അവനവനിടം
text_fieldsവാതോരാതെ തത്ത്വം പറയണം
എന്റെ വാഗ്ദ്ധോരണികളിലെങ്കിലും
പൊതുജനമന്തിച്ചുനിൽക്കവേ
എന്റെ അക്ഷരങ്ങളിൽ അഗ്നിയാകണം
ദയവുനിറയുന്ന വൻമരമാകണം
കനിവുപെയ്യുന്ന മഴയാകണം
നോട്ടങ്ങളിലുമിടപെടലുകളിലും
നിറയുന്ന സ്നേഹമുണ്ടാകണം
ഞാൻ തീർത്ത രമ്യഹർമത്തിൽ
എനിക്കെന്റെ ഇടം തീർക്കണം!
തട്ടിൻപുറത്ത് കൂകിവിളിക്കാൻ
എനിക്കു ഞാൻ മാത്രമാകണം,
എവിടെയും ഇരുളും വെളിച്ചവും
കാറ്റും മഴപോലും എന്റെയാകണം!
എന്റെയിടങ്ങൾ കടം ചോദിച്ചു
വരുന്നവരെന്നോട് ക്ഷമിക്കണം,
എന്റെയിടങ്ങൾ എന്റേതുമാത്രമാണ്.
എനിക്കൊന്നിനും കടമിടപാടില്ല,
മടക്കിത്തരാമെന്ന വാക്കിന്റെ
ഉറപ്പുഭാഷണങ്ങൾ ഞാനപ്പോഴേ
പടിക്കുപുറത്ത് ചാരിവെച്ചിരിക്കുന്നു
അതെന്റെ ചെരിപ്പിനോടൊപ്പം !
എന്റെ വേഷങ്ങളിൽ നിങ്ങളായി
മാറ്റിയതുപോൽ അണിഞ്ഞുകൊള്ളുക,
ഇതുപോലൊരുജന്മം -നിങ്ങളിൽ;
നിങ്ങൾ മാത്രമായി ജീവിക്കാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം !

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.