കവിതകൾക്കും നിലപാടുകൾക്കുമുള്ള അംഗീകാരം- കെ.ജി. ശങ്കരപ്പിള്ള
text_fieldsബംഗളൂരു: താനെന്നും നീതിയുടെ പക്ഷത്തുനിൽക്കുന്ന എഴുത്തുകാരനെന്ന് എഴുത്തച്ഛൻ പുരസ്കാരം നേടിയ കവി കെ.ജി. ശങ്കരപ്പിള്ള. തന്റെ കവിതകൾക്കും കവിതയിൽ സ്വീകരിച്ച നിലപാടുകൾക്കുമുള്ള അംഗീകാരമായാണ് മലയാള ഭാഷ പിതാവിന്റെ പേരിലുള്ള സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യപുരസ്കാരത്തെ കാണുന്നത്. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപത്തെ ഫ്ലാറ്റിലിരുന്ന് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ആറിന് പത്രത്തിൽനിന്ന് വിളി വന്നപ്പോഴാണ് പുരസ്കാരവിവരം അറിഞ്ഞത്. ഇടതുസർക്കാറിൽനിന്ന് ഇത്തരമൊരു പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. താൻ സർക്കാറിന്റെ പ്രിയപുത്രനല്ല. അവരെ സ്തുതിച്ച് ഒരു വാചകം പോലും പറഞ്ഞിട്ടില്ല. പ്രളയകാലത്ത് അവർ ചെയ്ത രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. അവിടെ കണ്ടത് മനുഷ്യത്വപരമായ സൗന്ദര്യമാണ്. പക്ഷേ, അതുകഴിഞ്ഞപ്പോൾ സ്വഭാവം മാറി.
താൻ ഇടതുപക്ഷത്തിന്റെ മാത്രമല്ല, വലതു പക്ഷത്തിന്റെയും വിമർശകനാണ്. അതുകൊണ്ടാണ് നീതിപക്ഷമെന്ന് പറയുന്നത്. നീതിയുടെ പക്ഷമെന്നത് വെറും ജനപക്ഷമല്ല. ജനപക്ഷത്തിൽ ഇടതും വലതും ഉണ്ടാവാം. വർത്തമാനകാലത്തും ഭാവിയിലുമായി വ്യാപിച്ചുനിൽക്കുന്ന പക്ഷമാണത്. ഇന്ദ്രിയപ്രീണനപരമായ ഒന്നും അതിലുണ്ടാവില്ല. തനിക്കെതിരായ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. അവർ പറയട്ടെ. അതിദാരിദ്ര്യമുക്ത കേരളം എന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയപൊങ്ങച്ചം മാത്രമാണ്. തിരിച്ചറിയൽ കാർഡുകളില്ലാതെ, തെരുവിലുറങ്ങുന്ന മനുഷ്യരുള്ളിടത്തോളം എങ്ങനെ ദാരിദ്ര്യത്തെ ഇല്ലാതാക്കി എന്നാണ് പറയുന്നത്. അല്ലെങ്കിൽ എന്തിന് ആശമാരെ 267 ദിവസം പെരുമഴയത്തും വെയിലിലും സമരത്തിനിരുത്തി.
ശമ്പളവർധന നേരത്തേ പ്രഖ്യാപിക്കാമായിരുന്നല്ലോ. അഞ്ചു പൈസ കൊടുക്കില്ലെന്ന് പറഞ്ഞവരാണ്. വൈകി വിട്ടുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഇടതുപക്ഷത്തെ മാത്രം ഇതിൽ കുറ്റപ്പെടുത്താനാവില്ല. സമകാലീന വിഷയങ്ങളിൽ ഇടപെടാതെ മാറിനിൽക്കാൻ തനിക്കാവില്ല. എഴുത്തുകാരൻ പിന്നെ എന്താണെഴുതേണ്ടത്. മുത്തശ്ശിക്കഥകളോ. സർക്കാറിന്റെ രാഷ്ട്രീയം നോക്കിയല്ല വിമർശിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്തെയും എതിർത്തിട്ടുണ്ട്. ഫാഷിസത്തെയും വിമർശിക്കുന്നു. ഫാഷിസം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത് ആദ്യം നമ്മൾ അറിയുന്നത് മനസ്സിനുള്ളിൽ ഭയത്തിന്റെ ചെറിയ ചെറിയ പ്രകമ്പനങ്ങളായാണ്. കരിനിയമങ്ങളും നീതി നിഷേധങ്ങളും പൊലീസ് അക്രമങ്ങളുമെല്ലാം ഫാഷിസം തന്നെയാണ്. അത് ഇന്നലത്തേക്കാളും ഒട്ടും കുറവല്ല.
‘വെട്ടുവഴി’ എന്ന കവിത എഴുതിയത് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അതേ ദിവസമാണ്. അത്രക്ക് വേദനയുണ്ടായി. സമകാലീന വിഷയങ്ങളിൽ പ്രതികരിച്ചതുകൊണ്ട് ഒറ്റപ്പെട്ടിട്ടില്ല. എത്രായിരം പേരാണ് പിന്തുണച്ച് വന്നത്. ‘കൂർമം’ വന്നപ്പോഴും അത്തരം കൂടെ നിൽക്കൽ ഉണ്ടായി. അതൊരു സംരക്ഷണമാണെന്നും കെ.ജി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

