എം.ടി എഴുത്തിൽ ഒതുങ്ങാത്ത വ്യക്തിത്വം -മുകുള്‍ കേശവൻ
text_fieldsകോഴിക്കോട് ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിൽ എം.ടി വാരം ചരിത്രകാരൻ മുകുൾ കേശവൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: എഴുത്തിലൊതുങ്ങാത്ത മഹാവ്യക്തിത്വങ്ങളുടെ ഒരു പൈതൃകം ഇന്ത്യൻ പ്രാദേശിക ഭാഷകളിലുണ്ടെന്നും ഇഖ്ബാൽ, ടാഗോർ, ശിവറാം കോറന്ത്, അനന്തമൂർത്തി തുടങ്ങിയവരുടെ ഈ നിരയിൽ സ്ഥാനപ്പെടുത്തേണ്ട എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ എന്നും പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും ചരിത്രകാരനുമായ മുകുൾ കേശവൻ. എം.ടിയുടെ പിറന്നാൾ ദിവസം ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച എം.ടി വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം സ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കുമ്പോഴും പുറത്തുള്ള ലോകത്തെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നുവെന്നതാണ് എം.ടിയുടെ പ്രത്യേകതയായി താൻ കാണുന്നതെന്നും മുകുൾ കേശവൻ പറഞ്ഞു.
‘സാഹിത്യം, ചലച്ചിത്രം, മതേതര സാമാന്യബോധം’ എന്ന വിഷയത്തെപ്പറ്റി എൻ.പി ആഷ്‌ലിയുമായി നടത്തിയ ഒന്നാമത് എം.ടി അനുസ്മരണ സംഭാഷണത്തിൽ മതേതരത്വം/വർഗീയത എന്ന പരികല്പനയെ ബഹുസ്വരത/ ഭൂരിപക്ഷതാവാദം എന്ന സംജ്ഞയിലേക്ക് മാറ്റേണ്ടതിനെക്കുറിച്ച് മുകുൾ കേശവൻ സംസാരിച്ചു. ഭൂരിപക്ഷതാവാദം രാഷ്ട്രീയമായി നിർമിച്ചെടുക്കുന്നതാണ്. അത് ഭൂരിപക്ഷത്തിന്‍റെ രാഷ്ട്രീയ ഇച്ഛയോ താൽപര്യമോ അല്ല. അതിന്‍റെ സാമാന്യബോധത്തെ ഗാന്ധി, അംബേദ്കർ, നെഹ്റു, ആസാദ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബഹുസ്വരതയുടെ സാമാന്യബോധം കൊണ്ട് എതിർക്കേണ്ടതുണ്ട്.
ശിഥിലീകരിക്കപ്പെട്ടുതുടങ്ങിയ കേരളീയ വ്യക്തിത്വത്തിന്‍റെ രേഖപ്പെടുത്തലാണ് എം.ടിയുടെ നോവലുകളിൽ കാണുന്നതെന്നും ആ അർഥത്തിലാണ് അദ്ദേഹത്തിന്‍റെ കേരളീയതയെ വായിക്കേണ്ടതെന്നും ‘എം ടിയും കേരളീയതയും’ എന്ന പ്രഭാഷണത്തിൽ സുനിൽ പി. ഇളയിടം നിരീക്ഷിച്ചു. ‘എന്‍റെ പ്രിയപ്പെട്ട എം.ടി സിനിമകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജിയോ ബേബി, ഷാഹിന റഫീഖ് എന്നിവർ പങ്കെടുത്തു. പ്രഫ. രോഹിത് പി മോഡറേറ്ററായിരുന്നു. ‘എം.ടി സ്ഥാപനങ്ങളും നിലപാടുകളും’ എന്ന ചർച്ചയിൽ ഡോ. എം.എം. ബഷീർ, ഷഫീഖ് താമരശ്ശേരി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഡോ. എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. ദയാപുരം എം.ടി വാരത്തിന്‍റെ ക്യൂറേറ്ററും ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകനുമായ എൻ.പി. ആഷ് ലി പരിപാടി അവതരിപ്പിച്ചു. ദയാപുരം പാട്രണ്‍ സി.ടി. അബ്ദുറഹീം ഉപഹാരങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി, കോളജ് പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ എന്നിവർ സംസാരിച്ചു. ഗ്രീന രവി സ്വാഗതവും ശ്രീഷ്മ പി.വി. നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.