എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ
text_fieldsപ്രേമവീര്യം തെളിയിക്കാൻ, ‘പ്രേമലേഖനം’ എന്ന പ്രശസ്തമായ ബഷീർ കൃതിയിലെ സാറാമ്മ കേശവൻ നായരോട് ആവശ്യപ്പെട്ടത്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനല്ല, സൗഗന്ധികപുഷ്പം കൊണ്ടുവരാനുമല്ല, ചുമ്മാ ഒന്ന്, തലകുത്തിനിൽക്കാനാണ്! യോഗശാസ്ത്രം, ആസനരാജനായി കരുതുന്ന, ശീർഷാസനത്തിന്റെ മർമമാണ്, ഒരു മികച്ച ഫോർവേഡ് കളിക്കാരിയെപ്പോലെ, ഒരൊറ്റ, കീഴാളകിക്കിലൂടെ സാറാമ്മ അടിച്ചുതെറിപ്പിച്ചത്.
ഒപ്പം, ചോക്ലറ്റ് പ്രണയത്തിന്റെ പൊങ്ങ് പത്രാസും! ഇതുപോലുള്ള എത്രയെത്രയോ സൂപ്പർകിക്കുകൾകൊണ്ട് സമൃദ്ധമാണ്, വൈക്കം മുഹമ്മദ് ബഷീർ എന്ന തോട്ടാന്റെ(ചിന്തകന്റെ) ആവിഷ്കാര ലോകം!
മലയാളത്തിൽ, അതിശയോക്തികൾ ആരുടെ മുന്നിലെങ്കിലും വിനയപ്പെട്ടിട്ടുണ്ടെങ്കിൽ, നിസ്സംശയം പറയാം, അത് വൈക്കം മുഹമ്മദ് ബഷീറിനു മുന്നിലാണ്. ന്യൂനോക്തികളുടെ ആശാനായ ബഷീറിനു മുന്നിൽ, അതിശയോക്തികൾ അനുഭവിച്ചത്, ഒരു ഫ്രെയിമിലും കൊള്ളാത്ത അശാന്തിയാണ്.
എത്ര കൂട്ടിപ്പറഞ്ഞാലും, ആ പറച്ചിലുകൾക്കൊന്നും സ്പർശിക്കാനാവാത്ത ഒരൗന്നത്യം ബഷീർകൃതികളിലേക്ക് എവിടെനിന്നൊക്കെയോ വായനയിൽ വന്നുനിറയും. കാലവെയിലേറെ കൊണ്ടിട്ടും, ഒരു മാവിനെ തേന്മാവാക്കിയ ആ ഒരു ഗ്ലാസ് വെള്ളം ഇനിയും വറ്റിയിട്ടില്ല. ഓരോ മനുഷ്യനും മനുഷ്യനാകുന്നത്, കാരുണ്യത്തിന്റെ കടൽ ഉള്ളിൽ ഇരമ്പിമറിയുമ്പോഴാണെന്ന, ‘ഒരു മനുഷ്യൻ’ എന്ന കഥയിലെ ഇതിവൃത്തത്തിന് ഇപ്പോഴും ഒരു ഇടിച്ചിലും സംഭവിച്ചിട്ടില്ല. അതിൽ ഒരിടത്തും വിഭ്രമിപ്പിക്കുന്ന പുതുമകളില്ല, അവ്യാഖ്യേയമായ ദുരൂഹതകളില്ല, സംഭ്രമിപ്പിക്കുന്ന സന്ദർഭങ്ങളില്ല, ഒരമ്പട ഞാനുമില്ല, മധുര മനോജ്ഞ മഹോന്നത മാനസികാവസ്ഥ ഒഴിച്ച് ‘ഒരു മനുഷ്യൻ’ എന്ന കഥയിൽ മറ്റൊന്നുമില്ല.
മലയാളത്തിൽ ഏറെ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ‘ഒരു മനുഷ്യൻ’ എന്ന കഥ, കഥക്കപ്പുറം വളർന്ന, ലളിത സുന്ദര സാന്ദ്ര ചെറുപ്പംകൊണ്ട്, ഇന്നും വലുതായിക്കൊണ്ടിരിക്കുന്നു! നിസ്സഹായനായ ഒരു മനുഷ്യന്റെ സമീപം, മാലാഖയെപ്പോലെ പ്രത്യക്ഷപ്പെടുന്ന, ഒരു പോക്കറ്റടിക്കാരനു മുന്നിൽ, നിഷ്പ്രഭമാവുന്നത്, നിത്യേനയെന്നോണം വാർപ്പുമാതൃകകളെ വേവിക്കാതെതന്നെ തിന്നുകൊണ്ടിരിക്കുന്ന മേൽക്കോയ്മാ കാഴ്ചപ്പാടുകളാണ്! ഒ.വി. വിജയൻ സാക്ഷ്യപ്പെടുത്തിയ ആ അശ്ലീലബ്രാഹ്മണ്യം!
തെറ്റിനെപ്പോലും ശരിയുടെ പോഷണത്തിനുള്ള തീറ്റയാക്കി മാറ്റുന്ന മാസ്മരികതയിൽ വെച്ചാണ്, ‘ഒരു മനുഷ്യൻ’ പോലുള്ള ബഷീർ കഥകൾ ഉണ്ടാവുന്നത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാൻ നോക്കുംനേരം പഴ്സ് കാണാതായ മനുഷ്യന് നഷ്ടമായത് കുറച്ച് പണമാണെങ്കിൽ; അതിന്റെ പേരിൽ ആ നിസ്സഹായനായ, എന്തുചെയ്യുമെന്നറിയാതെ പകച്ചുനിന്ന, ആ മനുഷ്യനോട് ഒരിറ്റ് ദയ കാണിക്കാതെ ക്രൂരമായി പെരുമാറിയ ഹോട്ടലുടമക്ക് നഷ്ടമായത് അപ്പോഴെങ്കിലും മുഴുവൻ മനുഷ്യത്വവുമാണ്.
പണം വരും പോകും. എന്നാൽ, മനുഷ്യത്വം വരാനല്ലാതെ, പോവാൻ പാടില്ലെന്ന തത്ത്വമാണ് ബഷീർ ആവിഷ്കരിക്കുന്നത്. ആപദ്ഘട്ടത്തിൽ സഹായിയായി മാറുന്ന പോക്കറ്റടിക്കാരനാവട്ടെ, തന്നിലെ ചെറിയ മനുഷ്യനെ താൽക്കാലികമായെങ്കിലും കീഴ്പ്പെടുത്തി, വലിയ മനുഷ്യനായി വിസ്തൃതപ്പെടുകയുമാണ്. അതോടെ, ‘ഒരു മനുഷ്യൻ’ എന്ന കഥയിലെ ‘ദയ’ എന്ന വാക്ക് പകരുന്നത്, ഏതിരുണ്ട തുരങ്കങ്ങൾക്കപ്പുറത്തും വെളിച്ചമുണ്ടെന്ന പ്രതീക്ഷയാണ്.
പതനങ്ങൾക്കിടയിലെ ഉത്ഥാനമാണ്, ലാഭനഷ്ടങ്ങൾക്കപ്പുറത്തെ മൂല്യനിർവൃതിയാണ്, മരണത്തിലും മധുരിക്കുന്ന മാമ്പഴമാണ്, ചിരിയെയും ചിരിപ്പിക്കുന്ന നർമസമൃദ്ധിയാണ്, ബഷീർകൃതികളെ വ്യത്യസ്തമാക്കുന്നത്. കൂട്ടിക്കിഴിക്കലിലൊതുങ്ങാത്ത, ശരാശരികൾക്കൊന്നും സ്പർശിക്കാനാവാത്ത, ഓരോ കാലത്തും പുനർനിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വമെന്ന മഹാശരിയാണ്, ബഷീർ എഴുത്തിൽ വൈദ്യുതി സൃഷ്ടിക്കുന്നത്.
എത്ര പറഞ്ഞാലും എഴുതിയാലും പിന്നെയും ബാക്കിയാവുന്ന, നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതമാണ്, മറ്റെല്ലാ പ്രതിഭാശാലികളെപ്പോലെ ബഷീറിനെയും ഉന്മത്തമാക്കുന്നത്. അന്വേഷണങ്ങളിലേക്ക് അനന്തത ഇറങ്ങിവരുമ്പോഴാണ്, എഴുത്ത് അത്യുന്നതങ്ങളിലേക്കുള്ള കോണിപ്പടികൾ കയറുന്നത്.
നിരന്തരം അനന്തതയെ അഭിമുഖീകരിക്കാൻ ശ്രമിച്ച, അതുകൊണ്ടുതന്നെ, അമ്പടഞാനിനെ അടിച്ചുതകർത്ത, ജാതിമേൽക്കോയ്മയെയും മതസങ്കുചിതത്വത്തെയും മറിച്ചിട്ട പ്രക്ഷോഭത്തിന്റെ പാഠപുസ്തകം എന്ന അർഥത്തിലാണ്, ബഷീർ വായന ഇന്നും പ്രസക്തമാവുന്നത്. രോമമതം എന്നൊരൊറ്റ പ്രയോഗംമാത്രം മറക്കാതിരുന്നാൽ മതി, ആ പ്രക്ഷോഭമറിച്ചിടലിന്റെ ചിരമഹത്വം മനസ്സിലാക്കാൻ!
ഇതുവരെ ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും രോമത്തിനു വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. കുറേ രോമം വടിച്ചുകളഞ്ഞ്, കുറേ രോമം അവിടെ നിർത്തി കുറെ ഇവിടെ നിർത്തി ചിലത് തീരെ വടിച്ചുകളഞ്ഞ്, ചിലത് മുഴുവൻ നിർത്തി ഇങ്ങനെ പോകുന്നു രോമമതങ്ങൾ.
ഇപ്പോൾ രോമമതങ്ങളുടെ പിടിയിൽ നിന്നും മനുഷ്യസമൂഹം മുക്തമായി വരുന്നുണ്ട്. വെട്ടിയിട്ടാൽ ഒരിളം കാറ്റിൽ പറന്നുപോവുന്ന ഒരു മുടിയിഴക്ക് അഥവാ വിശുദ്ധരോമത്തിനു മുമ്പ് എവിടെയും കോലാഹലമുണ്ടാക്കാൻ കഴിയുമായിരുന്നുവെന്നാണ്, ആ പ്രവണത ഇപ്പോൾ കുറെയൊക്കെ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നതെന്നാണ് ബഷീർ പറയുന്നത്! ബട്ടർഫ്ലൈ ഇഫക്ടിനെ ഓർമിപ്പിക്കും വിധമുള്ളൊരു, ഹെയർഫ്ലൈ ഇഫക്ട്!
ബ്രസീലിൽ ഒരു ചെറിയ ചിത്രശലഭം ചിറകിളക്കിയാൽ, അകലെയുള്ള അമേരിക്കയിൽ അതൊരു കൊടുങ്കാറ്റുതന്നെ കെട്ടഴിച്ചുവിട്ടേക്കാമെന്നാണ്, ബട്ടർഫ്ലൈ ഇഫക്ടിനെ അഥവാ ചിത്രശലഭ പ്രകമ്പനത്തെക്കുറിച്ച് എഡ്വേർഡ് ലോറൻസ് മുമ്പ് മുന്നറിയിപ്പ് നൽകിയതെങ്കിൽ; രോമമുണ്ടാക്കിയേക്കാവുന്ന പ്രകമ്പനങ്ങളെക്കുറിച്ചാണ് ഹെയർഫ്ലൈ ഇഫക്ട് എന്ന രോമപ്രകമ്പനത്തിൽ ബഷീർ താക്കീത് നൽകുന്നത്! സർവർക്കും വരട്ടുചൊറി വന്നാൽ അതോടെ യുദ്ധം ക്ലോസാവും. അതൊരു ബഷീർസൂക്തമാണ്. അങ്ങനെയെങ്കിൽ ആൺ-പെൺ-ട്രാൻസ് ഭേദമന്യേ സർവരും മൊട്ടകളായാൽ, അതോടെ തീരും മുടി കലാപങ്ങളും!
1980കളിലാണ് ഞാനാദ്യമായി പതുക്കെ ബഷീർകൃതികൾ വായിച്ചുതുടങ്ങുന്നത്. വല്ലാത്തൊരെഴുത്ത് എന്നൊരു വിസ്മയപ്പെടലിൽ അന്ന് ചെന്ന് വീണതാണ്. ഇന്നും എഴുന്നേറ്റിട്ടില്ല. ബഹിഷ്കൃതരുടെയും ഭ്രഷ്ടരുടെയും ഒരു സമാന്തരലോകം കണ്ട് അന്ന് പകച്ചുപോയി. ഇന്നും ആ പകപ്പ് മാറിയിട്ടില്ല! ആ മണ്ടൻ മുത്തപ്പയും ശിങ്കിടിമുങ്കനും ആനവാരി രാമൻ നായരും കുടിപ്പാർക്കുന്നത് നമ്മുടെ ഉള്ളിൽതന്നെയാണെന്ന വെളിവുണ്ടാവാൻ പിന്നെയും കാലം കുറേ കഴിയേണ്ടിവന്നു.
എത്രയോ അടുത്താവുമ്പോഴും അപ്രാപ്യമായൊരവസ്ഥയിൽ സാധാരണം, അസാധാരണം എന്ന വിഭജനമതിൽ മറിയുന്ന നടുക്കത്തിൽ, തടവറകൾക്കുള്ളിലും സ്വാതന്ത്ര്യത്തിന്റെ പൂക്കൾ വിടരുമെന്ന പുളകത്തിൽ, ഒരു കോഴിമുട്ടക്കും പ്രണയകോരിത്തരിപ്പാവാൻ കഴിയുമെന്ന നാട്ടറിവിൽ, പലപ്പോഴും ഒന്ന് നിവരാനിടം കിട്ടാതെ നട്ടം തിരിഞ്ഞു. അങ്ങനെയിരിക്കെയാണ് 1982ൽ തായാട്ട് ശങ്കരൻ മാഷ് ‘ദേശാഭിമാനി’ വാരികയുടെ എഡിറ്ററായി വരുന്നത്. അത്ര പരിചയമൊന്നുമില്ലാതിരുന്നിട്ടും ‘ദേശാഭിമാനി’ വാരികക്കുവേണ്ടി പ്രബന്ധമെഴുതാൻ മാഷ് ആവശ്യപ്പെട്ടു! ഞാൻ തുള്ളിച്ചാടിപ്പോവുകയും അതേസമയം അത്യധികം സംഘർഷപ്പെട്ട് പോവുകയും ചെയ്തൊരു സന്ദർഭമായിരുന്നു അത്. എനിക്കതൊന്നും പറ്റുകയില്ലെന്ന് ഞാൻ.
പറ്റുമെന്ന് മാഷും! വിഷയവും മാഷ് തന്നെ നിർദേശിച്ചു: പി.സിയും ബഷീറും! ഏതിരുട്ടിലും വെളിച്ചം കണ്ടെത്തിയ, കൊടിയ തിന്മകളെപ്പോലും നന്മകളായി തിരുത്തിയെഴുതിയ, വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് വിസ്മയപ്പെട്ട, മനുഷ്യർ എത്ര അസുന്ദരമായ അവസ്ഥയിലും സുന്ദരികളും സുന്ദരന്മാരുമാണെന്ന് വ്യത്യസ്ത തലങ്ങളിൽ നിന്നുകൊണ്ടാണെങ്കിലും സാക്ഷ്യപ്പെടുത്തിയ, മനുഷ്യത്വത്തിന്റെ കാവലാളുകളായ ആ രണ്ട് മഹാപ്രതിഭകളെ താരതമ്യപ്പെടുത്തി എഴുതാനാണ്, എഴുത്തു പരീക്ഷ പാസാവാത്ത, എന്നോട് സ്നേഹപൂർവം പ്രിയ തായാട്ട് മാഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നെ ഒന്നും ആലോചിക്കാതെ ഞാനൊരെഴുത്തെഴുതി! മാഷ് പറഞ്ഞതുപോലെ ‘പി.സിയും ബഷീറും’ എന്ന അതേ പേരിൽ!
പക്ഷേ ആയിടക്കാണ് ‘കലാകൗമുദി’ വാരികയിൽ ബഷീറിന്റെ ഒരഭിമുഖം പ്രസിദ്ധീകരിച്ചു വന്നത്. അതിൽ ഒരിടത്ത്, താങ്കൾ പുതിയ എഴുത്തുകാരുടെ കഥകൾ വായിക്കാറുണ്ടോ? എന്നൊരു ചോദ്യം കണ്ടു. വളരെ താൽപര്യത്തോടെയാണ് ആ ഭാഗം വായിച്ചത്. സത്യം പറയാമല്ലോ, സ്തംഭിച്ചുപോയി! ആ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട്, ബഷീർ പറഞ്ഞത്, അദ്ദേഹത്തിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ്! ഞാൻ അമേധ്യം ഭക്ഷിക്കാറില്ല എന്ന ആ പ്രതികരണം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
സത്യത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞുവോ, ഇല്ലയോ എന്നൊന്നും കൂടുതൽ അന്വേഷിക്കാതെ, അച്ചടിച്ചുവന്നതുതന്നെ സത്യം എന്ന് കരുതി, സാമാന്യം എന്നെക്കൊണ്ടാവും വിധം രൂക്ഷമായ ഭാഷയിൽ ബഷീറിനെ, അദ്ദേഹത്തിന്റെ ആ പരമബോറൻ അമേധ്യ പ്രതികരണത്തെ കടന്നാക്രമിച്ചു. എന്റെ പ്രബന്ധം അച്ചടിച്ചുവന്ന പിറ്റത്തെ ആഴ്ചതന്നെ, ‘ദേശാഭിമാനി’ വാരികയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ, അത്ര ചെറുതല്ലാത്ത ഒരു കത്ത് വായനക്കാരുടെ പംക്തിയിൽ അച്ചടിച്ചുവന്നു! അതിന്റെ തലക്കെട്ട്, അന്നെന്നപോലെ ഇന്നും, അതായത് നാല് പതിറ്റാണ്ടിനുശേഷവും, എന്തഭിപ്രായ പ്രകടനം നടത്തുമ്പോഴും ചുരുങ്ങിയത് രണ്ടുവട്ടമെങ്കിലും ആലോചിക്കേണ്ടതുണ്ടെന്ന് അമർത്തി ഓർമിപ്പിക്കുന്നു.
എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹമേയുള്ളൂ എന്നൊരൊറ്റ ബഷീർവാക്യം, എന്റെ മുന്നിൽ തുറന്നിട്ടത് വിനയത്തിന്റെ വാതിലുകളാണ്. ബഷീർ സമ്പൂർണകൃതികൾ രണ്ടാം വാല്യത്തിൽ, രണ്ടിടത്തായി, ഈയൊരു കത്ത് ഇടംപിടിച്ചതോടെ, അതൊരു ചരിത്രരേഖയായി മാറി! ‘നേരും നുണ’യിലും, ‘യാ ഇലാഹി’യിലും ഒരേസമയം ആ കത്തു വന്നത് യാദൃച്ഛികമാവാമെങ്കിലും, എഴുതിത്തുടങ്ങിയ അന്നെന്നപോലെ ഇന്നും അതെനിക്കു പകർന്നുതന്നത് വികാരവഴി വിട്ട്, വിവേകവഴിയിൽ സഞ്ചരിക്കാനുള്ള ഊർജമാണ്.
അനുസ്മരണം ആവശ്യപ്പെടുന്നത് കാലത്തിന് അഭിമുഖമാവാനുള്ള കരുത്താണ്. വസ്തുനിഷ്ഠ അവസ്ഥകളെ അവഗണിക്കാതെ, അത് ആത്മനിഷ്ഠതയിലേക്കുള്ള ആഴ്ന്നിറക്കമാണ്, കാലമഴയേറെ കൊണ്ടിട്ടും ഒലിച്ചുപോവാത്ത, കനലെത്രയെരിഞ്ഞിട്ടും കത്തിത്തീരാത്ത അനുഭവങ്ങളിൽ ആഹ്ലാദംകൊള്ളലാണ്. പരിമിതികൾക്കെതിരെയുള്ള സമരത്തിനും സാധ്യതകൾക്കുള്ള സ്വാഗതത്തിനും സന്ദർഭം സൃഷ്ടിക്കലാണ്.
ആവർത്തനം എത്രമേൽ വിരസമാവുമ്പോഴും ചില സമയങ്ങളിൽ ഏറ്റവും ചുരുങ്ങിയത് അതും വീര്യം പകരും. എന്നെ സംബന്ധിച്ചിടത്തോളം വിനീത ചരിത്രകാരൻ എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എന്നെക്കുറിച്ചുള്ള ആ കത്തിനെ സ്മരിക്കുന്നത് എനിക്ക് നൽകുന്നത് ശക്തിയാണ്, ആവർത്തനമല്ല, ആവേശമാണ്!
പ്രിയപ്പെട്ട പത്രാധിപർ, ‘പി.സിയും ബഷീറും’ എന്നൊരു ലേഖനം വായിക്കാൻ ഇടയായി. താങ്കളുടെ ‘ദേശാഭിമാനി’ വാരികയിലാണ്. ലക്കം 24. പുസ്തകം 13. എഴുതിയിരിക്കുന്നത് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ആ ലേഖനം വളരെ നന്നായി. അദ്ദേഹം ബുദ്ധിമുട്ടി ശരിക്കു പഠിച്ചുതന്നെ എഴുതിയിരിക്കുകയാണ്. എന്നാൽ, ലേഖനത്തിന്റ അവസാനഭാഗത്ത് ലേശം പിശകുവന്നതായി കാണുന്നു.
കരുതിക്കൂട്ടി വരുത്തിയതല്ല. തെറ്റായ ധാരണയിൽനിന്നു വന്നതാണ്. ഞാൻ പറയുന്നത്, കേരളത്തിലെ പുതിയ കഥയെഴുത്തുകാരെപ്പറ്റി ഞാൻ പറഞ്ഞതായിപ്പറയുന്ന ഭാഗത്തെപ്പറ്റിയാണ്. (അമേധ്യഭാഗം: വലയത്തിലുള്ളത് കൂട്ടിച്ചേർത്തത്). കുഞ്ഞഹമ്മദിന് ആ ഭാഗം എവിടെനിന്നു കിട്ടിയെന്നെനിക്കറിയാം. ഒരു വാരികയിൽ എന്നെപ്പറ്റി വന്ന വലിയ ലേഖനത്തിലെ ഒരു ഭാഗമാണത്. അത് കണ്ട ഉടനെ ആ ലേഖന കർത്താവിന് ഞാൻ എഴുതുകയുണ്ടായി. താങ്കൾ ആ ലേഖനം വല്ല പുസ്തകത്തിലും ചേർക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ ഞാൻ പുതിയ കഥയെഴുത്തുകാരെപ്പറ്റി പറഞ്ഞതായി കാണുന്ന ആ ഭാഗം വെട്ടിക്കളഞ്ഞ്, ബാക്കി ചേർക്കാൻ അപേക്ഷ. അതുതന്നെയാണ് കുഞ്ഞഹമ്മദിനോടും എനിക്കപേക്ഷിക്കാനുള്ളത്.
എന്റെ ‘തീപിടിച്ച ആത്മാവുകൾക്കൊരാമുഖം’ എന്ന പുസ്തകത്തിൽ പ്രിയ ബഷീർ ആവശ്യപ്പെട്ടവിധം പ്രസ്തുത ഭാഗം ഒഴിവാക്കിയാണ് പ്രബന്ധം ഉൾപ്പെടുത്തിയത്. നൊബേൽ സമ്മാനത്തിനുപോലും ഇന്ത്യയിൽനിന്ന് നിർദേശിക്കപ്പെടാവുന്ന വിധം ഉന്നതസ്ഥാനീയനായ ഒരു പ്രതിഭാശാലിയാണ്, കാര്യം കൃത്യം മനസ്സിലാക്കാതെ രോഷപ്പെട്ട, രണ്ട് വികാര അവിവേകികളുടെ, വളരെ എളുപ്പത്തിൽ അമർത്തിപ്പൊടിച്ച് അദ്ദേഹത്തിന് ഊതിപ്പറത്താവുന്ന പ്രതികരണങ്ങളോട് ഇവ്വിധം സ്നേഹമസൃണമായി പെരുമാറിയതെന്നുള്ളത്, ഇന്നത്തെ വികാരഭീകര പ്രതികരണപ്രവാഹ പശ്ചാത്തലത്തിൽ ഒരുതവണയല്ല, പലതവണ എടുത്തുപറയേണ്ടതുണ്ട്.
വിചാരധീരതയുടെ ജീവൽസ്പർശംകൊണ്ട്, ജ്വലിക്കുന്ന ഒരു വാക്കുപോലും നമ്മുടെ അനാസ്ഥകൊണ്ട് വെറുതെയായിപ്പോവരുത്. ഞാൻ ഞാൻ എന്നഹങ്കരിച്ച ആ രാജാക്കന്മാരും സുൽത്താന്മാരും ഇന്നെവിടെ എന്ന അധികാരവിരുദ്ധ ചോദ്യത്തിലെ ധീരവിനയമാണ്; നിർമിക്കുമ്പോഴും അപനിർമിക്കാൻകൂടിയുള്ള സൂക്ഷ്മസന്നദ്ധതയാണ്, ഈയൊരു കത്തിന്, പതിവ് കത്തുകൾക്കപ്പുറമുള്ള കരുത്ത് പകരുന്നത്.
തങ്ങൾക്ക് അഹിതമായ ഒരു വാക്ക് കേട്ടാൽ വിരണ്ടുപോവുന്ന, വിമർശകരെ വംശീയമായിപ്പോലും അധിക്ഷേപിക്കാനാവുംവിധം ആ സന്ദർഭത്തിലെങ്കിലും അധഃപതിക്കുന്നവർക്കിടയിൽനിന്ന് മലയാളിസമൂഹം എന്റെ പക്കൽ ശാപമില്ല, അനുഗ്രഹമേയുള്ളൂ എന്ന ഈയൊരു കത്ത് ഒരുതവണയല്ല, പലതവണ വായിക്കണം. എന്റെ പേര് അതിലില്ലായിരുന്നുവെങ്കിൽ, അത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നുകൂടി ഞാൻ പറഞ്ഞുപോവുമായിരുന്നു! സത്യത്തിൽ ഈയൊരു കത്ത് ബഷീറുമായി അഭിമുഖം നടത്തിയ യുവപ്രതിഭയെയും, അത് സ്വന്തം പ്രബന്ധത്തിൽ എടുത്തുചേർത്ത എന്നെയും മാത്രം ഉൾക്കൊള്ളുന്നതല്ല.
സത്യത്തിൽ ആ കത്ത് വിഷത്തിൽനിന്ന് അമൃതുണ്ടാക്കിയ, മലയാളത്തിന്റെ മഹാപ്രതിഭ, ഭാവിക്കു മുന്നിൽ സമർപ്പിച്ച സ്നേഹസാന്ദ്രമായൊരു അഭിവാദ്യമാണ്. പുതിയ തലമുറ ധീരമായി വരും; വരുന്നുണ്ട്. ഇവർ സംഗ്രാമഗീതങ്ങളൊക്കെ മുഴക്കി കൊടുങ്കാറ്റുപോലെ ആർത്തിരമ്പിത്തന്നെ മുന്നോട്ടുപോകും! ആരോഗ്യമുള്ള ശക്തരായ പുതിയ തലമുറ ഇവരെയൊക്കെ ഞാൻ ശപിക്കുമോ? എന്റെ പക്കൽ ശാപമില്ല. അനുഗ്രഹമേയുള്ളൂ. ഞാൻ അനുഗ്രഹിക്കുന്നു. എഴുതുക. പഠിച്ച്, ചിന്തിച്ച്, മാനുഷ നന്മയെ മുൻനിർത്തി ധീരതയോടെ എഴുതുക. വിജയം നേരുന്നു; മംഗളം!
കത്തിലെ താക്കോൽ വാക്യങ്ങളിൽ ഒന്ന്, ഒന്നൊഴിയാതെ എല്ലാ ബഷീർകൃതികളിലും കാണുന്ന മാനുഷനന്മയെ മുൻനിർത്തി ധീരതയോടെ എഴുതുക എന്ന എന്നും ഉള്ളം ഉർവരമാക്കുന്ന കാഴ്ചപ്പാടാണ്. ചെറിയോർ പറയുന്നതും ചെവിയിൽ കേറണം, എന്ന് പറയാൻ എളുപ്പമാണെങ്കിലും അത് പ്രയോഗത്തിൽ കൊണ്ടുവരാൻ പ്രയാസമാണ്. പ്രയാസകരമായ ആ ദൗത്യമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാപ്രതിഭ എത്രയോ എളുപ്പത്തിൽ, നിർവഹിച്ചത്. അതെ, എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹമേയുള്ളൂ എന്ന ആശയംതന്നെയാണ്, എത്ര ജീർണലോകങ്ങളിലൂടെ കടന്നുപോകുമ്പോഴും, ബഷീർകൃതികളിലും പലപ്രകാരേണ ആവർത്തിക്കപ്പെടുന്നത്.
‘ഒരു മനുഷ്യൻ’ എന്ന ഹ്രസ്വവും ശ്രദ്ധേയവുമായ പ്രസ്തുത കഥ ബഷീർ എഴുതിയത് ഏഴ് പതിറ്റാണ്ടിനും മുമ്പാണ്. അതിദരിദ്രർപോലും ഇല്ലാതാവാൻ പോവുന്നൊരു പശ്ചാത്തലത്തിലാണ്, ഇന്ന് നാമത് വായിക്കുന്നത്. വിശപ്പും നീതിയും ജീവിതത്തിലെ നാടകീയതയും ഒരുക്കുന്ന ഒരു ത്രിത്വത്തിന് അകത്തും പുറത്തുമായാണ്, ഒരു മനുഷ്യൻ, സർവ മനുഷ്യരുടെയും മാറ്റിവെക്കാനാവാത്ത ജീവിതത്തിന്റെ, എന്നുമെന്നും എഴുതപ്പെട്ടുകൊണ്ടേയിരിക്കേണ്ട ഒരു മാനിഫെസ്റ്റോ ആയി മാറുന്നത്.
ക്രൂരതക്ക് പേരുകേട്ട നഗരം, തിരക്കേറിയ ഹോട്ടൽ, നഷ്ടപ്പെട്ട പഴ്സ്, ഹോട്ടലുടമയുടെയും സഹഭക്ഷകരുടെയും തുണ്ടംതുണ്ടമാക്കി തകർക്കുന്ന പരിഹാസം, അങ്ങേയറ്റത്തെ അവമാനം, അപ്പോൾ ഒരത്ഭുതംപോലെ പ്രത്യക്ഷപ്പെട്ട്, അവമാനത്തിൽനിന്നും ഹോട്ടലുടമക്ക് പണം നൽകി രക്ഷിക്കുന്ന ഒരപരിചിതൻ, അയാൾക്കൊപ്പമുള്ള നടത്തം, വിജനതയിൽവെച്ച് അയാൾ നഷ്ടപ്പെട്ട പഴ്സ് നൽകുന്നത്, പേര് പറയാനിഷ്ടപ്പെടാത്ത അപരിചിതനായ ആ പോക്കറ്റടിക്കാരന്റെ ഔന്നത്യം.
ദൈവം സർവരെയും രക്ഷിക്കട്ടെ എന്ന മംഗളാശംസ -ഇത്രയുമാണ് ‘ഒരു മനുഷ്യൻ’ എന്ന കഥയിൽ കടന്നുവരുന്നത്. എന്നാൽ, ദാരിദ്യ്രം നിമിത്തം ചെലവുകുറക്കാൻ, അധികസമയവും ഉറങ്ങുന്ന, ഒരു മനുഷ്യനെ കേന്ദ്രമാക്കി, ‘ഒരു മനുഷ്യൻ’ എന്ന കഥയിൽ ബഷീർ ഉൽപാദിപ്പിച്ചത്, ഉണർവിന്റെ ഉള്ളം കഴുകി വെടിപ്പാക്കുന്ന ആർദ്രതയുടെ ഊർജമാണ്. ഉറക്കം ഉണർവ്, തിരക്ക് വിജനത, നീതി അനീതി, കേന്ദ്രം പ്രാന്തം, പേരുള്ളവർ പേരില്ലാത്തവർ, തുടങ്ങിയ ബൈനറികൾ അഥവാ ദ്വിത്വങ്ങൾ പൊട്ടിപ്പൊളിയുന്നത് സ്നേഹസാന്ദ്രമായ സർവരെയും സമനിലയിൽ സ്വാഗതം ചെയ്യുന്ന ഒരാശംസയിലാണ്. അങ്ങനെ വിജനമായ ഒരു സ്ഥലത്തുവെച്ച് നഷ്ടപ്പെട്ട പഴ്സ്, തിരഞ്ഞെടുത്ത് തരിച്ചുനിന്നപ്പോൾ, ആ പോക്കറ്റടിക്കാരൻ പറഞ്ഞു: പോ ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ഞാൻ പറഞ്ഞു: ദൈവം നിങ്ങളെയും എന്നെയും എല്ലാവരെയും രക്ഷിക്കട്ടെ.
ഒരിക്കൽകൂടി ഇക്കഥ വായിച്ചപ്പോൾ ഞാനോർത്തത്, എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ എന്ന ആ സ്നേഹസാന്ദ്ര വാക്യമാണ്. വൈക്കം മുഹമ്മദ് ബഷീർ ശരിക്കും നൊബേൽ പ്രതിഭ സോൾബല്ലോ സാക്ഷ്യപ്പെടുത്തിയ, ‘A writer who bowled over nobel laureate’ തന്നെ! ബഷീർ സാഹിത്യവും ബഷീറും അനവധി കാലം നിലനിൽക്കും.
അതിനെ തുരങ്കംവെക്കാൻ മോഹിക്കുന്ന നമ്മുടെ അശ്ലീലബ്രാഹ്മണ്യം വിജയിച്ചില്ലെങ്കിൽ! പക്ഷേ ബഷീറിന് സന്തതികൾ അസാധ്യമാണ് -ജീനിയസ്സിന്റെ ശാപം (ഒ.വി. വിജയൻ). പകരംവെക്കുക പ്രയാസമുള്ള, എന്നാൽ കോളിളക്കമുണ്ടാക്കാൻമാത്രം കരുത്തുള്ള, കുഴിച്ചിറങ്ങും വിധമുള്ള, കുതറും കരുത്തുണ്ട്, ഒ.വി. വിജയന്റെ ആ അശ്ലീലബ്രാഹ്മണ്യം വിജയിച്ചില്ലെങ്കിൽ എന്ന ആ കൊച്ചുവാക്യത്തിന്! ഭാഷയിലെ ഒരു ചിത്രശലഭപ്രകമ്പനം!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.