിങ് ഓഫ് എ ജേണലിസ്റ്റ്’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് പാവ്ലയുമായി സംവാദവും നടന്നു. അമ്മു ജോസഫ്, എം.വി. വിനീത, ഡോ.എം.എസ്. ശ്രീകല, പാവ്ല ഹൊൽകോവ, സരിതാ വർമ എന്നിവർ ‘മാധ്യമങ്ങളുടെ ഭാഷ: അധികാരവും അക്രമവും’ വിഷയത്തിൽ സംസാരിച്ചു. ഷെർളി എബ്രഹാമും അമിത് മധേഷിയയും കൂടി സംവിധാനം ചെയ്ത ആൾക്കൂട്ട കൊലപാതകത്തെപ്പറ്റിയുള്ള ‘ദ അവർ ഓഫ് ലിൻചിങ്’ പ്രദർശിപ്പിച്ചു. മന്ത്രി കെ. രാജൻ അമ്മു ജോസഫിനെപ്പറ്റിയുള്ള ഡോക്യുഫിക്ഷൻ ‘വെയർ ആർ ദ വുമൺ’ സ്വിച് ഓൺ നിർവഹിച്ചു. മീഡിയ അക്കാദമി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനത്തോടെയാണ് ‘കട്ടിങ് സൗത്ത് -2023’ സമാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.