കവിത; കനൽ
text_fieldsമുലയൂട്ടിയ മാറിലേക്ക് കത്തി ഇറക്കിയപ്പോൾ
തെല്ലും പിടഞ്ഞില്ലേ നിന്റെ നെഞ്ചകം!
നിന്നെയെടുത്ത് താലോലം പാടി,
ഊട്ടി, ഉറക്കി രാവും പകലും കൈ വളരുന്നോ
കാൽ വളരുന്നോ നോക്കി ഉറക്കമൊഴിഞ്ഞ
ദിനങ്ങൾക്ക് നീ പകരം കൊടുത്തതോ ഈ
കരളു പിടയുന്ന വേദന...
കൈ പിടിച്ചു നീ കൂട്ടായി മാറിയത്
കാലനാവാനെന്നറിഞ്ഞില്ല കൂടപ്പിറപ്പും...
പ്രണയമെന്ന സ്ഫടികപാത്രം ഇത്ര വേഗം
വീണുടയുമെന്നു അവളും
കരുതിയിട്ടുണ്ടാവില്ല...
അത്ര വേഗമല്ലേ നീ തീർത്തത്...
ഈ ലോകത്തുനിന്നും തന്നെ
തുടച്ച് മാറ്റിയത്...
കണ്ണുകൾ അടച്ചാലും കാതുകളിൽ
അലയടിക്കില്ലേ
നിന്റെ പ്രിയരുടെ പ്രാണരോദനം...
നിന്നെ പെറ്റതോർത്ത്, നിനക്ക്
നാഥനായതോർത്ത്, ഉള്ളം പിടഞ്ഞൊരാൾ
ജീവിതത്തെ ശപിച്ചുകൊണ്ട് അലയാൻ
വിധിക്കപ്പെട്ട് പുറത്തുണ്ട്...
പ്രിയതമയെ, കാത്ത്...
പ്രതീക്ഷയറ്റ കണ്ണിൽ ഒരു കടലാഴത്തെ
ഒളിപ്പിച്ച് കനൽ എരിയുന്ന ഉള്ളുപൊള്ളുന്ന വേദനയായൊരാൾ...
ഇനി ഉള്ള പകലിരവുകൾ നിനക്കുള്ള കഠിനശിക്ഷ വിധിക്കുന്നു...
ഓർമകളുടെ സ്നേഹവാത്സല്യത്തിന്റെ മരണത്തിന്റെ
തടവാണിനി... കൈയിൽ പാപക്കറയുടെ കൈവിലങ്ങും പേറി ഇനി എത്ര
രാപ്പകലുകൾ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.