അതിർത്തി
text_fieldsഅക്ഷാംശ
രേഖാംശങ്ങൾ
പരസ്പരം ചുംബനം
കൈമാറുമ്പോൾ
ധ്രുവങ്ങൾ
നോക്കുകുത്തികളാകുന്നു!
ഒരേ കാറ്റിലും മഴയിലും
അതിരുകൾ ലംഘിക്കപ്പെട്ട്
ഒരൊറ്റ മണ്ണാവുന്നു!
ചൂടിനും തണുപ്പിനും
ലോകരോട്
വേർതിരിവില്ലെന്ന
തിരിച്ചറിവ്
സമവായത്തിലെത്തുമ്പോഴും...
അപൂർണമായ
അർഥതലങ്ങളിലൂടെ
സഞ്ചരിച്ച് തിരിച്ചറിവ്
ചോദ്യചിഹ്നമായ്
മുന്നിൽ നിൽക്കുന്നു!
എഴുതിവെക്കപ്പെട്ട
സത്യങ്ങൾ അസത്യങ്ങളായ് പരിണമിക്കുന്നു!
രാജ്യാതിർത്തിയിൽ
വരച്ചുചേർത്ത രേഖകൾ
നേർത്ത വരകളായ്
രൂപാന്തരപ്പെടുന്നു...
പ്രഹസനങ്ങളും
ചോദ്യചിഹ്നങ്ങളും
സംശയങ്ങളും
അനന്തമായ
അറ്റമറിയാത്ത യാത്രയ്ക്കൊരുങ്ങുന്നു!
പുകപറത്തി പോവുന്ന
കാറ്റിൻ സീൽക്കാരം
അതിർത്തികൾ പാഴ്വാക്കെന്ന
ശീലുകൾ ചൊല്ലുന്നു!
ലിഖിതനിയമങ്ങൾ
കാറ്റിൽ പറത്താനായ്
ഉടമ്പടികൾ
കച്ചകെട്ടിയിറങ്ങുന്നു!
ഉടമയെ തിരയാതെ
രാജ്യവും അതിർത്തിയും
ദയാവധം കാത്തു കഴിയുന്ന
പ്രജകളിലേക്ക്
ഉറ്റുനോക്കുന്നു!
ജീവിതത്തിനും മരണത്തിനും
ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള
ദുർഘട സഞ്ചാരം
അന്തിമയുദ്ധത്തിന് കാഹളമൂതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.