അൽദൈദ്; മരുഭൂമിയുടെ ചരിത്ര പുസ്തകം
text_fieldsയുനൈറ്റഡ് അറബ് എമിറേറ്റ്സിൽ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായി ഷാർജ എമിറേറ്റ് വളരെക്കാലമായി നിലകൊള്ളുന്നു. അതിന്റെ നഗരങ്ങളും പ്രദേശങ്ങളും ലാൻഡ്മാർക്കുകളും പൈതൃകത്തെ ആധുനികതയുമായി തടസമില്ലാതെ ലയിപ്പിക്കുന്നു, ചരിത്രത്തിലും ആധികാരികതയിലും മുങ്ങിക്കുളിക്കുന്ന സ്ഥലങ്ങൾ അവതരിപ്പിക്കുന്നു. ഈ വ്യതിരിക്തമായ സംയോജനം ഷാർജ എമിറേറ്റിനെ ആഭ്യന്തര, അന്തർദേശീയ സന്ദർശകർക്ക് ആകർഷകമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. മരുഭൂമിയുടെ മാന്ത്രികത ഉൾക്കൊള്ളുന്നതും എമിറേറ്റിന്റെ സമ്പന്നമായ ചരിത്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതുമായ അൽ ദൈദ് അതിലെ ശ്രദ്ധേയമായ നഗരങ്ങളിൽ ഒന്നാണ്.
ജൈവസംസ്കൃതിയിൽ നിന്ന് ഉയർന്നുവന്ന സാംസ്കാരികതയാണ് ഇതിന്റെ വൈവിധ്യം. മധ്യമേഖലയുടെ ഊർജസ്വലമായ തലസ്ഥാനമായ അൽ ദൈദ്, മരുഭൂമിയുടെ മാന്ത്രികത ചരിത്രപരമായ സത്തയുമായി ഒത്തുചേരുന്ന ഒരു ആകർഷകമായ മരുപ്പച്ചയാണ്. നിരവധി ഈന്തപ്പനകളും വൈവിധ്യമാർന്ന സസ്യജാലങ്ങളും കൊണ്ട് അലങ്കരിച്ച ഈ പ്രദേശം, അൽ ഹജ്ർ പർവതനിരകളുടെ കൊടുമുടികളിൽ നിന്ന് നീണ്ടുനിൽക്കുന്ന ഫലജുകൾ എന്നറിയപ്പെടുന്ന പുരാതന ജലപാതകളാൽ അഭിവൃദ്ധി പ്രാപിക്കുന്നു.
ഷാർജ നഗരത്തിന് 60 കി.മീറ്റർ കിഴക്കായി വാദി സിജിയുടെ പ്രവേശന കവാടത്തിലാണ് അൽ ദൈദ് സ്ഥിതി ചെയ്യുന്നത്. അൽ ഹജർ പർവതനിരകളുടെ താഴ്വരയിൽ വസന്തം വരച്ചിട്ട ചിത്രം പോലെ ആകർഷകമായ അൽ ദൈദിലേക്ക്, ഷാർജ-അൽ ദൈദ് റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാം. ഷാർജയിൽ നിന്ന് മസാഫിയിലേക്കുള്ള റോഡ്, അൽ ഹജർ പർവതനിരകൾ മുറിച്ചുകടന്ന്, അൽ ദൈദ് പ്രദേശത്തെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കുന്നു. അൽ ദൈദിന് വടക്ക് ഭാഗത്തായി ഫലാജ് അൽ മുഅല്ല സ്ഥിതിചെയ്യുന്നു. ഇത് ഫലഭൂയിഷ്ഠമായ ഭൂമിക്ക് പേരുകേട്ട ഉമ്മുൽ ഖുവൈൻ എമിറേറ്റിനുള്ളിലെ ഒരു പട്ടണമാണ്. തെക്ക് റോഡ് മലീഹ, കൽബ പ്രദേശങ്ങളിലേക്ക് നീളുന്നു.
അൽ ദൈദ് പള്ളി: ഇസ്ലാമിക വാസ്തുവിദ്യാ മാസ്റ്റർപീസ്
2023ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പള്ളി, ഫാത്തിമിദ്, ഒട്ടോമൻ കാലഘട്ടങ്ങളിലെ ഇസ്ലാമിക ശൈലികളെ സമന്വയിപ്പിക്കുന്ന നിർമാണ ചാരുതയാണ്. അൽ ഉവൈദിദ് പ്രദേശത്തെ അൽ ദൈദ് നഗരത്തിന്റെ കിഴക്കൻ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ആയിരക്കണക്കിന് വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ അകത്തളങ്ങളാൽ അലംകൃതമാണ്. 21,994 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അൽ ദൈദ് പള്ളിയിൽ പ്രാർഥനാ ഹാൾ, സ്ത്രീകൾക്കുള്ള പ്രാർഥനാ സ്ഥലം, വിശ്രമമുറികൾ എന്നിവയുൾപ്പെടെ വിശ്വാസികൾക്കായി സമഗ്രമായ സൗകര്യങ്ങളുണ്ട്. ലൈബ്രറി, വിനോദ സൗകര്യങ്ങളുള്ള ഒരു പാർക്ക്, പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഷാർജ സർവകലാശാല
ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷാർജ സർവകലാശാലയുടെ അൽ ദൈദ് ശാഖ, അൽ ദൈദിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് അറിവ്, വിദ്യാഭ്യാസം, ഉന്നത ബിരുദങ്ങൾ എന്നിവയിലേക്ക് മെച്ചപ്പെട്ട പ്രവേശനം നൽകുന്നതിനായി സ്ഥാപിതമായതാണ്.
അൽ ദൈദിലെ അൽ വുസ്ത കനാൽ കെട്ടിടം
ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അൽ വുസ്ത കനാൽ കെട്ടിടം ഒരു വാസ്തുവിദ്യാ അത്ഭുതമായി നിലകൊള്ളുന്നു. അഷ്ടഭുജാകൃതിയിൽ രൂപകൽപന ചെയ്ത ഇതിന് 76 മീറ്റർ ഉയരവും ഏഴ് നിലകളിലായി 45,000 ചതുരശ്ര മീറ്റർ വിസ്തീർണവുമുണ്ട്. സമൂഹ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന വൃത്താകൃതിയിലുള്ള ജലധാരയുള്ള സൈഹ് അൽ മഹ്ഹാബ് സ്ക്വയറിന് അഭിമുഖമായി ഇത് സ്ഥിതിചെയ്യുന്നു.
അൽ ദൈദ് കോട്ട
അൽ ദൈദ് കോട്ട, പരേതനായ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമിയുടെ ഭരണകാലത്ത് എ.ഡി 1820 മുതൽ സമ്പന്നമായ ചരിത്രമുള്ളതാണ്. ഒരുകാലത്ത് യാത്രാസംഘങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുന്ന ഒരു പ്രധാന വിശ്രമ കേന്ദ്രമായിരുന്നു. ഇന്ന്, അൽ ദൈദിന്റെ പൈതൃകത്തിന്റെ ശക്തമായ പ്രതീകമായി ഇത് നിലകൊള്ളുന്നു, അതിന്റെ ചരിത്രപരമായ പരിണാമത്തെയും അവിടത്തെ നിവാസികളുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ഉയർത്തിക്കാട്ടുന്നു. പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന നിരവധി ഹാളുകളും മുറികളും ഇവിടെയുണ്ട്, ഓരോന്നും അൽ ദൈദിന്റെയും അതിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും കഥകൾ വിവരിക്കുന്നതാണ്.
കഠാരകൾ, വാളുകൾ, കല്ല് അമ്പുകൾ എന്നിങ്ങനെ നാട്ടുകാർ ഒരിക്കൽ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ഒരു ശേഖരം പ്രദർശിപ്പിക്കുന്ന ആയുധ ഹാളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡോക്യുമെന്റ് ഹാൾ അൽ ദൈദിനും അതിന്റെ കോട്ടക്കും പ്രത്യേകമായ രേഖകൾ സംരക്ഷിക്കുന്നു, പുരാതന തിരുവെഴുത്തുകളും പ്രദേശത്തെ പരാമർശിക്കുന്ന ആർക്കൈവൽ രേഖകളും പ്രദർശിപ്പിക്കുന്നു. അൽ ദൈദ് കോട്ടയിലെ മറ്റൊരു സവിശേഷമായ ഭാഗമാണ് ശൈഖുമാരുടെ മുറി. ഇതിൽ ഷാർജയിലെ ഭരണാധികാരികളുടെ സ്വകാര്യ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.