കുബേരചരിതം ആട്ടക്കഥയാക്കി കെ.എൽ.എം. സുവർധൻ
text_fieldsകെ.എൽ.എം. സുവർധൻ
പാലക്കാട്: കുബേരചരിതം ആദ്യമായി ആട്ടക്കഥയാക്കി അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൈങ്കുളം കൂടലാറ്റുപുറത്ത് മനയിൽ സുവർധൻ എന്ന കെ.എൽ.എം. സുവർധൻ. കുബേരചരിതം എന്നാണ് ആട്ടക്കഥയുടെ പേരെങ്കിലും കുബേരന്റെ ജീവിതത്തിലെ ആദ്യ ചില സംഭവങ്ങൾ മാത്രമേ ഇതിൽ പരാമർശിക്കുന്നുള്ളു. കെ.സി. ദാമോദരൻ നമ്പൂതിരിപ്പാടിന്റെയും ടി.എസ്. ആര്യാദേവിയുടെയും മകനായി ചെറുതുരുത്തി പൈങ്കുളം കൂടലാറ്റുപുറത്ത് മനയിലാണ് സുവർധന്റെ ജനനം. വാണിയംകുളം എൽ.പി, പൈങ്കുളം യു.പി, പാഞ്ഞാൾ എച്ച്.എസ്, പറളി എച്ച്.എസ് സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം.
കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു. തുടർന്ന് വെള്ളിനേഴി വാസന്തി, കലാമണ്ഡലം ദേവസേന, കലാമണ്ഡപം ശ്രീദേവി തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യം തുടർപഠനം നടത്തി. കെ.ആർ. നീലകണ്ഠൻ നമ്പീശന്റെ അടുത്ത് കുറച്ചുകാലം സംസ്കൃത പഠനം നടത്തി. പ്രീഡിഗ്രി വിദ്യാഭ്യാസശേഷം ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഇപ്പോൾ പൈങ്കുളത്ത് സ്ഥിരതാമസം. കെ.എം. അഞ്ജുവാണ് ഭാര്യ. കവിതകളും ശ്ലോകങ്ങളും ചേർത്ത് ‘ആത്മസാന്നിധ്യം’, തിരുവാതിരക്കളിപ്പാട്ടുകളുടെ സമാഹാരം ‘ആതിരാരവം’ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. കൂടാതെ സ്കന്ദവിജയം ആട്ടക്കഥ അരങ്ങത്ത് അവതരിപ്പിച്ചു.
ഡിസംബർ 27ന് വൈകീട്ട് ആറിന് പൈങ്കുളം തിരുവഞ്ചിക്കുഴി ക്ഷേത്രത്തിൽ കുബേരചരിതം ആട്ടക്കഥ അരങ്ങേറും. കുബേരചരിതം ആട്ടക്കഥയിൽ കുബേരനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും കുബേര പത്നിയായി സുരേഷ് തോട്ടരയും അരങ്ങിലെത്തും. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് കലാമണ്ഡലം ബാബു നമ്പൂതിരിയാണ്. കൂടെ കലാമണ്ഡലം വിനോദും പാടും. കലാമണ്ഡലം വേണുമോഹൻ ചെണ്ടയും കലാമണ്ഡലം രാജനാരായണൻ മദ്ദളവും വാസുദേവൻ മുതുകുറുശ്ശി ഇടയ്ക്കയും കൈകാര്യം ചെയ്യും. കലാമണ്ഡലം ശിവരാമനാണ് ചുട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.