Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപച്ചിലപ്പടര്‍പ്പുകള്‍

പച്ചിലപ്പടര്‍പ്പുകള്‍

text_fields
bookmark_border
പച്ചിലപ്പടര്‍പ്പുകള്‍
cancel

പുലര്‍ച്ചെയാണ് ആശുപത്രിക്കട്ടിലിലെ പച്ചവിരിപ്പില്‍ സുശാന്തേട്ടന് ബോധത്തിന്‍റെ കിരണങ്ങള്‍ ഉദയം കൊണ്ടത്‌. വെളുത്ത നിറമുള്ള ഡ്രിപ് സ്റ്റാൻഡില്‍ ശൂന്യമായ കുപ്പി തൂങ്ങിക്കിടന്നിരുന്നു. തന്‍റെ നിത്യസഹചാരിയായ പഴയ സൈക്കിള്‍ ഓർമകളിലൂടെ മണിമുഴക്കവുമായി കടന്നുവന്നു. പച്ചിലകളും പലതരം ചെറുപൂക്കളുമായി വള്ളിപ്പടര്‍പ്പുകള്‍ അതിന്മേല്‍ ചുറ്റിപ്പിണഞ്ഞിട്ടുണ്ടാകുമെന്ന് അയാള്‍ ആലോചിച്ചു. ബസ് സ്റ്റോപ്പിനുപിറകിലെ വലിയ ആഞ്ഞിലി മരത്തിനു താഴെയാണ് എന്നും സൈക്കിളിന്‍റെ അന്തിയിരിപ്പ്. അന്തിമഴയും മഞ്ഞും അതിന്‍റെ ഏകാന്തതയെ പ്രണയിച്ചു. നിലാവെട്ടം അതിന്‍റെ നഗ്നതയുടെ പഴമയെ താലോലിച്ചു. നാല്‍പത് വര്‍ഷങ്ങളുടെ വേനലും മഴയും യാത്രപ്പാട്ടുകളും അതിന് ഹൃദിസ്ഥമാണ്.

പഴയ പ്രണയ ലേഖനങ്ങള്‍ വീണ്ടും വായിച്ച് അക്ഷരത്തെറ്റുകളും പ്രയോഗങ്ങളിലെ എക്കും പക്കും ഒടിവും ചതവും നേരെയാക്കുന്നതുപോലെ പ്രിയപ്പെട്ട സൈക്കിളിന്‍റെ കേടുപാടുകള്‍ തീര്‍ത്ത് അയാള്‍ അതിന്‍റെ രാഗവും താളവും സുഗമമാക്കി. രാത്രിയുടെ ഏകാന്തതയില്‍ ആഞ്ഞിലിക്കൊമ്പില്‍നിന്ന് പറന്നിറങ്ങി വന്ന നത്ത് നിനക്കാരുമില്ലേ, നിനക്കാരുമില്ലേ എന്ന് പല ദിനങ്ങളിലും അതിനോട് ചോദിച്ചു. പ്രഭാതങ്ങളില്‍ തിരിച്ചെത്തിയ അയാള്‍ തണുത്തുവിറച്ച അതിന്‍റെ മേനിയില്‍ നിന്ന് പച്ചപ്പുല്‍ പടര്‍പ്പുകളെ സ്നേഹത്തോടെ അഴിച്ചെടുത്ത് സമീപത്തെ പച്ചപ്പുല്‍ തൽപത്തിലേക്ക് തിരികെവെച്ചു. ചില ദിവസങ്ങളില്‍ ചുവപ്പും നീലയും മഞ്ഞയും നിറമുള്ള പലതരം കുഞ്ഞിപ്പൂവുകള്‍ വിടര്‍ന്നുനിൽപുണ്ടാകും. തലേന്നാള്‍ സന്ധ്യക്ക് അവയെല്ലാം പൂമൊട്ടുകളായിരുന്നു.

നഗരത്തിലേക്കുള്ള ബസ് യാത്രക്കിടയിലും തൊഴിലിന്‍റെ ഏകാന്തതയിലും സൈക്കിളിന്‍റെ മണിയൊച്ച കഴിഞ്ഞകാല യാത്രാപഥങ്ങളിലൂടെ മുഴങ്ങിക്കൊണ്ടിരുന്നു. ഇന്നലെ സന്ധ്യക്ക് നഗരത്തിലെ ബാങ്കിലെ കാവല്‍പണിക്കിടെ അയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രി കിടക്കയിലിരുന്ന് ചുടുകാപ്പി നുണഞ്ഞിറക്കുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു, ‘എന്‍റെ സൈക്കിള്‍ ഇതുവരെ എന്നെ വീഴ്ത്തിയിട്ടില്ല. പാവം! ആറേഴ് രാവും പകലും ഇനിയത് ഒറ്റയ്ക്ക് കഴിയേണ്ടേ. എനിക്കൊന്ന് മണിയടിക്കാന്‍ കൊതിയാവുന്നു.’

‘ഒന്ന് മിണ്ടാണ്ടിരി, ഭ്രാന്ത് പറേല്ലേ. ജീവന്‍ തിരിച്ചുകിട്ടിയതിന് ഈശ്വരനോട് നന്ദിപറ’ ഭാര്യയുടെ സ്നേഹം.

ആശുപത്രി മുറിയിലെ മരുന്ന് മണക്കുന്ന പച്ചവിരിപ്പിന്‍റെ, അയാളുടെ ഏകാന്തതയില്‍ രാവും പകലും സ്നേഹത്തിന്‍റെ മണിയൊച്ചകളുമായി ഒരു മലങ്കുറവന്‍റെ കരുത്തും മലങ്കുറത്തിയുടെ കറുപ്പുമായി സൈക്കിള്‍ കാലത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ആശുപത്രിവാസം കഴിഞ്ഞ് ഏഴാമത്തെ പ്രഭാതത്തിലെ മരുന്ന് മണമില്ലാത്ത വാതില്‍ തുറന്നെത്തിയ അയാള്‍ അത്ഭുതപ്പെട്ടു. പച്ചിലപ്പടര്‍പ്പുകളും പൂക്കളും തീര്‍ത്ത പര്‍ണ കുടീരത്തിനകത്ത് സൈക്കിള്‍ മറയപ്പെട്ടിരുന്നു. കരിവണ്ടുകളും ചിത്രശലഭങ്ങളും മധുരം തേടി പാറിനടന്നു. അയാള്‍ കൊതിയോടെ നോക്കിനിന്നു. സൈക്കിള്‍ വീണ്ടെടുക്കാന്‍ തോന്നിയില്ല. സ്നേഹത്തോടെ വള്ളിപ്പടര്‍പ്പുകള്‍ക്കും പൂക്കള്‍ക്കും ഇടയിലൂടെ അയാള്‍ അകത്തേക്ക് കൈനീട്ടി. മണിയൊച്ചയുടെ ആ പഴയ സൗഹൃദം അയാളുടെ ഹൃദയത്തില്‍ വീണ്ടും മുഴങ്ങി. പൊടുന്നനെ രണ്ട് കുരുവികള്‍ ഒരു പകപ്പോടെ അകത്തുനിന്ന് അകലേക്ക്‌ ചിറകടിച്ച് പറന്നകന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliteratureshortstory
News Summary - Short Story named Green leaves
Next Story