ആൾക്കൂട്ടത്തിൽ ഒരു മനുഷ്യൻ
text_fieldsഞാൻ സത്യം ഉറക്കെ
വിളിച്ചുപറഞ്ഞു
പക്ഷേ, ആൾക്കൂട്ടത്തിന്റെ;
ആരവത്തിൽ,
രാജാവ് അത് കേട്ടില്ല!
അല്ലെങ്കിൽ അവർ
കേട്ടതായി ഭാവിച്ചില്ല
അവർക്കുവേണ്ടത്
വാഴ്ത്തുപാട്ടുകളായിരുന്നു
അതിൽ അവർ
സ്വയം അഭിരമിച്ചു.
അവർ പരസ്പരം
പുകഴ്ത്തി സമയം പോക്കി.
ഞാൻ വീണ്ടും
നിലവിളിച്ചു.
പക്ഷേ, അവർ കരുതിയത്
ഞാൻ ചിരിക്കുക
യാണെന്നാണ്.
അങ്ങനെ ബഹുവചനങ്ങളുടെ,
കലമ്പലിൽ, എന്റെ
ഏകവചനം
മുങ്ങിമരിച്ചു.
ജനാധിപത്യയുഗത്തിലാണ്
നാം ജീവിക്കുന്നതെന്ന്
അവർ ആവർത്തിച്ചു
കൊണ്ടേയിരുന്നു
എന്നിട്ടും അവരെന്തിനാണ്,
‘പ്രൊക്രസ്റ്റസി’ന്റെ
കട്ടിലിൽതന്നെ
പ്രജകളെ ബന്ധനസ്ഥ
രാക്കുന്നത്..?
അവരുടെ സ്വാതന്ത്ര്യത്തിന്റെ
കാലുകളെന്തിനാണ്
കട്ടിലിന്റെ നീളമനുസരിച്ച്
മുറിച്ചുമാറ്റുന്നത്..?
ഞാൻ സത്യം വീണ്ടും,
പറഞ്ഞുകൊണ്ടേയിരുന്നു.
ആൾക്കൂട്ടം ഒരിക്കലും
ചിന്തിക്കുന്നില്ലാ എന്നും;
അവർ ആവേശം കൊള്ളുക
മാത്രമാണ് ചെയ്യുന്നതൊന്നും,
ചെവിക്കൊണ്ടില്ല.
അധികാരികൾക്ക്
ജനക്കൂട്ടമായിരുന്നു
വേണ്ടത്...
അതവരെ
ഉന്മാദികളാക്കി.
ആ ഉന്മാദത്തിൽ
അവർ ദൈവത്തിനും മീതെ,
മറ്റെന്തൊക്കെയോ
ആയിമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.