കവിത; ഗയും സയും എന്ന രണ്ടക്ഷരം
text_fields‘ഗ’യും ‘സ’യും എന്ന രണ്ടക്ഷരം
എഴുതിയപ്പോഴാണ്
കവിയുടെ പേനയിൽനിന്നും രക്തമൊഴുകാൻ
തുടങ്ങിയത്
ബോധം പോയ കവിയുണർന്നപ്പോൾ
മുമ്പിലൊരു പുഴയൊഴുകുന്നു.
നിണമൊഴുകുന്ന പുഴ
വംശഹത്യയുടെ വെടിയുണ്ടകളാൽ
തകർത്തു പെയ്യുന്ന അഗ്നിമഴവീണ്
പുഴ വീണ്ടും നിറഞ്ഞൊഴുകുന്നു
ഒപ്പമൊഴുകുന്നുണ്ട്
അധിനിവേശ നരമേധങ്ങളുടെ
കൊടും ക്രൂരതകൾ
മാംസമില്ലാത്ത കോലങ്ങൾ
അലിഫെഴുതി തുടങ്ങുംമുമ്പ്
അറ്റ വിരലുകൾ
ഉണങ്ങിയ റൊട്ടി കാത്തുനിന്ന
ചെളുങ്ങിയ പാത്രങ്ങൾ
കളിക്കാൻ കൂട്ടുകാരില്ലാത്ത
കളിപ്പാട്ടങ്ങൾ
മൂളും മുമ്പേനിലച്ച
താരാട്ടുപാട്ടിന്റെ ഈരടികൾ
വിശുദ്ധിയുടെ പര്യായമായി
ഒരു ഹിജാബുമൊഴുകി വന്നപ്പോഴാണ്
കവി മൗനം വെടിഞ്ഞത്
പട്ടിണിയിലും പോരാട്ടവീര്യം.
ഒരു പിശാചിനെ കല്ലെറിഞ്ഞതിന്
മിസൈലിനാൽ തീർന്നവൾ.
പുഴക്കോരം ചേർന്നുനിൽക്കുന്നുണ്ട്
പച്ചപുതച്ച വന്മരങ്ങൾ
കായ്ക്കാത്ത മരങ്ങളോ നോക്കുകുത്തികളോ?
അപ്പോഴാണ് കവിക്ക്
തന്റെ കടമകളെ കുറിച്ച്
വീണ്ടുവിചാരമുണ്ടായത്
ഒഴുകിവരും ശഹീദുകളെ
ആദരവോടെ ഖബറടക്കണം
മോക്ഷത്തിനായ് പ്രാർഥിക്കണം.
പക്ഷേ അടക്കുവാൻ ആറടി
മണ്ണില്ലാത്തതോർത്തപ്പോൾ
അദ്ദേഹത്തിന്റെ കണ്ണുകളിൽ
രക്തം ധാരയായൊഴുകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.