ഭാഷയും ഭാവവും വേർപിരിയാത്ത കവിതകൾ
text_fieldsകവിതയുടെ രാസമാതൃക എന്താണെന്നോ, എവിടെനിന്നാണത് തന്റെ മനസ്സിൽ ചേക്കേറിയതെന്നോ ഒട്ടും നിശ്ചയമില്ലാതെയാണ് കവി സുലൈമാൻ കക്കോടി ഒരു ‘ജലപാഠശാല’ക്ക് ശില വിന്യസിച്ചത്. എഴുത്തിനെ വിഭൂഷിതമാക്കിയുള്ള കാൽപനികതയുടെ ലാവണ്യപരിസരത്തുനിന്ന് മാറിനടന്നും എന്നാൽ, നേരിന്റെയും നന്മകളുടെയും നിതാന്തചാരുതയുള്ള ഗതകാല ഈടുവെപ്പുകളോട് ആദരം നിലനിർത്തിയും എഴുതിയതാണ് പുസ്തകത്തിലെ മുപ്പത് കവിതകൾ എന്ന് പ്രസാധകക്കുറിപ്പിൽ പറയുന്നു.
ജീവിതത്തിന്റെ അനന്തഭേദങ്ങളുടെ നേർക്കാഴ്ചകളും, മനുഷ്യന്റെ അന്തഃസംഘർഷങ്ങളും സ്നേഹരാഹിത്യവും പ്രകൃതിയുടെയും മനുഷ്യന്റെയും താളവും താളപ്പിഴകളും, അധികാരവ്യവസ്ഥയുടെ ജീർണതകളും, അധഃസ്ഥിതർക്കെതിരെയുള്ള കൊഞ്ഞനംകുത്തലും, നെറികേടുകളും, പ്രണയവും പെൺഹത്യകളും, ഇതിവൃത്തമായിവരുന്ന കവിതകളിലെല്ലാം കവിമനസ്സിലെ വികാരവിചാരങ്ങളിലെ ആർദ്രമായ ബഹിർസ്ഫുരണങ്ങളുണ്ട്. അടക്കാനാവാത്ത അമർഷത്തിന്റെ തീക്കാറ്റുമുണ്ട്. തൻനിമിത്തം ഒരു നാടകകൃത്ത് കവിതയെഴുതുമ്പോൾ കാവ്യലോകം ഇതുവരെയില്ലാത്ത ഒരുതരം ഭാവചാരുത വരിക്കുന്നു. ഒപ്പം വാക്കുകൾ വെടിയുണ്ടകളായി പലയിടത്തും ചെന്നു പതിക്കുന്നു. കവിതയായി എഴുതാൻ അക്ഷരം കാത്തുകിടന്ന ആശയങ്ങൾ ആവിഷ്കരിക്കുമ്പോൾ അത് കേവലമായ കാൽപനിക ഗൃഹാതുര പരികൽപനകളാകാതെ പുതിയ കെട്ടുംമട്ടും തേടുന്നുണ്ടെന്ന കവിബോധ്യം നിഴലിക്കുന്നതാണ് പദ്യ-ഗദ്യഘടനയിലുള്ള കവിതകളൊക്കെയും.
പുതുകാല കവിതാസമാഹാരങ്ങളെ അപേക്ഷിച്ച് ‘ജലപാഠശാല’യിലുള്ള ഭൗതികമായ നിറവ് മികച്ച വായനാനുഭവം നൽകുന്നതോടൊപ്പം അത് സാംസ്കാരികവികാസത്തിലേക്ക് അനുവാചകരെ വഴിനടത്തുകയും ചെയ്യുന്നു. അതിനു പര്യാപ്തമാണ് കാബൂൾനോവ്, പനിയുടെ വ്യാകരണം, നാലുമണിച്ചായ, നാവ്, മഴനനഞ്ഞചെമ്പരത്തി, ഞാൻ വായിച്ച പുഴ തുടങ്ങിയ കവിതകൾ. നൈമിഷികമായ പ്രേരണയാലല്ല ഈ സമാഹാരത്തിലെ ഒരുകവിതയും പിറന്നത്.
പിന്നിട്ട ജീവിതത്തിലെ അതിവേഗസഞ്ചാരത്തിനിടയിൽ കവി കണ്ടതും കേട്ടതുമെല്ലാം ജീവിതസാക്ഷ്യങ്ങളായി മാറിയപ്പോൾ അവ കവിതയായി അപ്പപ്പോൾ ജനിക്കുകയായിരുന്നു. സമൂഹത്തോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രം സാധ്യമായ ഈ രചനാകൗശലം കൊണ്ട് ജീവിതവഴികളിലെ നൊമ്പരങ്ങളെ അടുത്തറിയാൻ ആർക്കും കഴിയുന്നു. ഇങ്ങനെ രചിക്കപ്പെട്ട കവിതകളിലൊക്കെയും കവിയുടെ സർഗാത്മക മനസ്സും, സുവ്യക്തമായ സാമൂഹികവീക്ഷണവും ഉണ്ട്. കവിമനസ്സിന്റെ ആർദ്രതയുടെ കുളിർമയേകും ജലസ്പർശവും, വ്യവസ്ഥാപിത ജീവിതത്തോടുള്ള പ്രതിഷേധത്തിന്റെ തിരയിളക്കവും എഴുത്തിന്റെ രാസഘടകങ്ങളായി ഒരു പുസ്തകത്തിൽ മേളിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.