ചെറുകഥ; ഏർക്കാള
text_fields‘എട്യേയ്’ അപ്പന്റെ കോളിങ് ബെല്ലാണ്. അങ്ങാടിയിലെ കുടിശ്ശികപ്പിരിവും കഴിഞ്ഞ് രാത്രി അപ്പനെത്തിയാൽ നീട്ടിയൊരു വിളിയുണ്ട്. ‘എട്യേയ്’ കേൾക്കാൻ കാത്തുനിന്നതുപോലെ ഒരു മൊന്ത വെള്ളവുമായി അമ്മയപ്പോൾ മുൻവശത്തെത്തും.
അതുവാങ്ങി വായിലെ വെറ്റിലമുറുക്കാൻ കുലുക്കിയുഴിഞ്ഞ് നീട്ടിത്തുപ്പി, കാലും മുഖവും കഴുകി നീളൻ വരാന്തയിലെ ചാരുകസേരയിൽ നീണ്ടുനിവർന്നു കിടന്ന് കാർഷിക വിളകളുടെ വിലനിലവാരവും അന്നത്തെ കച്ചവടത്തിന്റെ ലാഭനഷ്ടങ്ങളുമൊക്കെ അമ്മക്ക് വിവരിച്ചുകൊടുക്കും. ഉമ്മറപ്പടിയിലിരുന്ന് അമ്മ ഒരക്ഷരംപോലും വിടാതെ എല്ലാം മൂളിക്കേൾക്കും.
അതായിരുന്നു പതിവ്. അന്ന് പക്ഷേ അപ്പന്റെ സംസാരം തുടങ്ങിയത്: ‘വെല്യോൻ ഒറങ്ങിയോടി?’
‘ഇല്ല, അവൻ പഠിക്കുവാ.’
‘അവനെയിനി പഠിപ്പിക്കണില്ല, കൃഷികാര്യങ്ങൾ നോക്കാനൊള്ള പഠിപ്പൊക്കെ ആയി; അതുമതി. അവനേംകൊണ്ട് നാളെ കാളച്ചന്തേല് ഒന്നുപോണം; ഒരേർകാള മേടിക്കണം.’
‘അയ്യോ, നിങ്ങളെന്ത് പ്രാന്താ മനുഷ്യാ ഈ പറയണത്. ഈ നാട്ടീത്തന്നെ ഏറ്റവും കൂടുതൽ മാർക്ക് മേടിക്കണത് അവനാ. ആ കൊച്ചിന്റെ പഠിപ്പ് ഇല്ലാതാക്കാനാണോ?’
‘അവനിനി പഠിച്ചിട്ട് എന്നാ നേടാനാ...’
‘എന്റെ മനുഷ്യാ, കൊച്ചിന്റെ വെല്യ ആശയാ പഠിച്ച് ഒരു ഡോക്ടറാകണോന്ന്. അതിനുവേണ്ടി ആ പാവം രാവും പകലും കഷ്ടപ്പെടുവാ. അവനിതറിഞ്ഞാ വെല്ല കടുംകൈയും ചെയ്തുപോകുമോന്നാ എന്റെ പേടി.’
‘ഓ പിന്നെ, വല്ലോന്റേം ചലോം ചോരേം കൈയിട്ടുവാരീട്ടുവേണ്ടേ എന്റെ കൊച്ചിന് ജീവിക്കാൻ. എടീ നമുക്കൊള്ളത് ഈ മണ്ണ് തരും. മനസ്സറിഞ്ഞ് അതീ പണിയെടുത്താ മതി. ഇത്രേം അന്തസ്സൊള്ള പണി വേറെയൊണ്ടോടി...’
‘കഴിഞ്ഞ ഞായറാഴ്ചേം പള്ളീവെച്ച് കണ്ടപ്പോ മദറമ്മ പറഞ്ഞു; റാങ്ക് കിട്ടാനൊള്ള കൊച്ചാ, അവന്റെ പഠിത്തം ഒഴപ്പാതെ നോക്കണോട്ടോ ന്ന്.’
‘വീടും കുടീം ഇല്ലാത്ത അവർക്കങ്ങനെ പലതും പറയാലോ, ഒരു കുടുംബം നടത്തിക്കൊണ്ടുപോണത് എങ്ങനാന്ന് ഇവർക്കു വെല്ലോം മനസ്സിലാവോ. നീ പോയി അവനോട് ബുക്കും പുസ്തകോം അടച്ചുവെച്ചിട്ട് കെടന്നോളാൻ പറ. വെളുപ്പിന് ചന്തേല് എത്തണം. നല്ല പണിക്കാളകളെ നോക്കിയെടുക്കണത് എങ്ങനെയാന്ന് അവനും പഠിക്കട്ടെ.’
അതും പറഞ്ഞ് അപ്പൻ അകത്തു കയറിപ്പോയി. അപ്പൻ കൽപിക്കുന്നു, ബാക്കിയുള്ളവർ അനുസരിക്കുന്നു. ആ പതിവിന് മാറ്റമൊന്നുമില്ല.
കാലത്തുതന്നെ ചന്തയിലെത്തി. അപ്പന്റെ മനസ്സിനിണങ്ങിയ ഒരു ജോഡി കാളകളും കിട്ടി. നുകംെവച്ച കാളയേപ്പോലെ അപ്പൻ തെളിക്കുന്ന വഴിയേ ആഗ്രഹങ്ങൾ മരിച്ച താനും നടന്നു. കന്നു പൂട്ടുന്നതും നിലമൊരുക്കുന്നതുമൊക്കെ പഠിച്ചെടുക്കാൻ അധികകാലം വേണ്ടിവന്നില്ല. ബാല്യംമുതൽ കണ്ടുവളർന്നത് അതായിരുന്നല്ലോ.
അപ്രതീക്ഷിതമായിരുന്നു അപ്പന്റെ വേർപാട്. അത് മുൻകൂട്ടി കണ്ടതുപോലെ മണ്ണും കാലവും കണ്ടറിഞ്ഞ് കൃഷിയിറക്കാനുള്ള വൈദഗ്ധ്യം തനിക്ക് പകർന്നുതന്നിരുന്നു. കലപ്പയും കൂന്താലിയും കണ്ണീരും പിന്നെ കുഞ്ഞേലിയും കൂട്ടിനെത്തിയപ്പോൾ കാച്ചിയെടുത്ത ഇരുമ്പുപോലെ മൂർച്ചയേറിയ കർഷകനുണ്ടായി. അപ്പൻ പറഞ്ഞതുപോലെ ഈ മണ്ണ് എല്ലാം തന്നു. കൃഷിക്കൊപ്പം തങ്ങളുടെ ദാമ്പത്യവും ഫലഭൂയിഷ്ഠമായി. മക്കളൊക്കെ പഠിക്കാൻ മിടുക്കരാണ്.
‘അച്ചായോ, ഇതെന്നാ ആലോചിച്ചോണ്ട് ഇരിക്കുവാ. നേരം എത്രയായീന്ന് അറിയോ. കുറച്ചെങ്കിലും ഉറങ്ങണ്ടേ. എത്രദൂരം വണ്ടി ഓടിക്കാനുള്ളതാ. വെളുപ്പിന് എറങ്ങിയാലേ സമയത്തിന് അങ്ങെത്തുകയുള്ളൂ. കൊച്ച് ഡോക്ടറായിട്ട് ഗ്രാജ്വേറ്റ് ചെയ്യുമ്പോ അപ്പനും അമ്മേം ഒപ്പമുണ്ടാവണമെന്ന് അവർക്ക് നിർബന്ധാ. വാ, വന്ന് കെടക്കാൻ നോക്ക്.’
അയാൾ ഒന്നും പറഞ്ഞില്ല. അപ്പന്റെ ആ പഴയ ചാരുകസേരയിൽനിന്ന് എഴുന്നേറ്റപ്പോൾ ആരോ തേങ്ങിയതുപോലെ. കസേരയുടെ ഞരക്കമായിരിക്കാം. ഏയ്; ശരിക്കും അപ്പന്റെ ശബ്ദം തന്നെ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.