വാക്കുകളുടെ ഒറ്റുകാരൻ
text_fieldsലോകം നുണയും താൻ മാത്രം സത്യവുമെന്ന
വെളിപാടുറച്ചതിൽപിന്നെ
അയാൾ സമയം കറക്കുന്ന പക്ഷികൾക്ക്
കൃത്യമായി തീറ്റ കൊടുക്കുന്നു.
അവരുടെ ചിന്തകളിലേക്ക് നുഴഞ്ഞുകയറി
ഉറക്കവും ഉണർച്ചയും ക്രമീകരിക്കുന്നു.
കുമ്പിൾവെള്ളത്തിലും പരൽമീൻ ജീവിക്കുമെന്ന
തിരിച്ചറിവിനെ മറച്ചുവെച്ച് കടലിനെക്കുറിച്ച്
ക്ലാസെടുക്കുന്നു.
വാക്കുകൾ തമ്മിലുരച്ച് തീ കത്തിക്കുന്നു.
ചിരിയുടെ മാലപ്പടക്കമെറിയുന്നു.
പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാമെന്നും
നക്ഷത്രങ്ങളെ കൊക്കിലൊതുക്കാമെന്നും
ആവർത്തിച്ചു പ്രസംഗിച്ചു
വിജയമന്ത്രങ്ങളുടെ കാവൽക്കാരനാവുന്നു.
ലോകസഞ്ചാരം തന്റെ വിരൽത്തുമ്പിലെന്ന്
താക്കോൽ കറക്കി
മുന്നിലിരിക്കുന്നവരിലേക്ക്
മായാജാലത്തിന്റെ ചെപ്പടിവിദ്യകൾ വിതറുന്നു.
മാന്ത്രികവടി ചുഴറ്റി
നട്ടുച്ചയിൽ സമാധാനം പ്രഖ്യാപിക്കുന്നു.
അവരയാളുടെ മാന്ത്രികത്തൊപ്പിയിലേക്ക്
കൂട്ടമായി പറന്നെടുക്കുന്നു.
നാണയങ്ങളെറിയുന്നു.
അയാളുടെ ചിരി, കൈയടി, ഉന്മാദം
എല്ലാമൊപ്പിയെടുത്ത്
അനുസരണയുള്ളവരാകുന്നു.
വൈകുന്നേരത്തെ കണക്കുപറച്ചിലുകളിൽനിന്ന്
ലാഭത്തിന്റെ കടലാസുതുണ്ടുകൾ
ഒച്ചയുണ്ടാക്കാതെ
അയാളുടെ പോക്കറ്റിലേക്ക് ചാടിക്കയറുന്നു.
ഗീബൽസിയൻ നുണകളെ
വേഷം കൊണ്ടും
വിഷം കൊണ്ടും
അടക്കിഭരിക്കുന്ന ജ്ഞാനിയെന്ന്
സ്വയം അഭിമാനിച്ച് പുളകിതനാവുമ്പോൾ
വാക്കുകളുടെ ഒറ്റുകാരനെന്ന്
സമയം കറക്കിപ്പക്ഷികൾ ചിലയ്ക്കുന്നു.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.