Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ പ്രാചീന ഗ്രന്ഥങ്ങളായ മഹാഭാരതം, അർത്ഥശാസ്ത്രം, രാജ്തരംഗിണി എന്നിവ യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്ട്രിയിൽ ഇടംനേടി

text_fields
bookmark_border
ഇന്ത്യയുടെ പ്രാചീന ഗ്രന്ഥങ്ങളായ മഹാഭാരതം, അർത്ഥശാസ്ത്രം, രാജ്തരംഗിണി എന്നിവ യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്ട്രിയിൽ ഇടംനേടി
cancel

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിനും ചരിത്രപരമായ ഏടുകൾക്കും ലോകവേദിയിൽ അഭിമാനാർഹമായ അംഗീകാരം. രാജ്യത്തിന്റെ പ്രാചീന ഗ്രന്ഥങ്ങളായ മഹാഭാരതം, കൗടില്യന്റെ അർത്ഥശാസ്ത്രം, കൽഹണന്റെ രാജ്തരംഗിണി എന്നിവ യുനെസ്കോയുടെ 'മെമ്മറി ഓഫ് ദ വേൾഡ് ഏഷ്യാ-പസഫിക് റീജിയണൽ രജിസ്ട്രിയിൽ' ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നു. നവബർ 5 വ്യാഴാഴ്ചയായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയുടെ തനതായ ജ്ഞാനപാരമ്പര്യത്തിനും ചരിത്രാന്വേഷണങ്ങൾക്കും ലഭിച്ച വലിയൊരു ആഗോള അംഗീകാരമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് ഏഷ്യാ-പസഫിക് റീജിയണൽ കമ്മിറ്റിയുടെ പതിനൊന്നാമത് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. ഈ മൂന്ന് ഗ്രന്ഥങ്ങളുടെയും നാമനിർദ്ദേശ പത്രികകൾ തയാറാക്കുന്നതിൽ 'ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ്' നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ അംഗീകാരത്തോടെ യുനെസ്കോയുടെ ഈ പ്രാദേശിക രജിസ്ട്രിയിൽ ഉൾപ്പെട്ട ഇന്ത്യയുടെ ആകെ സംഭാവനകൾ ആറായി ഉയർന്നു. ഇന്ത്യയുടെ തത്വചിന്ത, രാഷ്ട്രമീൻമാസ, സാഹിത്യ ചിന്തകൾ എന്നിവക്കുള്ള അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു ആദരവാണിത്.

കേന്ദ്ര സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഈ ലോക അംഗീകാരത്തെ ഏറെ അഭിമാനത്തോടെയാണ് സ്വാഗതം ചെയ്തത്. ഇന്ത്യയുടെ ചരിത്രപരമായ അന്വേഷണങ്ങൾക്കും തത്വചിന്താപരമായ ചിന്താധാരകൾക്കും ഭരണതന്ത്രജ്ഞതക്കുമുള്ള മാതൃകകളാണ് ഈ ഗ്രന്ഥങ്ങളെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടുകൂടിയ നേതൃത്വത്തിന് കീഴിൽ രാജ്യത്തിന്റെ നാഗരിക പാരമ്പര്യത്തിന് ലോകവേദിയിൽ അതുല്യമായ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പട്ടികയിൽ ഇടംനേടിയ ഓരോ ഗ്രന്ഥത്തിനും വലിയ സാംസ്കാരിക പ്രാധാന്യമാണുള്ളത്. വേദവ്യാസമഹർഷിയുടേതായി കണക്കാക്കപ്പെടുന്ന ലോകപ്രശസ്തമായ ഇതിഹാസമാണ് മഹാഭാരതം. പാണ്ഡവരും കൗരവരും തമ്മിലുള്ള സംഘർഷത്തിനപ്പുറം ധർമ്മം, നീതി, വ്യക്തിപരമായ കടമകൾ, കുടുംബബന്ധങ്ങൾ, മാനുഷിക മൂല്യങ്ങൾ എന്നിവയാണ് ഇതിൽ ആഴത്തിൽ ചർച്ചചെയ്യുന്നത്. ഇതിലെ ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് ആത്മീയവും ദാർശനികവുമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നു.

പൂനെയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന അപൂർവ്വമായ താളിയോല/ബർച്ച്-ബാർക്ക് (ഭൂർജ്ജപത്ര) മാതൃകയിലുള്ള മഹാഭാരത കയ്യെഴുത്തുപ്രതിയാണ് ഇപ്പോൾ ഈ അംഗീകാരത്തിന് അർഹമായിരിക്കുന്നത്.

പുരാതന ഇന്ത്യൻ പണ്ഡിതനും തന്ത്രജ്ഞനുമായ കൗടില്യൻ (ചാണക്യൻ) രചിച്ച അർത്ഥശാസ്ത്രം ഭരണം, സാമ്പത്തിക ശാസ്ത്രം, നികുതി സമ്പ്രദായങ്ങൾ, നയതന്ത്രം, സൈനിക തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സമാനതകളില്ലാത്ത ഒരു ഭരണതന്ത്ര ഗ്രന്ഥമാണ്. പുരാതന കാലത്തെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. മൈസൂരിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംരക്ഷിച്ചിരിക്കുന്ന അർത്ഥശാസ്ത്രത്തിന്റെ പുരാതന താളിയോല കയ്യെഴുത്തുപ്രതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കാശ്മീരി ചരിത്രകാരനായ കൽഹണൻ സംസ്കൃത ഭാഷയിൽ രചിച്ച 'രാജ്തരംഗിണി' കാശ്മീരിന്റെ ചരിത്രം പറയുന്ന ആദ്യകാല സമഗ്ര ഗ്രന്ഥങ്ങളിലൊന്നാണ്. കാശ്മീരിലെ വിവിധ രാജവംശങ്ങളെയും ഭരണാധികാരികളെയും രാഷ്ട്രീയ സംഭവവികാസങ്ങളെയും കുറിച്ച് കൃത്യമായ തെളിവുകളോടെ വിവരിക്കുന്ന ഈ കൃതി ചരിത്രാന്വേഷകർക്ക് വലിയൊരു മുതൽക്കൂട്ടാണ്.

പ്രാചീനകാലത്തെ അറിവുകളും മൂല്യങ്ങളും വരുംതലമുറയ്ക്കായി സംരക്ഷിച്ചു നിർത്തുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള 'ഗ്യാൻ ഭാരതം മിഷൻ' പോലുള്ള പദ്ധതികളുടെ ഭാഗമായി കൂടിയാണ് ഈ ചരിത്രനേട്ടം കൈവന്നിരിക്കുന്നത്. മാനവരാശിയുടെ പൊതുവായ ഓർമ്മകളായി ഇത്തരം പഴയകാല രേഖകളെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ അംഗീകാരം ലോകത്തിന് വീണ്ടും ഓർമ്മിപ്പിക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അടയാളപ്പെടുത്തുന്ന ഈ സുപ്രധാന നേട്ടം രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ മറ്റൊരു സുവർണ്ണ അധ്യായമായി മാറിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ancient Indian texts included in UNESCO's Memory of the World Registry
Next Story