നുള്ളിക്കോട്ടി
text_fieldsവര: അനിത എസ്.
കുട്ടിക്കാലത്തു തോട്ടിൽനിന്നും പിടിച്ച മീനിന്റെ പേരാണ് നുള്ളിക്കോട്ടി. രാജീവൻ ആ മീനിന്റെ ചിത്രം വരക്കാൻ ശ്രമിച്ചു. പക്ഷേ, ആ ശ്രമത്തിനിടയിൽ മേശയുടെ ഇടുക്കിൽ ഇറുങ്ങി കൈ മുറിഞ്ഞു. രാജീവൻ അത് തന്റെ വൈഫ് കാണാതെയിരിക്കാൻ ചുവന്ന പെയിന്റിൽ കൈ മുക്കി, പക്ഷേ ചോര പൊടിഞ്ഞ ചുവന്ന കളർ മെറൂൺ കളർ ആകുന്നത് രാജീവൻ ആകാംക്ഷയോടെ കണ്ടു. രാജീവന്റെ ഇപ്പോഴത്തെ പേര് രാജീവ് എന്നാണ്. നാരായണൻ നാരായൺ ആയതുപോലെ അല്ലെങ്കിൽ ശശി ശശീന്ദ്രൻ ആയതുപോലെ, ചിലപ്പോൾ ലോപിക്കുകയും, ചിലപ്പോൾ വിപുലീകരിക്കുകയും ചെയ്യുന്ന പച്ചയായ പരിഷ്കാരത്തിന്റെ പേരാണ് നുള്ളിക്കോട്ടി!
ങേ..!
രാജീവ് തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുന്നത് വൈഫ് മനസ്സിലാക്കിയത് ആവണം അവൾ തുറിച്ചുനോക്കി. രാജീവ് ആ നോട്ടത്തിൽ അലിഞ്ഞില്ലാതെയാവുകയും, കിടക്കയിലേക്ക് ഊളിയിട്ട് പോവുകയും ചെയ്തു. ആ ഊളിയിടലിൽ ചില ശബ്ദങ്ങൾ ഉണ്ടായി, അവ രാജീവന്റെ ചെവികളിൽ മുഴങ്ങിയത് ഇപ്രകാരം ആയിരുന്നു ‘ഞാൻ ഒരു നല്ല ഭർത്താവല്ല, ഞാൻ ഒരു നല്ല കുഞ്ഞിന്റെ അച്ഛനല്ല, ഞാൻ ഒരു നല്ല മകനല്ല, ഞാൻ ഒരു നല്ല സാമൂഹ്യ ജീവിയല്ല.’ അത് ഒരു പ്രതിധ്വനിയായി രാജീവന്റെ മേൽ പതിച്ചു. അവൾ കുളിക്കാൻ പോയി, ആശ്വാസമായി. രാജീവ് മൂടിപ്പുതച്ച പുതപ്പ് മെല്ലെ നീക്കി റൂമിലെ ശുദ്ധവായു ഒന്ന് ശ്വസിച്ചു. മീനിന് വെള്ളം കിട്ടിയ അനുഭൂതി.
ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യാൻ തുടരുന്ന രീതികളിൽ ഏറ്റവും പ്രധാനം തൂങ്ങിമരണമാണ്, എന്തുകൊണ്ടായിരിക്കാം അവർ ആ രീതി പിന്തുടരുന്നത്? തേങ്ങ പറിക്കുന്ന രാമേട്ടൻ, അത് കഴിഞ്ഞു രാമേട്ടന്റെ മകൻ ബിനൂട്ടി, അവർ തിരഞ്ഞെടുത്തത് ഈ തൂങ്ങിമരണം ആയിരുന്നു. അവർക്ക് തെങ്ങിന്മേൽനിന്ന് കൈയും കാലും വിട്ട് താഴെ ചാടി ആ കൃത്യം നിർവഹിക്കരുതായിരുന്നോ എന്ന് ആ നിമിഷം തോന്നിപ്പോയിട്ടുണ്ട്. പക്ഷേ, അവരുടെ മരണം ഉറപ്പിക്കാൻ അവർക്ക് ഉറപ്പുള്ള ഒരു കയറുതന്നെ വേണമായിരുന്നു.
തെങ്ങു ചതിക്കില്ല എന്ന വിശ്വാസമോ അന്ധവിശ്വാസമോ ഒന്നും അല്ല അവരെ ഈ രീതി പിന്തുടരാൻ പ്രേരിപ്പിച്ചത്. പക്ഷേ, ബിനൂട്ടിയുടെ ഭാര്യ ലസിത ആത്മഹത്യ ചെയ്ത രീതി വ്യത്യസ്തമായിരുന്നു, കിണറ്റിൽ ചാടി! വെള്ളത്തിൽ ചാടി മരിക്കാൻ കൂടുതൽ പേരും ശ്രമിക്കാറില്ല. കാരണം, എങ്ങനെയെങ്കിലും ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ രക്ഷപ്പെടുക എന്ന തുരുത്തിൽ അവർ എത്തിപ്പെടും. അത് ഒഴിവാക്കാനായിരിക്കും ആ രീതി ആരും കൂടുതലായി തിരഞ്ഞെടുക്കാത്തത്. ലസിതയുടെ മകൻ നിരൺ ദേവ്, അവനും ആത്മഹത്യ ചെയ്തതായിരുന്നു. അഞ്ച് തലമുറകൾ! അപ്പോഴേക്കും അവൾ കുളികഴിഞ്ഞ് റൂമിലേക്ക് വന്നു. വീണ്ടും രാജീവ് പുതപ്പിനുള്ളിൽ ഊളിയിട്ടു. തോട് കലക്കി മീൻപിടിക്കുന്നതുപോലെ അവൾ പുതപ്പ് വകഞ്ഞുമാറ്റി രാജീവനെ പിടിച്ചു. കൈ ഇറുങ്ങിയ ചോരപ്പാട് കണ്ടുപിടിച്ചു.
‘നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണം മനുഷ്യാ...’
ആ പറച്ചിലിൽ രാജീവന്റെ കൈവിരൽ വേദന മനസ്സിലേക്ക് കൂടുതൽ ആഴത്തിൽ പതിച്ചതുപോലെ തോന്നി, ആരും കാണാതെ അവൻ കരഞ്ഞു. രാജീവ് അന്ന് പുലർച്ചെ ഒരു സ്വപ്നം കണ്ടു. ഏതോ വലിയ കുഴിയിലേക്ക് താഴ്ന്നുപോകുന്നു രാജീവ്. സ്വപ്നത്തിൽനിന്നും ഉണർന്നെങ്കിലും കണ്ണ് തുറക്കാൻ പറ്റുന്നില്ല, സ്വപ്നത്തിൽ കണ്ട വേഗത്തിൽ അല്ല ഇപ്പോൾ വളരെ പതുക്കെ താഴ്ന്നു താഴ്ന്നുപോകുന്ന പോലെ... എത്ര ശ്രമിച്ചിട്ടും കണ്ണ് തുറക്കാൻ പറ്റുന്നില്ല, താൻ മരിച്ചുപോയോ എന്ന് ഒരു നിമിഷം തോന്നിയ അവസ്ഥ. പെട്ടെന്ന് അവന്റെ ഉറ്റ ചങ്ങാതിയെ വിളിച്ചു.
‘വിമേഷ്...’
മൂന്നു പ്രാവശ്യം വിളിച്ചു. അത്ഭുതം എന്ന് പറയട്ടെ കണ്ണുകൾ തുറന്നു, ശ്വാസം കിട്ടി, മൊബൈലിൽ സമയം നോക്കി 5.30. പിന്നെ ഉറങ്ങാൻ തോന്നിയില്ല, അവൾ പോത്തുപോലെ ഉറങ്ങുന്നു. എന്തുകൊണ്ടാണ് ഈ സമയം മരണത്തെക്കുറിച്ച് സ്വപ്നം കാണുന്നത്? തന്റെ സമയം അടുത്തുകഴിഞ്ഞുവോ?
കഴിഞ്ഞ പതിനാറു വർഷത്തെ കണക്ക് നോക്കിയാൽ എട്ടുവർഷം ഉയർച്ചയും എട്ടുവർഷം താഴ്ചയും ആയിരുന്നു. ഈ ഉയർച്ചതാഴ്ചകൾ ഒക്കെ നിർണയിക്കുന്നത് സാമ്പത്തികം മാത്രം നോക്കിയാണ്. പൈസ ഉള്ളപ്പോൾ പതി, പൈസ ഇല്ലാത്തപ്പോൾ പാതി. രാജീവ് അന്ന് രാത്രിയിൽ ഈ വാചകം പറഞ്ഞു പുതപ്പിനുള്ളിൽ ഊളിയിട്ടു.
മൈത്രേയന്റെ ഇന്റർവ്യൂ ആണ് നിങ്ങൾ ഇപ്പൊ സ്ഥിരം കാണാറ് എന്നുപറഞ്ഞാണ് ഇന്ന് അവളുടെ വഴക്ക്, അതിനിടക്ക് മൈത്രേയൻ എന്ന വാക്ക് പോലും അവൾ വിളിച്ചു. രാജീവ് പുതപ്പുമൂടി കരഞ്ഞു. ആ സമയം വീണ്ടും കേട്ടു, ‘ഞാൻ ഒരു നല്ല ഭർത്താവല്ല, ഞാൻ ഒരു നല്ല കുഞ്ഞിന്റെ അച്ഛനല്ല, ഞാൻ ഒരു നല്ല മകനല്ല, ഞാൻ ഒരു നല്ല സാമൂഹ്യ ജീവിയല്ല.’ ചൂണ്ടകൊണ്ട് ചങ്കിൽ കുരുക്കി ഒരു പുതിയ ആത്മഹത്യ ചെയ്താലോ എന്ന് രാജീവന് തോന്നി. അതിനായി അവ തയാറാക്കി നടന്നുനീങ്ങി, അപ്പൊ സുഹൃത്ത് വിമീഷിന്റെ ഫോൺ,
‘എടാ... പെങ്ങളുടെ ഡെലിവറി ഇന്നാണ്. ഓപറേഷനാണ്. നിന്റെ ഒ നെഗറ്റീവ് അല്ലെ, വേഗം വാ രക്തം വേണം. ഒന്നും നോക്കിയില്ല, കൈയിലെ മുറിവ് ഒന്നുകൂടി കൂട്ടിക്കെട്ടി രാജീവ് നേരെ ആശുപത്രിയിലേക്ക്...
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.