സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തൽ; അഖില്‍ പി. ധര്‍മജന്റെ പരാതിയില്‍ ഇന്ദുമേനോനെതിരെ കേസ്
text_fieldsഇന്ദു മേനോന്‍
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം നോവലിസ്റ്റായ അഖിൽ പി ധർമജന് ലഭിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നോവലിസ്റ്റ് അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഇന്ദു മേനോന്‍ സെപ്തംബര്‍ പതിനഞ്ചിന് ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അഖില്‍ പി ധര്‍മജനെ അര്‍ഹനാക്കിയ റാം കെയർ ഓഫ് ആനന്ദി എന്ന നോവലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സാമൂഹിക മാധ്യമങ്ങളില്‍ എഴുത്തുകാരി ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ പി ധര്‍മജന്‍ പരാതി നല്‍കിയത്. വിമര്‍ശനങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ളതാണെന്നും അഖിൽ പറഞ്ഞു. അഖില്‍ പി ധര്‍മജന് എതിരായ പ്രതികരണത്തിന് പിന്നാലെ എഴുത്തുകാരി ഇന്ദുമേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
അഖില്‍ പി ധര്‍മജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയുടെ ഉള്ളടക്കത്തെച്ചൊല്ലി ഇന്ദു മേനോന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. 'സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട് എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താന്‍ വിശ്വസിക്കുന്നില്ല' എന്നായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആലപ്പുഴയിൽ നിന്ന് ചെന്നെയിലേക്ക് പഠിക്കാനായെത്തുന്ന ശ്രീറാം എന്ന യുവാവിന്‍റെയും ആനന്ദി എന്ന ശ്രീലങ്കൻ യുവതിയുടെയും കഥ പറയുന്ന നോവൽ വായനക്കാർക്കിടയിൽ വലിയ ചർച്ചയാവുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപ്പോവുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.