ആർ. രാജശ്രീയുടെ ആത്രേയകത്തിന് അങ്കമാലി ‘വി.ടി. സ്മാരക ട്രസ്റ്റ്’ അവാർഡ്
text_fieldsഅങ്കമാലി: അങ്കമാലി ‘വി.ടി. സ്മാരക ട്രസ്റ്റ്’ ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് അവാർഡിന് മലയാളം എഴുത്തുകാരിയും തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപികയുമായ ആർ. രാജശ്രീയുടെ നോവലായ ആത്രേയകം തെരഞ്ഞെടുക്കപ്പെട്ടു. 20000 രൂപയും പ്രശസ്തിപത്രവും മെമൊന്‍റോയും അടങ്ങുന്നതാണ് അവാർഡ്. മഹാഭാരതത്തിലൂടെ നമ്മളറിയുന്ന ശിഖണ്ഡിയാണ് ആത്രേയകത്തിലെ കേന്ദ്രകഥാപാത്രം. കുരുക്ഷേത്രയുദ്ധത്തിന്റെ ഭാഗധേയം നിർണയിച്ച നിരമിത്രനെന്ന രാജകുമാരനെക്കുറിച്ചാണ് ആത്രയേകം പറയുന്നത്.
സെപ്തംബർ 12ന് അങ്കമാലി സി.എസ്.എ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ‘വി.ടി. സ്മാരക ട്രസ്റ്റ്’ ചെയർമാൻ പ്രഫ. എം. തോമസ് മാത്യു, സെക്രട്ടറി കെ.എൻ. വിഷ്ണു എന്നിവർ അറിയിച്ചു.
നായിക നിർമ്മിതി: വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും, രാഷ്ട്രീയവും, കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സമകാലിക മലയാള നോവൽ സാഹിത്യത്തിൽ ജനപ്രീതി നേടിയ രാജശ്രീയുടെ ‘കല്യാണിയെന്നും, ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന് 2021ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ബ്രണ്ണൻ കോളജ് മലയാള വിഭാഗത്തിൽ ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രഫസറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.