മതം പ്രശ്നമല്ല, മതം പ്രശ്നവുമാണ്
text_fieldsശ്രീനാരായണഗുരു, ഡോ. ബി.ആർ. അംബേദ്കർ, ഗ്രാംഷി
നിങ്ങളെ ഞങ്ങൾ സംരക്ഷിക്കാം എന്നല്ല, മതനിരപേക്ഷത സംരക്ഷിക്കാൻ നമുക്കൊന്നിച്ച് സമരം ചെയ്യാം എന്നൊരാശയമാണ് വികസിപ്പിക്കപ്പെടേണ്ടത്
‘മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’ എന്ന ശരിയായ മുദ്രാവാക്യം വിളിയോടെയാണ് ഞങ്ങൾ ഭുവനേശ്വറിൽ വണ്ടിയിറങ്ങിയത്. കമ്യൂണിസ്റ്റ് പാർട്ടി ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗവും കൃഷക് സംഘം പ്രസിഡന്റുമായ അഭിറാം ബഹ്റയും അദ്ദേഹത്തിന്റെ ൈഡ്രവർ സഖാവ് സുരേഷ് പ്രധാനുമാണ് റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ അഭിവാദ്യം ചെയ്യാൻ ഉണ്ടായിരുന്നത്. എന്നാൽ, അഭിറാം ബഹ്റ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച വലിയൊരു ചെങ്കൊടി ദൃശ്യം ഉള്ളിലുണർത്തിയ ഊർജം പ്രത്യേകം പറയാതെ വയ്യ.
ചെങ്കൊടിത്തണൽ എന്ന ആ പ്രയോഗം, രണ്ടാളുകൾ മാത്രമേയുള്ളൂവെങ്കിലും പകർന്ന ആവേശം മറക്കാനാവില്ല. എന്നാൽ, എരിയുന്ന വയറുകൾക്കപ്പുറം ക്രിസ്ത്യൻ വംശഹത്യ നടന്ന കണ്ഡമാലിലെ പീഡിതസമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ മതം തന്നെയാണ് മർദന കാരണമായി മാറിയത് എന്നുള്ളത് വംശഹത്യാ പശ്ചാത്തലത്തിൽ, മതം പ്രധാനമാവുന്നു എന്ന രാഷ്ട്രീയപാഠം ഞങ്ങളെ ഒരിക്കൽകൂടി അമർത്തി പഠിപ്പിച്ചു. മതരഹിതർ ഉൾപ്പെടെ ആരും മനുഷ്യരാവുന്നത് മർദിത മത-ജാതി വിഭാഗങ്ങൾക്കൊപ്പം നിൽക്കുമ്പോഴാണെന്നും!
പീഡിത ക്രിസ്ത്യൻ വിഭാഗത്തിന്റെ അഭയകേന്ദ്രവും അതോടൊപ്പം പ്രാർഥനാലയവുമായി മാറിയ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് പകർന്നത് മതനിരപേക്ഷതയുടെ മഹാ സന്ദേശമാണ്. എന്നാൽ, യാത്രക്കിടയിൽ ബോധ്യമായ നടുക്കംകൊള്ളിച്ച കാര്യം, ഏത് വംശഹത്യയും നരഹത്യക്കൊപ്പം സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ തകർച്ചക്കൊപ്പം, വിശ്വാസനഷ്ടത്തിനും ഇടവരുത്തും എന്നുള്ളതാണ്.
ഭുവനേശ്വരിൽനിന്ന് കണ്ഡമാലിലേക്കുള്ള യാത്രയിൽ, പരസ്പരം അടുത്തിട്ടും ഞങ്ങളോടുപോലും സുരേഷ് പ്രധാൻ തന്റെ മതസ്വത്വം ഒളിച്ചുവെക്കാൻ ശ്രമിച്ചതാണ് അതിലൊന്നെങ്കിൽ; പീഡിതജനതക്കൊപ്പം നിലകൊണ്ട അഭിറാം ബഹ്റയെപ്പോലും അതേ പീഡിതസമൂഹം സംശയത്തോടെ നോക്കിക്കണ്ടതാണ് അസ്വസ്ഥതയുണ്ടാക്കിയ മറ്റൊരു കാര്യം. ഒരു മതനിരപേക്ഷ സമൂഹത്തിൽ ആർക്കും ഏതു മതവും സ്വീകരിക്കാനെന്നപോലെ, മതം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, ബാഹ്യസമ്മർദങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം മതവിശ്വാസം ഒളിച്ചുവെക്കേണ്ടി വരുന്നത്, ഓർക്കാനാവുമെങ്കിൽ ഒന്നോർത്തുനോക്കൂ, എത്രമേൽ സങ്കടകരമാണ്. അതാണ് കണ്ഡമാലിൽ കണ്ടത്! വംശഹത്യകൾ അനിവാര്യമായും ഇപ്പോൾ തുടർന്നുപോരുന്ന ജീവിതരീതിക്കു മാത്രമല്ല, ‘മതമല്ല മതമല്ല പ്രശ്നം’ മോഡൽ മുദ്രാവാക്യങ്ങൾക്കും ശവകുടീരങ്ങളൊരുക്കും!
തങ്ങളെ സ്വന്തം മത-ജാതി സ്വത്വങ്ങളുടെ പേരിലാണ് ആക്രമിക്കുന്നതെന്ന ബോധം മർദിത മത-ജാതി വിഭാഗങ്ങൾക്ക് അനിവാര്യമായും ഉണ്ടാവും. എന്നാൽ നിങ്ങളെ മാത്രമല്ല, സൂക്ഷ്മതലത്തിൽ നമ്മളെയെല്ലാമാണവർ ആത്യന്തികമായി ലക്ഷ്യം വെക്കുന്നതെന്ന്, മർദിത മത-ജാതി സമൂഹങ്ങളെ മുഴുവൻ ബോധ്യപ്പെടുത്താനും, അതിലേറെ ആഴത്തിൽ അക്കാര്യം സ്വയം ബോധ്യമാവാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാവാനും, സർവ മതത്തിലുംപെട്ട, ഒന്നിലും പെടാത്ത, ജനായത്തവാദികൾക്ക് കഴിയണം.
നിങ്ങളെ ഞങ്ങൾ സംരക്ഷിക്കാം എന്നല്ല, മതനിരപേക്ഷത സംരക്ഷിക്കാൻ നമുക്കൊന്നിച്ച് സമരം ചെയ്യാം എന്നൊരാശയമാണ് വികസിപ്പിക്കപ്പെടേണ്ടത്. അതായത്, ഛത്തിസ്ഗഢിലേതടക്കമുള്ള പീഡിത ൈക്രസ്തവർക്കുവേണ്ടിയുള്ള ഐക്യപ്പെടൽ ശക്തിപ്പെടുത്തുമ്പോൾതന്നെ, സംരക്ഷണം നൽകൽ എന്നത് സംബന്ധിച്ച രക്ഷാകർതൃത്വ കാഴ്ചപ്പാട് അപനിർമിക്കപ്പെടണം. ഒരു പ്രദേശത്ത് സംഘർഷമുണ്ടാവുമ്പോൾ, അതത് പ്രദേശത്ത് ഉയർന്നുവരേണ്ട പ്രായോഗിക സംരക്ഷണ മാതൃകകളെക്കുറിച്ചല്ല, ആ മാതൃകയെയും അതിവർത്തിക്കും വിധമുള്ള സമഗ്ര ആശയരൂപവത്കരണത്തിന്റെ ആവശ്യകതകളെക്കുറിച്ചാണ്.
സാംസ്കാരികാന്വേഷണം നിർവഹിക്കുന്നവർ, ആശയസംവാദ സന്ദർഭത്തിൽ ആദ്യം ആലോചിക്കേണ്ടത്. മതപരിവർത്തന പേരിൽ, ഫാഷിസ്റ്റ് പീഡനം നടക്കുമ്പോൾ, സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയോ സാമൂഹികവിഭാഗം തന്നെയോ മതം മാറിയാൽ, സർവമതത്തിൽനിന്നും മാറിയാൽ, എന്തോന്ന് പ്രശ്നം എന്ന് ചോദിക്കാനുള്ള ധീരതയാണ്, നമ്മുടെ കാലം ആവശ്യപ്പെടുന്നത്. എന്നാൽ, ഇപ്പോൾപോലും ജാതിമേൽക്കോയ്മാമൂല്യങ്ങളാണ്, മുതലാളിത്ത മൂല്യസഞ്ചയം പോലുമല്ല നമ്മുടെ സാംസ്കാരിക ജീവിതത്തെ നിർണയിക്കുന്നത്.
സ്റ്റേറ്റും ഗവൺമെന്റും അതിന്റെ സകലമാന സംവിധാനങ്ങളും സൃഷ്ടിക്കുന്ന, മുകളിൽനിന്നുള്ള സമ്മർദങ്ങൾക്കും അടിയിൽനിന്ന് സാമാന്യബോധം പകരുന്ന മർദകാധികാരത്തോട് ഒത്തുപോവാനുള്ള േപ്രരണക്കും ഇടയിൽനിന്നു പുറത്തു കടക്കാനാവുന്നില്ലെങ്കിൽ ന്യൂനപക്ഷ-ദലിത വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന പ്രത്യക്ഷ ആക്രമണങ്ങളെ സൂക്ഷ്മതലത്തിൽ പരാജയപ്പെടുത്താൻ കഴിയില്ല. മതപരിവർത്തന ശ്രമത്തിൽ ഏർപ്പെട്ടിട്ടല്ലേ ബജ്റംഗ് ദൾ അവരെ ആക്രമിച്ചത് എന്ന സാമാന്യബോധത്തിന്റെ ചോദ്യം അത്ര നിഷ്കളങ്കമല്ല.
മതം മാറിയാലെന്താ, മതത്തിൽനിന്നും മാറിയാലെന്താ, ഒരേസമയം ഒന്നിലേറെ മതങ്ങൾ വിശ്വസിച്ചാലെന്താ, സ്വന്തമായി ഒരുമതം ഉണ്ടാക്കിയാലെന്താ എന്നൊക്കെ ചോദിക്കേണ്ടവർ; മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്ന ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിൽ ഉന്മത്തരാവുന്നവർ, മതംമാറ്റം എന്ന് കേൾക്കുമ്പോഴേക്കും വല്ലാതെ പരിഭ്രമിച്ചുപോവുന്നുണ്ടെങ്കിൽ, ആ പരിഭ്രമത്തിന്റെ വേരുകൾ ജാതിമേൽക്കോയ്മാ-മതപ്പേടിയിലാണ്, അഥവാ അരാഷ്ട്രീയതയിലാണ് ആഴ്ന്നു കിടക്കുന്നത്. മതപരിവർത്തനത്തെ മഹാ അപരാധമായും, എന്തിന് രാജ്യേദ്രാഹപ്രവർത്തനമായും കാണുന്ന നവഫാഷിസ്റ്റ് ആശയത്തിന്റെ ആയുധമായാണ്, അറിയാതെയാവാമെങ്കിലും അവർ മാറുന്നത്.
മതം മാറിയാലെന്താ എന്ന് നിവർന്നുനിന്ന് ചോദിക്കേണ്ടവർ, അങ്ങനെ ചോദിക്കാനാവാത്തവിധം ചുരുങ്ങിപ്പോവുമ്പോഴാണ്, നിങ്ങൾ മതപരിവർത്തനശ്രമം നടത്തിയിട്ടല്ലേ അവർ ആക്രമിക്കുന്നത് എന്ന അപകടകരമായ അലസചോദ്യം ഉണ്ടാവുന്നത്. ഇനി ആ മതംമാറ്റത്തിൽ ആരെങ്കിലും നിർബന്ധം ചെലുത്തിയിട്ടുണ്ടെങ്കിൽ, പരിവർത്തനവിധേയരായവർക്ക് പരാതിയുണ്ടെങ്കിൽ അതന്വേഷിക്കേണ്ടത് നിയമപാലകരാണ്. ബജ്റംഗ് ദൾ എന്ന നവഫാഷിസ്റ്റ് സംഘടനക്ക് ഇതിലെന്ത് റോൾ എന്ന ചോദ്യമാണ്, സാമാന്യബോധത്തിൽ തട്ടി ചിതറിപ്പോകുന്നത്.
ഗ്രാംഷി വിശദമാക്കിയ സാമാന്യബോധം എന്ന ഭരണവർഗ പ്രത്യയശാസ്ത്രത്തേക്കാൾ, തത്ത്വചിന്തകരല്ലാത്തവരുടെ തത്ത്വചിന്തയേക്കാൾ, കുറച്ചുകൂടി കടുപ്പം കൂടിയതാണ്, ഇന്ത്യൻ സാമാന്യബോധം. യൂറോപ്യൻ സമൂഹത്തിലെ പൗരരൂപവത്കരണ പശ്ചാത്തലത്തിലാണ് പ്രധാനമായും ഗ്രാംഷി സ്വന്തം തത്ത്വരൂപവത്കരണം നടത്തിയത്. ഇന്ത്യൻ സവിശേഷതയായ ജാതിമേൽക്കോയ്മ ഇന്ത്യൻ സാമാന്യബോധ നിർമിതിയിൽ വഹിച്ചുകൊണ്ടിരിക്കുന്ന നേതൃത്വപരമായ പങ്കിന്റെ പശ്ചാത്തലത്തിലാണ്, ഇന്ത്യൻ നവഫാഷിസ്റ്റ് അവസ്ഥ അപഗ്രഥിക്കപ്പെടേണ്ടത്. ഇന്ന് ഇന്ത്യയിൽ ഔദ്യോഗികസന്നാഹങ്ങളോടെ മതപരിവർത്തനം നടത്തുന്നത് വിവിധ മതങ്ങളല്ല, ജാതിമേൽക്കോയ്മയാണെന്ന് കേട്ടാൽ പെെട്ടന്നാരും ഒന്ന് സംശയിക്കും! ഈയൊരു സംശയത്തിന്റെ ശക്തിയിലാണ് നവഫാഷിസം അതിന്റെ അജണ്ടകൾ എളുപ്പം നടപ്പാക്കുന്നത്.
ഭരണകൂടം വഴി, മുകളിൽനിന്നും ജാതിസാമാന്യബോധം വഴി, അടിയിൽനിന്നും ഉണ്ടായിത്തീരുന്ന ആശയങ്ങളുടെ ആശ്ലേഷത്തിൽവെച്ചാണ് അദൃശ്യമായ, മതപരിവർത്തനം അഥവാ സവർണവത്കരണം നടക്കുന്നത്! അംബേദ്കർക്ക് മുമ്പുതന്നെ പ്രശസ്ത ചിന്തകനായ ലക്ഷ്മിനരസു ബ്രാഹ്മണമതത്തിന്റെ ആശയാധികാരശക്തി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി ആരും അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽതന്നെ, നമ്മുടെ കൊണ്ടാടപ്പെടുന്ന ആ മുഖ്യധാരാ സംസ്കാരം എന്ന മോഹകമായ അരാഷ്ട്രീയ പദാവലി ഒന്ന് അടിച്ചുടച്ചാൽ, അതിൽനിന്ന് മേൽപറഞ്ഞ മേൽക്കോയ്മയുടെ സമസ്ത ചപ്പുചവറും പുറത്തുചാടും.
നിങ്ങൾ പരിഷ്കൃതരാവണമെങ്കിൽ, ഞങ്ങൾ നൽകുന്ന കുറിപ്പടികൾക്ക് അനുസരിച്ച് ജീവിക്കണമെന്ന, സാമാന്യബോധമായി മാറിയ, ജാതിമേൽക്കോയ്മാ ആജ്ഞകളെന്ന് തോന്നാത്ത ആജ്ഞകളെ, അട്ടിമറിക്കുന്നതിൽ തോറ്റുപോയൊരു ജനതയാണ്, നാമജപവുമായി കഴിഞ്ഞുകൂടുന്നത്. ഒരൊറ്റ മുഖ്യധാരയായിട്ടല്ല, നിരവധി സാംസ്കാരിക ധാരകളുടെ സർഗാത്മക സമന്വയമായി, സംസ്കാരത്തെ കാണാനാവാത്തവിധം, ജാതിമേൽക്കോയ്മക്ക് അടിമപ്പെട്ടവരാണ് സവർണാചാരങ്ങളോട് ശൃംഗരിച്ച്, ഇതുതാൻ മുഖ്യധാര എന്ന് ശഠിക്കുന്നത്. അവിടംകൊണ്ട് നിൽക്കാതെ സവർണത തന്നെയാണ്, സാക്ഷാൽ ദേശീയത എന്നൊരു മിത്തും അവർ നിർമിച്ചിട്ടുണ്ട്. ഇതെല്ലാം രൂപപ്പെട്ടത് ജനായത്ത വിചാരധീരതയിൽ നിന്നല്ല, ഫാഷിസ്റ്റ് വികാരഭീകരത ആഘോഷിക്കുന്ന നവഫാഷിസത്തിന്റെ വിചാരധാരയിൽ നിന്നാണ്!
സെമിറ്റിക് മതസിദ്ധാന്തങ്ങളൊക്കെയും ഭോഷത്തം, ഇന്ത്യയിൽ ഒരിക്കലും ഇതുപോലുള്ള ഭോഷത്തവും ഇടുങ്ങിയ മാനസികാവസ്ഥയും ഉണ്ടായിരുന്നില്ല, അവർ അതായത് ൈക്രസ്തവ-മുസ്ലിം വിഭാഗങ്ങൾ മത്സ്യങ്ങളെപ്പോലെ പെരുകിക്കൊണ്ടിരിക്കുന്നു, ഇന്ത്യക്കാരിൽ ചിലർ മതം മാറിയത് ജീവനിലുള്ള കൊതികൊണ്ട്, അല്ലെങ്കിൽ ശത്രുക്കൾ നൽകുന്ന അധികാരപദവികൾ മോഹിച്ച്, അതുമല്ലെങ്കിൽ സമ്മർദങ്ങൾക്ക് വഴിപ്പെട്ട്, പ്രലോഭനങ്ങൾക്ക് കീഴ്പ്പെട്ട് അല്ലാതുള്ളൊരു മതംമാറ്റവും ഇന്ത്യയിൽ സംഭവിച്ചിട്ടില്ല എന്നിങ്ങനെയുള്ള, വസ്തുതകളുമായി പൊരുത്തമില്ലാത്ത വാദങ്ങളാണ് ഫാഷിസ്റ്റുകൾ അവതരിപ്പിക്കുന്നത്! ഇന്ത്യയിൽ കുട്ടിപാകിസ്താനും പാതിരിസ്താനും ശക്തിപ്പെടുത്താൻ വേണ്ടിയുള്ള രാജ്യദ്രോഹപ്രവർത്തനമാണ് അവർക്ക് മതപരിവർത്തനം!
ജാതിമേൽക്കോയ്മ നിർദേശിക്കുംവിധം ആര് മതംമാറിയാലും അത് ദേശീയത. അല്ലെങ്കിൽ അത് ദേശവിരുദ്ധത! ഇതാണവരുടെ ഗമണ്ടൻ കാഴ്ചപ്പാട്! ക്രിസ്ത്യൻ സമൂഹം നിർവഹിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുഴുവൻ മതപരിവർത്തനമെന്ന ഒരൊറ്റ അജണ്ടയുടെ ഭാഗമായി അവഹേളിക്കാൻ, അവർ ചോരനൽകുന്നവരല്ല, ചോരകുടിയന്മാരാണ് എന്ന അശ്ലീല പ്രചാരണമാണവർ അഴിച്ചുവിടുന്നത്. കോൺഗ്രസ് ഭരണം എന്നാൽ ൈക്രസ്തവ ഭരണം എന്നു തുടങ്ങി വിചാരധാര പങ്കുവെക്കുന്ന മേൽപരാമർശിച്ചതുപോലുള്ള വിഷലിപ്തമായ ആശയങ്ങളിലാണ്, അവരുടെ മതപരിവർത്തന വിരുദ്ധതയുടെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത്. ഇത്രയുംകൊണ്ടും തൃപ്തിവരാതെ, മതപരിവർത്തനം നടക്കാനിടയാക്കിയതിന് സാക്ഷിയായി ഫാഷിസ്റ്റുകൾ സ്വന്തം സൈദ്ധാന്തിക ഗ്രന്ഥമായ ‘വിചാരധാര’യിൽ ഒരു മികച്ച കോമഡികൂടി ആവിഷ്കരിച്ചിട്ടുണ്ട്.
അതിങ്ങനെ: ഒരു കഷണം ഗോമാംസമോ മറ്റോ ഗ്രാമത്തിലെ പൊതുജലാശയത്തിൽ ഇടുകയും അത് അറിയാത്ത ഗ്രാമീണർ ആ വെള്ളം പതിവുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു. പിറ്റേന്നു രാവിലെ പാതിരിയോ മൗലവിയോ വന്നു ഗ്രാമീണരെല്ലാം അശുദ്ധമായ ജലം ഉപയോഗിച്ചതുമൂലം അവരുടെ മതത്തിൽനിന്ന് ഭ്രഷ്ടരായിരിക്കുന്നുവെന്നും ഇനിയവർക്കുള്ള ഒരേയൊരു പോംവഴി തങ്ങളുടെ കൂട്ടത്തിൽ ചേരുക മാത്രമാണെന്നും പറയുന്നു. ഈ വിധത്തിൽ ഗ്രാമങ്ങളൊട്ടാകെ ഉത്തരഭാരതത്തിൽ ഇസ്ലാം മതത്തിലേക്കും, പശ്ചിമ തീരത്തു ക്രിസ്തുമതത്തിലേക്കും ചേർക്കപ്പെട്ടിട്ടുണ്ട്. കൊടും വഞ്ചനയാണിത് (വിചാരധാര). മതപരിവർത്തന സംബന്ധിയായി ഫാഷിസം അവതരിപ്പിക്കുന്ന ഈ കോമഡിയുടെ നിർമാണത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ള അസംസ്കൃത പദാർഥങ്ങളിൽ പ്രധാനം ഗോമാംസമാണ്.
തുടർന്ന് വന്ന മറ്റും എന്നതിൽ ആട് മുതൽ കോഴിവരെയുള്ള മാംസങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ മാംസാഹാരം രാജ്യവിരുദ്ധവും ഹിന്ദുമതവിരുദ്ധവുമാണ് എന്ന പൊട്ടിച്ചിരിക്ക് വകനൽകുന്ന ആശയമാണവർ പങ്കുവെക്കുന്നത്! രണ്ടാമത്തെ തമാശ, കാഴ്ചപ്പാടുകൾക്കു പകരം, ജാതിപ്പാടുകൾ രാജ്യഭാരം നടത്തിയ കാലത്ത്, നമ്മുടെ രാജ്യത്ത്, അതും ജാതികൊടുംക്രൂരത നിലനിന്ന ഗ്രാമപ്രദേശത്ത്, പൊതുജലാശയങ്ങൾ ഉണ്ടായിരുന്നു എന്നുള്ള പെരുംകള്ളമാണ്. തങ്ങൾക്കുതന്നെ വേണ്ടത്ര തിന്നാനില്ലാത്ത ഗോമാംസം, മാംസഭുക്കുകൾ എന്ന് പറയപ്പെടുന്നവർ, നിലവിൽ ഇല്ലാത്ത ആ പൊതുജലാശയത്തിൽ കൊണ്ടുപോയി ഇട്ടു എന്നത് മറ്റൊരു കോമഡി. തീർന്നില്ല, ആട്-പശുകാളാദി മാംസം വീണ വെള്ളം ആളുകൾ കുടിക്കുന്നതും കാത്തിരുന്ന പാതിരിയും മൗലവിയും അവർ വെള്ളംകുടിക്കാനെത്തുമ്പോൾ ചാടിവീണ് നിങ്ങളിപ്പോൾ അശുദ്ധമായിരിക്കുന്നുവെന്ന് നേരത്തേതന്നെ ജാതിമേൽക്കോയ്മ അശുദ്ധരാക്കിയവരോട് പറയുന്നു. ഇതിനോളം വലിയ കോമഡി എന്തുണ്ട്?
കോമഡിക്കുമേൽ കോമഡി അടരടരായി അട്ടിവെച്ചിരിക്കുന്നത്, ഒരു ഹാസ്യസാഹിത്യകൃതിയിലുമല്ല, ഗൗരവമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു സൈദ്ധാന്തിക ഗ്രന്ഥത്തിലാണ്! ഒടുവിൽ ഇങ്ങനെ വഴിതെറ്റി മതംമാറിപ്പോയ ധൂർത്തപുത്രന്മാരെ വിനയപൂർവം പൂർവമതത്തിലേക്ക് തിരിച്ച് സ്വീകരിക്കാനുള്ള സന്നദ്ധതയും അവർ ജാതിമേൽക്കോയ്മാ സാമാന്യബോധം നിർദേശിക്കുംവിധം മാറിയാൽ മാത്രം, ഫാഷിസ്റ്റ് സൈദ്ധാന്തിക കൃതിയായ ‘വിചാരധാര’ ആവിഷ്കരിച്ചിട്ടുണ്ട്. മാറിയിട്ടില്ലെങ്കിൽ, ശത്രുക്കളായി പരിഗണിച്ച് നേരിടുമെന്ന മുന്നറിയിപ്പിനുശേഷമാണ്, മതം മാറ്റത്തിനുമുമ്പുള്ള, പൂർവസ്ഥാനം സ്വീകരിക്കാനുള്ള സൗഹൃദ ഓഫർ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്! അതിങ്ങനെ: നമ്മുടെ സമാജത്തിൽനിന്നും ഓടിപ്പോയ ഈ ധൂർത്തന്മാരായ പുത്രന്മാർ തിരിച്ചുവരുമ്പോൾ നമുക്കൊന്നിച്ചൊരു ദീപാവലിയാഘോഷിക്കാം.
ഇതു കാര്യങ്ങൾ ശരിക്കു മനസ്സിലാക്കുന്നതിനും തിരിച്ചുവന്നു വസ്ത്രധാരണത്തിലും ആചാരങ്ങളിലും ഭവനനിർമാണത്തിലും വിവാഹ ചടങ്ങുകളിലും മറ്റുമെല്ലാം ഹൈന്ദവജീവിതരീതികളുമായി താദാത്മ്യം പ്രാപിക്കാനുള്ള ഒരാഹ്വാനവും അഭ്യർഥനയുമാണ്. അൽപം ശ്രദ്ധിച്ചാൽ വലിയ പ്രയാസം കൂടാതെ മതപരിവർത്തനം സംബന്ധിച്ച ഇന്ത്യൻ ഫാഷിസത്തിന്റെ കാര്യപരിപാടിയും മുഖ്യധാരാ സംസ്കാരം എന്ന അവരുടെ മിത്തും പൂർവമതത്തിലേക്ക് തിരിച്ചുവരാനുള്ള അവരുടെ ആഹ്വാനവും ലക്ഷ്യംവെക്കുന്നതെന്താണെന്ന് ആർക്കും മനസ്സിലാവും!
മുഖ്യധാരാ സംസ്കാരം, സനാതനസംസ്കാരം, പൈതൃകം എന്നിവക്കിടയിൽ ഫാഷിസ്റ്റുകൾ പൂഴ്ത്തിവെക്കുന്ന മതനിരപേക്ഷവിരുദ്ധ ആശയങ്ങളെ വലിച്ചുപുറത്തിടാതെ, മതപരിവർത്തന സംവാദത്തിന് ഒരൽപവും മുന്നോട്ടു പോവാനാവില്ല. ഛത്തിസ്ഗഢ് ൈക്രസ്തവ ആക്രമണം ഉൾപ്പെടെയുള്ള ക്രൂരതകളും നിലവിൽ പല സംസ്ഥാനങ്ങളിലും ഫാഷിസ്റ്റുകൾ രൂപപ്പെടുത്തിയ മതപരിവർത്തന വിരുദ്ധ ബില്ലും മാംസാഹാരവിരുദ്ധതയും സവർണ ആചാരങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗിക പരിചരണങ്ങളും വ്യക്തിപ്രശ്നമായി മാത്രം കാണേണ്ട യോഗയെ സാർവദേശീയദിനമായി മാറ്റിയതിൽ അവർ നേടിയ വിജയവും, കീഴാള ആചാരങ്ങളെ പുറം തള്ളുന്നതിലും വ്യത്യസ്തതകളെ വിരോധങ്ങളാക്കുന്നതിലും വിവേചനത്തെ വിശുദ്ധപ്പെടുത്തുന്നതിലും എന്തിന് ഭീകരതകളെപ്പോലും സ്വാഭാവികതകളാക്കുന്നതിലും അവർക്ക് കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളും കാണാതെ, മതപരിവർത്തന കോലാഹല പുകപടലങ്ങൾക്കു മറവിൽ, അവർ നിർവഹിക്കുന്ന പൗരാവകാശ നിഷേധങ്ങളെയും മതപ്രചാരണ സ്വാതന്ത്ര്യനിരാകരണത്തെയും ശരിക്കും മനസ്സിലാക്കാൻ കഴിയില്ല. മുന്നോട്ടുള്ള ഏതൊരു യാത്രക്കും ജീവിതത്തെ, ഊർജപ്പെടുത്തുന്ന ഓർമകൾ അനിവാര്യമാണ്. ‘forward without forgetting’ എന്ന് ബ്രഹ്ത്.
മതം മാറിയാലെന്താ എന്ന് ചോദിക്കുന്നതിന് പകരം സംഘഫാഷിസ്റ്റുകൾ പ്രചരിപ്പിക്കുന്ന, മതപരിവർത്തനഭീതി പങ്കുവെക്കുന്നവരായി കൊടുംയുക്തിവാദികൾപോലും മാറിപ്പോവുന്നത്, സാംസ്കാരിക ദേശീയത എന്ന സവർണമിത്ത് മറിച്ചിടാനവർക്ക് കഴിയാത്തതുകൊണ്ടാണ്. 1780 ൽ തിരുവിതാംകൂർ ദിവാനായ നാഗംപിള്ള മതപരിവർത്തനം ചെയ്യുന്നവരെ വേട്ടയാടൽ തീവ്രമാക്കി. ക്രിസ്തുവിനു പകരം വിഷ്ണുവിനെ ആരാധിക്കാൻ നിർബന്ധിച്ചു. രക്ഷതേടി ഇരുപതിനായിരം ക്രിസ്ത്യാനികൾ വനത്തിലേക്ക് ഓടിപ്പോയി. മുന്നൂറു പേരെ പിടിച്ച് ഹിന്ദുവാക്കി. അതിന് തയാറാകാത്തവരെ കൊന്നു.(നാടുണർത്തിയ നാടാർ പോരാട്ടങ്ങൾ: പ്രഫ. ജെ ഡാർവിൻ: ചിന്ത). പറഞ്ഞുവരുന്നത്, മതപരിവർത്തന ശ്രമങ്ങൾ, സർവമതങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മതപരിവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ ജാതിമേൽക്കോയ്മ നടത്തിയ ഭീകരതകൾ മറ്റാരും നടത്തിയിട്ടുണ്ടാവില്ലെന്ന് ഓർമിപ്പിക്കാനാണ്. ഭൂരിപക്ഷം വരുന്നൊരു ജനതയെ ഗോമാംസം ഭക്ഷിക്കുന്നവർ, കറുത്തവർ നീചർ, വൈദേശിക ചാരന്മാർ എന്നിങ്ങനെ, അപരരാക്കി ആക്രമിക്കുന്നത് ഇന്ത്യയിൽ ഇപ്പോഴല്ല മുമ്പേതന്നെ ആരംഭിച്ചതാണ്. അതിനെ തോൽപിച്ചും അതിജീവിച്ചുമാണ് നമ്മുടെ രാഷ്ട്രം പരിമിതികൾക്കകത്ത്, ഒരാധുനിക ദേശരാഷ്ട്രമായത്. അതാണിപ്പോൾ അട്ടിമറിക്കപ്പെടുന്നത്. ഛത്തിസ്ഗഢ് എന്തായാലും ആയൊരു വിധ്വംസക പ്രവർത്തനങ്ങളുടെ ആരംഭമല്ല, അവസാനമായിരിക്കാനാണ്, ആവർത്തിക്കാതിരിക്കാനാണ് ജനായത്തം ജാഗ്രത പാലിക്കേണ്ടത്!
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.