പത്മരാജന്റെ കഥാചിത്രങ്ങൾ
text_fieldsകഥകളെ പ്രണയിക്കുന്നവർക്ക് എഴുത്തിനെ സ്വപ്നമായി കൊണ്ടു നടക്കുന്നവർക്ക് പച്ചയായ ജീവിത മുഹൂർത്തങ്ങളെ സിനിമയിൽ സന്നിവേശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് എന്നെന്നും ഓർമ്മിക്കാവുന്ന ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മലയാളത്തിലെ മികച്ചൊരു എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജൻ. അവിചാരിതമായ ജീവിത മുഹൂർത്തങ്ങളിലേക്ക് എത്തിപ്പെടേണ്ടി വന്ന മനുഷ്യരുടെ അനുഭവങ്ങൾ മനസ്സിൽ പതിപ്പിച്ചു തന്ന മനോഹരങ്ങളായ കഥകൾ മലയാള സാഹിത്യ പ്രേമികൾക്ക് പകർന്നു നൽകിക്കൊണ്ടാണ് പത്മരാജൻ എന്ന പ്രതിഭാശാലിയായ എഴുത്തുകാരൻ യാത്രയായത്. സിനിമകളിൽ കാണുന്ന പത്മരാജനിൽ നിന്നും ഒട്ടും വേറിട്ട് നിൽക്കുന്നില്ല കഥകളിൽ കാണുന്ന പത്മരാജൻ എന്നതാണ് പത്മരാജൻ എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സവിശേഷത. സങ്കടമായാലും നിരാശയായാലും പ്രണയമായാലും വാക്കുകളാൽ അത് തീവ്രമായി വായനക്കാരിലേക്ക് പകർന്നു നൽകാൻ പത്മരാജന്റെ കഥകൾക്ക് സാധിച്ചിട്ടുണ്ട്.
ലോല, അപരൻ, തകര, ചൂണ്ടൽ തുടങ്ങിയ കഥകൾ വായനപ്രേമികളുടെ മനസ്സുകളിൽ എന്നെന്നും മായാതെ നിൽക്കുന്നവയാണ്. ഇനിയൊരു കണ്ടുമുട്ടൽ അസാധ്യമെന്ന് അടയാളപ്പെടുത്തിക്കൊണ്ട് അവസാനിക്കുന്ന ലോലയിലെ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ എന്നെന്നും ക്ലാവ് പിടിക്കാതവശേഷിക്കുന്നു. മരണത്തിന്റെ നിശബ്ദതക്കൊപ്പം പ്രകൃതിയുടെ നിഗൂഢ ഭാവവും പത്മരാജന്റെ കഥകളിൽ പ്രകടമായി കാണാവുന്നതാണ്. മനുഷ്യന്റെ വൈകാരികതകളെ സത്യസന്ധമായി കഥകളിൽ ആവിഷ്ക്കരിക്കാൻ പത്മരാജൻ എന്ന എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്ന് പറയാവുന്നതാണ്. മൂവന്തി എന്ന കഥയിൽ പെൺകുട്ടിയുടെ പ്രണയത്തിന്റെ ആർദ്രഭാവങ്ങൾ വായനക്കാർക്ക് അനുഭവിച്ചറിറിയുവാൻ സാധിക്കുമ്പോൾ തന്നെ മൃതി, കബറ് തുടങ്ങിയ കഥകൾ പ്രണയത്തിന്റെ ആഴങ്ങൾ പതിഞ്ഞ കഥകളായിരുന്നു.
സാമൂഹികമായ പ്രസക്തി പത്മരാജന്റെ കഥകളിലെ സവിശേഷതയാണ്. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ വായനക്കാർക്ക് സ്വന്തം അനുഭവത്തിൽ ഉള്ളതാണെന്നൊരു തോന്നലുളവാക്കുന്നു എന്നതാണ് കഥകളെ മികവുറ്റ സൃഷ്ടികളാക്കുന്നത്. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലേക്കുള്ള ആഴത്തിലുള്ള അന്വേഷണം പല കഥകളിലും കാണുവാൻ സാധിക്കുന്നതാണ്. മനുഷ്യന്റെ വികാരങ്ങളെ അഭ്രപാളികളിലേക്ക് പകർത്തിയെഴുതിയപ്പോൾ പത്മരാജൻ എന്ന എഴുത്തുകാരൻ വായനപ്രേമികൾക്ക് സമ്മാനിച്ചത് നിരവധിയായ മികവുറ്റ കഥകളാണ്.
“വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” മലയാള സാഹിത്യത്തിലെ കഥകളിൽ അധികമൊന്നും കാണാൻ സാധിക്കാത്തത്രയും തീക്ഷ്ണമായ യാത്രാമൊഴിയായിരുന്നു പത്മരാജൻ എന്ന എഴുത്തുകാരൻ ഭാവനയുടെ തൂലികയിൽ നെയ്തെടുത്ത ‘ലോല’ എന്ന കഥാപാത്രത്തിനെതിന്റേത്. വികാരങ്ങൾ തീവ്രമാകുമ്പോൾ വരികൾ പലപ്പോഴും വായനക്കാരുടെ ഹൃദയത്തിൽ കലാതിവർത്തിയായി പതിയുന്നു. സ്വപ്നങ്ങളിലെ ഗന്ധർവ്വനായി അഭ്രപാളികളിൽ പത്മരാജൻ കഥകൾ പറഞ്ഞപ്പോൾ അത് പരിചിതമല്ലാതിരുന്ന പുതിയൊരു അനുഭവം വായനക്കാർക്ക് സമ്മാനിക്കുകയായിരുന്നു.
ഭാവസാന്ദ്രമായ ഭാഷ പത്മരാജൻ കഥകളെ വായിക്കുന്നവരെ പിടിച്ചിരുത്താൻ കരണമാകുന്നൊരു സവിശേഷതയാണ്. ചൂണ്ടൽ, പ്രതിമയും രാജകുമാരിയും തുടങ്ങിയ കഥകൾ ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ പ്രയാണങ്ങളുടെ അടയാളപ്പെടുത്തലുകളായിരുന്നു. രചിച്ച കഥകൾ പലതും മികവുറ്റ തിരക്കഥകളിലൂടെ ചലച്ചിത്രങ്ങളായി മാറിയപ്പോൾ പത്മരാജനിലെ മികച്ച കലാകാരൻ മലയാളികൾക്ക് സമ്മാനിച്ചത് കാലപ്രയാണത്തിന് തിളക്കം നഷ്ടപ്പെടുത്താൻ സാധിക്കാത്ത ഒരു പിടി മികച്ച ചലച്ചിത്രങ്ങളാണ്. 1972ൽ ‘പ്രയാണം’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് പത്മരാജൻ എന്ന എഴുത്തുകാരന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഭരതൻ എന്ന സംവിധായകന് വേണ്ടി മികവുറ്റ തിരക്കഥകൾ ഒരുക്കിക്കൊണ്ടാണ് പത്മരാജൻ സിനിമ മേഖലയിൽ സജീവമാവുന്നത്. ജീവിതത്തിന്റെ രണ്ടറ്റത്തു നിൽക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ അന്ന് വരെ നിലവിലുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ് ‘പെരുവഴിയമ്പലം ‘ എന്ന സിനിമയിലൂടെ പത്മരാജൻ ചെയ്തത്.
തൂവാനതുമ്പികൾ, അപരൻ, അരപ്പട്ട കെട്ടിയ ഗ്രാമം, ഇന്നലെ തുടങ്ങി മലയാളികളുടെ ഹൃദയത്തിന്റെ ചെപ്പിൽ ചുമർ ചിത്രങ്ങൾ പോലെ എന്നെന്നും നിലനിൽക്കുന്ന എത്രയെത്ര മനോഹരങ്ങളായ സിനിമകൾ. പ്രണയവും മഴയും ഇഴ ചേർന്നു നിൽക്കുന്ന തൂവാനതുമ്പികൾ എന്ന ചലച്ചിത്രം ഇന്നും കാണുമ്പോൾ അതിന്റെ പുതുമ നഷ്ടമാവുന്നില്ല. വ്യത്യസ്തതകളായിരുന്നു എന്നും പത്മരാജൻ സിനിമകളുടെ മുഖമുദ്ര. വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെയും വൈവിധ്യമാർന്ന കഥാപാത്ര സൃഷ്ടികളിലൂടെയുമാണ് പത്മരാജൻ എന്ന സംവിധായകൻ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിനുള്ളറകളിലേക്ക് നടന്നു കയറിയത്. മലയാളത്തെ പ്രണയിക്കുന്നവരുടെ മനസുകളിൽ ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ സ്വന്തം പപ്പേട്ടൻ ആയ പത്മരാജൻ.
എഴുതുവാൻ ഏറെ ബാക്കി വച്ച് കൊണ്ട് പത്മരാജൻ എന്ന എഴുത്തുകാരൻ വർഷങ്ങൾക്ക് മുൻപെ മനുഷ്യർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത മറ്റൊരു ഗന്ധർവ്വ ലോകത്തിലേക്ക് യാത്രയായി. കാലങ്ങൾക്ക് ശേഷവും പത്മരാജൻ എന്ന എഴുത്തുകാരൻ മലയാള സാഹിത്യപ്രേമികളുടെ മനസ്സുകളിൽ മായാതെ നിൽക്കുന്നത് എഴുതി വച്ചിട്ടുള്ള വൈവിധ്യമേറിയ കഥകളിലൂടെയാണ്. തീവ്രമായ പ്രണയമായും വിരഹമായും അലയടികളുയർത്തിക്കൊണ്ട് പത്മരാജന്റെ കഥകളൊക്കെയും വായനപ്രേമികളുടെ മനസുകളിൽ ഒഴുകിക്കൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.