കവിത: ഒറ്റ
text_fieldsപൊട്ടിയ സ്ലൈറ്റിൽ
എഴുതിപഠിക്കാൻ മാത്രം
നിയോഗിതനായ
ഒരക്ഷരമായിരുന്നു ഞാൻ
മായ്ച്ചു കളയുമെന്നുറപ്പുണ്ടായിട്ടും
ആവർത്തിച്ചെഴുതാൻ
തലകുനിച്ചു നിന്ന ഒറ്റക്ഷരം
കടൽ തീരത്തെഴുതിയ
ഒരുവാക്കായിരുന്നു ഞാൻ
തിരമാല വരുമെന്നറിഞ്ഞിട്ടും
മാഞ്ഞുപോകുമെന്നുറപ്പുള്ള
പ്രണയം നിറച്ച ഒറ്റവാക്ക്..
നിറയെ സ്വപ്നങ്ങളുള്ള
ഒരാളുടെ കാവ്യ ഭാവനയിൽ
ഉരുവം കൊണ്ട
ഒരലങ്കാരമായിരുന്നു ഞാൻ
കവിത വറ്റിയ വരികളിൽ
ചലനമറ്റു പോകുമെന്നുറപ്പുള്ള
ചമയങ്ങളണിഞ്ഞ ഒരലങ്കാരം
നിലാവ് പൊഴിക്കുന്നൊരു രാവിലെ
ഒറ്റ നക്ഷത്രമായിരുന്നു ഞാൻ
നക്ഷത്രക്കൂട്ടങ്ങളിൽ നിന്ന്
ഒറ്റയാവുമെന്ന് ഉറപ്പുണ്ടായിട്ടും
മിന്നി മറിയുന്ന ഒറ്റ നക്ഷത്രം.
ഒരു കരളും ഒരു ഹൃദയവും
മാത്രമുള്ള ഞാൻ
ഏകനാവുമെന്നുറപ്പുണ്ടായിട്ടും
ഹൃദയവും കരളും
പകുത്ത് കൊടുത്ത
ഒറ്റ മനുഷ്യനായിരുന്നു ഞാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.