നെടുവ വായനശാല: അക്ഷര വിപ്ലവത്തിന്റെ തൊണ്ണൂറാണ്ട്
text_fieldsനെടുവ യുവജന സംഘം വായനശാല
പരപ്പനങ്ങാടി: സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് അക്ഷര പ്രചോദനമേകിയ വായനശാലക്ക് നവതിയുടെ അക്ഷര തിളക്കം. 1936ൽ നെടുവ യുവജനസംഘം സ്ഥാപിച്ച വായനശാല നാടിന് സമ്മാനിച്ച സാംസ്കാരിക വെളിച്ചം ഇന്നും അണയാതെ നിൽക്കുകയാണ്. അഡ്വ. ഇ. ഗോവിന്ദൻ നായർ വാടക വാങ്ങാതെ കെട്ടിടത്തിൽ പൊതുവായനകേന്ദ്രത്തിന് തുടക്കമിടാൻ നൽകിയ അവസരമാണ് ആദ്യ ചുവട്. തൊട്ടടുത്തെ കൊളപ്പുറം തറവാട്ടിലെ വി.എസ്. നായർ സംഭാവന ചെയ്ത ഭൂമിയിൽ വായനശാലക്ക് പിന്നീട് സ്വന്തം കെട്ടിടം ഉയർന്നു.
സംഭാവന പിരിച്ചും നാടകവതരണത്തിലൂടെ സമാഹരിക്കപ്പെട്ട ഫണ്ട് ചേർത്തുമാണ് കെട്ടിടം പണിതത്. ചരിത്ര പണ്ഡിതരായ ഡോ. എം.ജി.എസ്, ഡോ. എം. ഗംഗാധരൻ എന്നിവരടക്കമുള്ളവർ തുടക്കമിട്ട വായനശാലയിൽ തുടക്കത്തിലേ ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു.
പുതിയാട്ടിൽ കേശവൻ നായർ, പി.കെ. കുമാരൻ നായർ, പുല്ലാഞ്ചേരി ഭാസ്കരമേനോൻ, എൻ.സി. മാധവ മേനോൻ, പരപ്പിൽ ഗംഗാധര മേനോൻ, പി. ഗംഗാധരൻ, എ.പി. അച്ചുതൻ കുട്ടി മേനോൻ, സ്വാതന്ത്ര്യസമര സേനാനികളും പിന്നീട് കമ്യൂണിസ്റ്റ് നായകരുമായ കെ. കോയ കുഞ്ഞിനഹ, കെ.പി.എച്ച്. മുഹമ്മദ് നഹ, എന്നിവരിലായിരുന്നു ആദ്യകാല സാരഥ്യം.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പല കൂടിയാലോചന യോഗങ്ങളും ഈ വായനശാലയിൽ നടന്നിരുന്നെന്ന് പറയപ്പെടുന്നു. ഇപ്പോൾ വായനശാലയിൽ 15,000ലധികം പുസ്തകങ്ങളുടെ ശേഖരമുണ്ടെന്ന് വായനശാല സെക്രട്ടറി എ.വി. ബാലകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.