സംഗീത നാടക അക്കാദമി പ്രഫഷനൽ നാടകമത്സരം: ‘രണ്ട് നക്ഷത്രങ്ങൾ’ മികച്ച നാടകം
text_fields1. രാജേഷ് ഇരുളം, 2. ബിജു ജയാനന്ദൻ, 3. കലാമണ്ഡലം സന്ധ്യ, 4. പ്രദീപ്കുമാർ കാവുംതറ, 5. ആർട്ടിസ്റ്റ് സുജാതൻ, 6. ശ്രീകുമാരൻ തമ്പി
തൃശൂർ: Professional Drama Competition of Kerala Sangeeta Nataka Academy Rds declared. വള്ളുവനാട് ബ്രഹ്മയുടെ ‘രണ്ട് നക്ഷത്രങ്ങളാണ്’ മികച്ച നാടകം. ഇതിന്റെ സംവിധായകൻ രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ. മികച്ച നാടകത്തിന് 50,000 രൂപയും സംവിധായകന് 30,000 രൂപയും ശിൽപവും പ്രശംസപത്രവുമാണ് സമ്മാനം.
‘രണ്ട് നക്ഷത്രങ്ങളി’ലെ അഭിനയത്തിന് ബിജു ജയാനന്ദൻ മികച്ച നടനായി. കോഴിക്കോട് രംഗഭാഷയുടെ ‘മൂക്കുത്തി’യിൽ അഭിനയിച്ച കലാമണ്ഡലം സന്ധ്യയാണ് മികച്ച നടി. ‘നത്ത് മാത്തൻ ഒന്നാം സാക്ഷി’യിലെ കലവൂർ ശ്രീലനാണ് രണ്ടാമത്തെ നടൻ. ‘ഞാൻ’ എന്ന നാടകത്തിലെ അഭിനയത്തിന് അനു കുഞ്ഞുമോൻ രണ്ടാമത്തെ നടിയുമായി. മികച്ച നടനും നടിക്കും 25,000 രൂപ വീതവും രണ്ടാമതെത്തിയവർക്ക് 15,000 രൂപ വീതവുമാണ് സമ്മാനം.
കോഴിക്കോട് രംഗമിത്രയുടെ ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ രചിച്ച പ്രദീപ് കുമാർ കാവുംതറക്കാണ് മികച്ച നാടക രചനക്കുള്ള അവാർഡ്. 30,000 രൂപയാണ് സമ്മാനം. എറണാകുളം ചൈത്രതാര തിയറ്റേഴ്സിന്റെ ‘ഞാൻ’ ആണ് മികച്ച രണ്ടാമത്തെ നാടകം. കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാം സാക്ഷി’ സംവിധാനം ചെയ്ത രാജീവൻ മമ്മിളിയാണ് മികച്ച രണ്ടാമത്തെ സംവിധായകൻ. ‘രണ്ട് നക്ഷത്രങ്ങൾ’ രചിച്ച ഹേമന്ത് കുമാർ മികച്ച രണ്ടാമത്തെ രചയിതാവായി.
കല്ലറ ഗോപൻ മികച്ച ഗായകനും ശുഭ രഘുനാഥ് ഗായികയുമായി. ശ്രീകുമാരൻ തമ്പിയാണ് മികച്ച ഗാനരചയിതാവ്. സംഗീത സംവിധാനത്തിനുള്ള അവാർഡ് ഉദയകുമാർ അഞ്ചലിനാണ്. രംഗപടത്തിന് ആർട്ടിസ്റ്റ് സുജാതനും ദീപസംവിധാനത്തിന് രാജേഷ് ഇരുളവും വസ്ത്രാലങ്കാരത്തിന് വക്കം മാഹിനും പശ്ചാത്തല സംഗീതത്തിന് ഉദയകുമാർ അഞ്ചലും ശബ്ദലേഖനത്തിന് റജി ശ്രീരാജും അവാർഡിന് അർഹരായി.
കാഷ് അവാർഡിനൊപ്പം ശിൽപവും പ്രശംസപത്രവും സമ്മാനിക്കും. കോഴിക്കോട് രംഗമിത്രയുടെ ‘പണ്ട് രണ്ട് കൂട്ടുകാരികൾ’ എന്ന നാടകത്തിലെ അഭിനയത്തിന് അഭിനവ്, അളകാബാബു എന്നീ കുട്ടികൾക്ക് പ്രോത്സാഹനമായി പതക്കവും സാക്ഷ്യപത്രവും നൽകും. 32 നാടകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 10 നാടകങ്ങളുടെ അവതരണത്തിൽനിന്നാണ് ഗോപിനാഥ് കോഴിക്കോട് ചെയർമാനായ ജൂറി അവാർഡ് നിർണയിച്ചത്. പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.