കഥയിലെ മഴപ്പക്ഷികൾ
text_fieldsലക്ഷദ്വീപിന്റെ ജീവിത സംസ്കൃതികളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്ന കഥകൾ ഉൾക്കൊള്ളുന്ന ചെറുകഥാ സമാഹാരമാണ് ‘മഴപ്പക്ഷികൾ’. മലയാള സാഹിത്യലോകത്തേക്ക് പുതിയ കാൽവെപ്പുമായി ലക്ഷദ്വീപിന്റെ മനോഹാരിതയിൽനിന്ന് ചിറകടിച്ചുയർന്ന ഹസൂരിയ ഖാൻ ആണ് കഥാകാരി. സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ തുറന്നെഴുതിക്കൊണ്ടാണവർ ചെറുകഥാ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. വേരുപിടിച്ചു കിടക്കുന്ന നന്മകളുടെയും ഇന്നലെകളുടെയും ഹരിതാഭയിൽനിന്നാണ് തെളിമയാർന്ന നിഷ്കളങ്കതയോടെ ഹസൂരിയാ ഖാൻ കഥകളെഴുതുന്നത്. വളച്ചുകെട്ടലോ ഒളിച്ചുവെക്കലോ ഒന്നും അവക്കില്ല. ലക്ഷദ്വീപിന്റെ തനത് നിഷ്കളങ്കതയുടെ നിസ്വനം ആദ്യ കഥയായ ‘ഇലപൊഴിയും കാല’ത്തിലെപോലെ ‘മഴപ്പക്ഷികളി’ലും അലയടിക്കുന്നത് നമുക്ക് കേൾക്കാൻ കഴിയുന്നുണ്ട്.
ലക്ഷദ്വീപ് നിവാസിയായ ഹസൂരിയയുടെ കൃതികളിൽ ദ്വീപിലെ ഭാഷയുടെ പ്രാദേശികത്വവും കടന്നുവരുന്നുണ്ട്. പെണ്ണെഴുത്തിന്റെ മറ്റൊരു മുഖം ഈ കഥാകാരിയിലൂടെ ദർശിക്കാം. ജീവിത യാഥാർഥ്യങ്ങൾ എത്രമാത്രം മനുഷ്യമനസ്സുകളെ വേദനിപ്പിക്കുന്നു എന്ന് മഴപ്പക്ഷികളിലൂടെ കഥാകാരി തുറന്ന് കാട്ടുന്നു. 39 കഥകളുടെ സമാഹാരമാണിത്. ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രമേയ വൈവിധ്യം ‘മഴപ്പക്ഷി’യെ വേറിട്ടുനിർത്തുന്നു. പ്രണയം, പ്രണയ നൈരാശ്യം, മാതൃത്വം, അനാഥത്വം, സ്വാതന്ത്ര്യം, വിശപ്പ്, ഏകാന്തത, കൊലപാതകം, ഗൃഹാതുരത്വം, സൂഫിസം തുടങ്ങി പ്രളയം വരെ കഥകളിൽ പാത്രമാകുന്നുണ്ട്. സമാഹാരത്തിലെ മികച്ച കഥകളിൽ ഒന്നായി അനുഭവപ്പെട്ടത് ‘മഴപ്പക്ഷികളാ’ണ്. പ്രമേയത്തിന്റെ തീക്ഷ്ണതയും ആവിഷ്കാരത്തിന്റെ കൈയടക്കവുമാണ് കഥക്ക് മികവ് നൽകിയത്.
‘കുഞ്ഞിന്റെ ആത്മാവ്’ എന്ന കഥ പറഞ്ഞുവെക്കുന്നത് ഇന്നിന്റെ യാഥാർഥ്യങ്ങളെയാണ്. കഥയിലെ കഥാപാത്രങ്ങളിൽനിന്ന് നമ്മൾ പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുകയും ആ കഥാപാത്രത്തിന്റെ മനോവികാരത്തിലൂടെ കഥ പറയുകയും ചെയ്യുന്ന ശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിന്റെ മനോവികാരമാണ് കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘മാരിവില്ല്’ എന്ന കഥയിലൂടെ ‘പ്രണയം മനുഷ്യനെ അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു’ എന്ന് പറഞ്ഞുവെക്കുന്നുണ്ട്. നല്ലൊരു സിനിമ കണ്ട പ്രതീതിയോടെയേ ‘മഞ്ഞ് വീഴും താഴ്വാരം’ വായിച്ച് തീർക്കാനാവൂ. മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’ എന്ന എഴുത്തിന് പ്രമേയമായ രണ്ട് പെൺ പ്രണയകഥകൾപോലെ.
ഓരോ മനുഷ്യനും ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണങ്ങളിൽ ഒന്നാമത്തേത് സെൽഫ് ലവ്. നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചു തുടങ്ങുമ്പോൾ ചുറ്റുമുള്ളവരിലേക്കും ആ പോസിറ്റിവ് എനർജി വ്യാപിക്കും എന്നതിൽ സംശയമില്ല. ഈ സന്ദേശം കത്തിനിൽക്കുന്ന കഥകളാണ് ‘ചങ്ങലകൾ’, ‘ആകാശക്കടൽ’, ‘പ്രണയവും സൗഹൃദവും’ തുടങ്ങിയവ. ഇക്കാലത്തും സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങളും അവരുടെ നിസ്സഹായതകളും
അക്ഷേപഹാസ്യത്തിലൂടെ കഥാകൃത്ത് പറയുന്നുണ്ട്. ലളിതമായ ഭാഷയിൽ കാൽപനികമായ ഭാവങ്ങളെ തൊട്ട് തലോടിയാണ് ‘മഴപ്പക്ഷികൾ’ സഞ്ചരിക്കുന്നത്. ‘പുനർവിവാഹം’, ‘വാകരത്തണൽ’, ‘പരീക്ഷ’, ‘അടിവാരം’, ‘ഗർഭം ധരിക്കുന്ന തിരശ്ശീലകൾ’, ‘ഉണങ്ങിയ ചുണ്ടുകൾ’ തുടങ്ങി വ്യത്യസ്ത വായനാനുഭവങ്ങളാണ് കഥകൾ നൽകുക. അവതാരികയിൽ ഡോ. സുലേഖ എഴുതിയതുപോലെ ‘വായനക്കാരുടെ കൈകളിൽ ഈ മഴപ്പക്ഷികൾ പറന്നെത്തുമ്പോൾ തീർച്ചയായും ഹസൂരിയാഖാൻ എന്ന എഴുത്തുകാരിയും അവരുടെ കഥകളും മലയാള ചെറുകഥയുടെ ഭാഗമാകും.’
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.