'ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവൽ വായിച്ച തനിക്ക് കണ്ടെത്താനായില്ല'; രൂപേഷിന്‍റെ നോവലിന് അനുമതി നിഷേധിച്ചതിനെതിരെ സച്ചിദാനന്ദൻ
text_fieldsതിരുവനന്തപുരം: മാവോവാദി രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ‘ബന്ധിതരുടെ ഓർമക്കുറിപ്പുകൾ’ എന്ന നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്.
ജയിൽ പശ്ചാത്തലത്തിൽ എഴുതിയ നോവലാണിത്. ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവൽ വായിച്ച തനിക്ക് കണ്ടെത്താനായില്ലെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ഇത് ഒരു ഭാവനാസൃഷ്ടി ആണ്, ലേഖനം അല്ല. എന്നാല്‍, ജയില്‍ മേധാവി ഇതിനെ ഒരു വിമര്‍ശനപ്രബന്ധം പോലെ വായിച്ചതായി തോന്നുന്നു.
അതുകൊണ്ടാണ് ജയിലിലെ ശകാരം, ഭരണ വിമര്‍ശനം തുടങ്ങിയവയെ പ്രത്യക്ഷമായ അർഥത്തില്‍ എടുത്തത്. അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളില്‍ ഒന്നായി പറയുന്നത് ഇതിലെ പ്രധാന കഥാപാത്രം ഈ എഴുതുന്ന ആൾ ആണ് എന്നതാണ്.
അയാളുടെ പേര് ഒരിടത്ത് ‘സച്ചി’ എന്ന് പറയുന്നു, സച്ചിദാനന്ദന്റെ കവിതകൾ ഉദ്ധരിക്കുന്നു- ഇതൊക്കെ ചില പത്രങ്ങളിലും കണ്ടു. എന്നെ അറസ്റ്റു ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നത് കണ്ടു. അങ്ങനെ പറയുന്നവർ 43 വര്‍ഷം മുമ്പുള്ള ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പരിശോധിക്കുമ്പോള്‍, എന്റെ കുറ്റങ്ങളില്‍ ഒന്ന്, ഞാന്‍ തന്നെ പരിഭാഷ ചെയ്ത, ഇപ്പോള്‍ കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ആലപിക്കുന്ന, സാര്‍വ ദേശീയഗാനം പാടി മാര്‍ച്ച് ചെയ്തു എന്നതാണെന്ന് കാണുമെന്നും’ സച്ചിദാനന്ദൻ കുറിപ്പിൽ തുടരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.