‘മരുപ്പച്ച'
text_fields'നിങ്ങളറിഞ്ഞോ, നമ്മുടെ അപ്പുറത്തെ വീട്ടിലെ മാമയെ ഇന്ന് ആംബുലൻസിൽ കൊണ്ടുപോകുന്നത് കണ്ടു...' ഓഫിസിൽനിന്നുവന്ന് വസ്ത്രം മാറുകയായിരുന്ന എന്നോട് ഭാര്യ അടുക്കളയിൽ നിന്ന് വിളിച്ചുപറയുന്നത് കേട്ടു. 'ദൈവമേ! എന്റെ നെഞ്ചൊന്ന് പിടഞ്ഞു. പെട്ടെന്ന് വസ്ത്രം മാറി ഹാളിലേക്ക് വന്നപ്പോൾ ഭാര്യ ചായയുമായി എത്തി. അവൾക്ക് കൂടുതലായി ഒന്നും അറിയില്ല. പിന്നീടൊരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയായിരുന്നു അതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അറിഞ്ഞു!.
വീട്ടിൽനിന്ന് ലിഫ്റ്റിലിറങ്ങി പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ പതിവായി കാണുന്ന പോലെ അന്നും എതിർവശത്തുള്ള വീടിന്റെ മുന്നിൽ പ്രായമുള്ള, അറബ് എന്ന് തോന്നിക്കുന്ന ആ സ്ത്രീ, തന്റെ ചെറുതായി കൂനിയ ശരീരം ആവുന്നതും നിവർത്തി, ആകാശത്തേക്ക് നോക്കി, കൈകളുയർത്തി പ്രാർഥനപോലെ എന്തോ പിറുപിറുക്കുന്നു. ആകെയുള്ള ഒരു മകൾ ജോലിക്ക് പോയാൽപിന്നെ അവർ ഒറ്റക്കാണ്. ഒരു കൗതുകത്തിന് ഞാൻ അവരോട് അന്ന് 'സലാം' പറഞ്ഞപ്പോൾ, 'കൈസേ ഹോ' എന്നവർ ഹിന്ദിയിൽ തിരിച്ച് ചോദിച്ചു. ഞാൻ ചെറുതായി ഒന്നുഞെട്ടി. ഞാനോർത്തിരുന്നത് അവർ അറബ് വംശജ ആണെന്നാണ്. അത് മനസ്സിലാക്കി അവർ പറഞ്ഞു 'ഞാൻ ഇന്ത്യക്കാരിയാണ്. ഹൈദരാബാദിലാണ് ജനിച്ചതും വളർന്നതും'. കൂടുതൽ കാര്യങ്ങൾ അറിയാനുള്ള എന്റെ ജിജ്ഞാസക്കുമുന്നിൽ അവർ തന്റെ ഓർമയുടെ ഭാണ്ഡക്കെട്ടുതന്നെ തുറക്കുകയായിരിന്നു. ആരോടും ഇത്രയും കാലം ഒന്നും പറയാൻ പറ്റാതിരുന്നതിന്റെ വിങ്ങിപ്പൊട്ടൽ അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു.
ഹൈദരാബാദിൽനിന്ന് ഏകദേശം 80 കിലോമീറ്റർ മാറിയായിരുന്നു ലൈലയുടെ ഗ്രാമം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ടതല്ലെങ്കിലും സന്തോഷത്തോടെ ജീവിതം കഴിഞ്ഞുകൂടുന്ന കുടുംബം. വീട്ടിലെ മൂത്ത കുട്ടി. ഇളയത് നാലുപേർ വേറെ. കളിയും ചിരിയുമായി ഓടിച്ചാടി നടന്ന ചെറുപ്പം. അങ്ങനെയിരിക്കെ അച്ഛന്റെ കൂട്ടുകാരൻ കൊണ്ടുവന്ന ആലോചന വിവാഹത്തിൽ അവസാനിച്ചു.
അങ്ങനെ പതിനെട്ടാം വയസ്സിൽ അറബിയുടെ കൂടെ കപ്പൽ കയറി ഇങ്ങെത്തി. പിന്നീട് രണ്ടോ മൂന്നോ തവണ മാത്രം നാട്ടിൽ പോയി വന്നു. ഒരുപാട് വർഷങ്ങൾക്കുമുമ്പാണ് അവസാനമായി പോയത്. നാട്ടിൽ നടന്ന വിവാഹങ്ങളും മരണങ്ങളും കുറെ കഴിഞ്ഞാണ് അറിയുക. പിന്നെ പോയിട്ടെന്ത് കാര്യം. അതുകൊണ്ട് പോകാറില്ല.കുറെ കാലങ്ങളായി ആരും അറിയിക്കാറുമില്ല. ഇതിനിടയിൽ അച്ഛനും അമ്മയും മരണപ്പെട്ടു. വിവാഹം കഴിച്ചുകൊണ്ടുവന്ന അറബി നല്ല മനുഷ്യനായിരുന്നു. എങ്കിലും ബന്ധുക്കൾ കുറവാണ്. ഒരു മകളുണ്ടായി അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. പിന്നീടങ്ങോട്ട് ഒറ്റപ്പെടലിന്റെ നാളുകൾ. പിറന്ന നാട്ടിൽ വീട്ടുകാരും ബന്ധുക്കളുമായി ആരൊക്കെ ബാക്കിയുണ്ടെന്നും അറിയില്ല. ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞുനിർത്തി.
‘ഓ വൈകി...’ വാച്ച് നോക്കി ഞാൻ പെട്ടെന്ന് കാറിനടുത്തേക്ക് നടന്നു. ‘പിന്നെക്കാണാം...’ എന്നു പറഞ്ഞുപിരിഞ്ഞു. പിന്നീടെപ്പോൾ കണ്ടാലും ചെറിയ കുശലാന്വേഷണങ്ങൾ നടത്താറുണ്ടായിരിന്നു. കഴിഞ്ഞ കുറച്ചുദിസങ്ങളായി അവരെ കാണുമ്പോൾ വല്ലാതെ ഷീണിച്ചതുപോലെ തോന്നി. ‘എല്ലാം ശരിയാവും’ എന്നവർ അവസാനം കണ്ടപ്പോൾ പറഞ്ഞിരുന്നു.‘നിങ്ങളെവിടെയാ..ചായ തണുത്തുപോകും’ ഭാര്യയുടെ ചോദ്യം കേട്ട് ഞാൻ ചിന്തകളിൽനിന്ന് ഉണർന്നു. 'എവിടെയോ ജനിച്ച് എവിടെയോ മരിച്ചടക്കപ്പെട്ട ആ പാവം സ്ത്രീയുടെ മുഖം മനസ്സിൽ ഒരു ദുഃഖമായി മാറാതെ നിന്നു. നാട്ടിൽനിന്ന് ആരെങ്കിലും വന്നുകാണുമോ, ആരെങ്കിലും വരാനുണ്ടോ? അങ്ങനെ പല ചിന്തകൾ... കൈയിൽ ചായക്കപ്പുമെടുത്തു ഞാൻ കസേരയിലേക്ക് ചാഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.