ഒറ്റയാള്‍
text_fieldsമഴയില്‍ നനഞ്ഞു കുതിര്‍ന്ന ഈ സന്ധ്യയില്‍ ആരാണെന്നോ, എവിടെ നിന്നാണെന്നോ, എന്തിനാണെന്നോ അറിയാതെ കേറി വന്ന അയാളെ തന്നെ നോക്കിയിരിക്കുകയാണ് ഞാന്‍. കുറച്ച് നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്.
മഴ അയാളിലേക്ക് പെയ്തിറങ്ങിയിട്ടുണ്ട്. ഒലിച്ചിറങ്ങുന്ന മഴനീരില്‍ അയാളുടെ വസ്ത്രവും തലമുടിയുമെല്ലാം പൂര്‍ണമായും ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്നു.
സ്വയം അമര്‍ത്തി ഒതുക്കുന്ന തേങ്ങലുകള്‍ക്കിടക്ക് അയാള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്. 'യാത്ര' എന്ന വാക്ക് മാത്രം പുറത്തേക്ക് മനസ്സിലാകുന്നുണ്ട്. പൂമുഖത്ത് നീണ്ട നിവര്‍ന്ന് കൈ ഇരുവശങ്ങളിലേക്ക് പരത്തി വെച്ച് തല ഒരു ഭാഗത്തേക്ക് ചെരിച്ചാണ് കിടക്കുന്നത്. എന്തോ വലിയൊരു സങ്കടത്തിന്റെ പ്രവാഹം കണ്‍കോണിലൂടെ നിലത്ത് പരന്നു കിടക്കുന്ന മഴവെള്ളത്തിലേക്ക് ചേര്‍ന്നലിയുന്നുണ്ട്.
''ആരാണ് ? ''ഞാന്‍ ചോദിക്കുന്നുണ്ട്.
അയാള്‍ മറുപടി പറയുന്നില്ല. കേള്‍ക്കുന്നുണ്ടോ എന്ന് പോലും വ്യക്തമല്ല.
തണുപ്പിനെ പുറത്താക്കാന്‍ വാതിലടച്ച് കുറ്റിയിടാന്‍ പുറപ്പെട്ടപ്പോഴാണ്, പൊടിഞ്ഞുവീണ ഒരു ചെറുമിന്നലിന്റെ വെളിച്ചത്തില്‍ നിലത്ത് മലര്‍ന്ന് കിടക്കുന്ന രൂപം കണ്ടത്.
പെട്ടെന്ന് ഒന്ന് ഞെട്ടിപ്പോയെങ്കിലും ഭയം കുറച്ചുകാലമായി ജീവിതത്തില്‍ നിന്ന് മാഞ്ഞുപോയ കാര്യമായതുകൊണ്ട് അടുത്ത് ചെന്ന് നോക്കി. അന്‍പതിനടുത്ത് പ്രായം തോന്നിക്കുന്നുണ്ട്. അല്പം ക്ഷീണിതനുമാണ്.
ഈ വീട്ടില്‍ ഒറ്റയാള്‍ താമസം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വന്തം വീടിന്റെ അശാന്തതയെ ഉപേക്ഷിച്ച് വാടക വീടിന്റെ ശാന്തത ശരീരത്തിനോടും മനസ്സിനോടും ചേര്‍ത്തുവരിഞ്ഞു കെട്ടി വെച്ചിരിക്കുകയാണ് ഞാന്‍. കരച്ചിലും വേവലാതികളും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന എന്റെ ഈ ലോകത്തേക്ക് ഒരു കരടായി കേറി വരുന്ന തേങ്ങല്‍ ഇത് ആദ്യമായാണ്. ആരാണ് എന്നറിയാത്ത ഒരു മനുഷ്യന്‍!. എന്തിനാണ് എന്നറിയാത്ത തേങ്ങലുകള്‍!. പുറത്തേക്കൊഴുകാതെ കുറേയധികം തേങ്ങലുകള്‍ ഉള്ളിലമര്‍ത്തി വെച്ചുകൊണ്ടാണവല്ലോ ഞാനും ഈ വീട്ടിലേക്ക് എത്തിച്ചേര്‍ന്നതും ഇവിടെയിങ്ങനെ കഴിയുന്നതും.
മഴ ശക്തമാവുകയാണ്. ഇയാള്‍ ആരാണാവോ? എന്തിനാണ് ഈ മഴയത്ത് കയറിവന്നത്? ഞാന്‍ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചു.
ഒന്നുകൂടി അയാളെ വിളിച്ചു നോക്കി. എന്റെ അക്ഷമമായ വിളി ഒരു നോട്ടത്തില്‍ ഒതുക്കി അയാള്‍ തിരിഞ്ഞു കിടന്നു. അയാളുടെ ആഗമന കാരണവും ഉദ്ദേശവും പശ്ചാത്തലവും ഒക്കെ ആലോചിച്ച് എന്നിലേക്ക് ഒരു പതര്‍ച്ച കയറി വരുന്നുണ്ട്..
ഭ്രാന്തന്‍ ?
കൊലപാതകി ?
കള്ളന്‍ ?
ഏന്തെങ്കിലും ഒന്ന് മിണ്ടി കിട്ടിയാല്‍ മതിയായിരുന്നു. ആരെയും അടുപ്പിക്കാതെ ഒറ്റയാളായി ഈ വീട്ടകവും പരിസരവും ഭരിക്കുന്നത് എല്ലാ വികാരങ്ങളെയും പടിയ്ക്ക് പുറത്താക്കിയാണ്.
സ്‌നേഹവും സഹതാപവുമെല്ലാം ഹൃദയങ്ങളെ പിളര്‍ക്കുന്ന അസ്ത്രങ്ങളായപ്പോഴാണ് അവയുടെ ആവനാഴി ഉപേക്ഷിച്ച് എന്നിലേക്ക് മാത്രമായുള്ള ഇടവഴിയിലേക്ക് ഇറങ്ങി നടന്നത്. ബന്ധങ്ങളെ വഴിയരികില്‍ എറിഞ്ഞാണ് ഈ തുരുത്തില്‍ ഏകാന്തവാസം തുടങ്ങിയത്.ഈ സമയത്ത് ഇയാള്‍ എന്തു പ്രശ്‌നവും കൊണ്ടാണാവോ കയറി വന്നിരിക്കുന്നത്
'' എയ് നിങ്ങളൊന്ന് എഴുന്നേല്‍ക്കൂ. ഇവിടെ വന്ന് കിടക്കുന്നത് എന്തിനാണെന്ന് പറയൂ. മറ്റു അല്ലലുകളൊന്നുമില്ലാതെ ഞാന്‍ കഴിയുന്ന ഇടമാണ്. '' വീണ്ടും പറഞ്ഞു നോക്കി
''എന്റെ യാത്ര തുടങ്ങിയിട്ട് എത്ര നാളായി എന്നറിയാമോ?'' അതേ കിടപ്പില്‍ കിടന്നുകൊണ്ട് അയാള്‍ മറുചോദ്യം ചോദിച്ചു.
'ഹൊ മിണ്ടിയല്ലോ ' എനിക്ക് അല്പം ആശ്വാസം തോന്നി.
''അതെങ്ങനെ എനിക്കറിയാന്‍ പറ്റും?. '' ഞാന്‍ തിരിച്ച് ചോദിച്ചു.
''ഇരുപത്തിയഞ്ച് കൊല്ലം!. ഒന്നും രണ്ടുമല്ല.. ഇരുപത്തിയഞ്ച് കൊല്ലം!.'' അയാള്‍ ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.
'' നിങ്ങള്‍ക്കറിയ്വോ സുഹൃത്തേ... പണ്ട് കോരിച്ചൊരിയുന്ന മഴയത്ത് ഈ ഇടമുറ്റത്ത് നിറയുന്ന വെള്ളക്കെട്ടില്‍ ഞാനും എന്റെ അനിയത്തിയും ചേര്‍ന്ന് ചിരട്ട കൊണ്ടുണ്ടാക്കിയ പായക്കപ്പല്‍ ഒഴുക്കിവിടുമായിരുന്നു. ആ പായക്കപ്പലില്‍ ഞങ്ങള്‍ ദൂരെയ്ക്ക്, ഒരുപാട് ദൂരെയ്ക്ക് യാത്ര പോകുമായിരുന്നു. മനസ്സുകൊണ്ട് പോകുന്ന ആ യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പക്ഷേ കാലത്തിന്റെ യാത്രയില്‍ വഴിയിലെവിടെയോ വച്ച് ഞങ്ങളുടെ കപ്പലുകള്‍ രണ്ടായി. ഗതിമാറി വേര്‍പിരിഞ്ഞ് പോയി. '' അയാള്‍ തുടര്‍ന്നു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. കേള്‍വിക്ക് ഒരാളെയാണ് അപ്പോള്‍ അയാള്‍ക്ക് ആവശ്യമെന്നെനിക്ക് തോന്നി.
''മഴക്കെന്നും എന്റെ ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടായിരുന്നു. എന്റെ മാറ്റങ്ങള്‍ പലതും രൂപപ്പെട്ടത് മഴയുടെ തണുപ്പിലാണ്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ ജനിച്ചത് കോരിച്ചൊരിയുന്ന ഒരു മഴയുള്ള രാത്രിയില്‍ ആയിരുണെന്ന്. മറ്റു കുഞ്ഞുങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം വയസ്സില്‍ ആദ്യമായി ചോറിന്റെ രുചിയറിഞ്ഞത് ഒരു വലിയ മഴയോടൊപ്പമായിരുന്നു. ഒരു വലിയ മഴയിലേക്കാണ് ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് ഇവിടം വിട്ടിറങ്ങിയത്. ഇന്നിപ്പോ തിരിച്ചിവിടെ കേറി വന്നതും ഒരു പെരുമഴയത്ത് തന്നെ.''
''എങ്ങോട്ടായിരുന്നു നിങ്ങളുടെ യാത്ര ? ഇന്ന് ഇവിടേക്ക് ഇപ്പോ വന്നതെന്തുകൊണ്ടാണ്? ഞാന്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലമാണിവിടം.''
''സ്ത്രീ ആയതുകൊണ്ട് എന്താണ് ? നിങ്ങളും മനുഷ്യനല്ലേ? നിങ്ങള്‍ ഒറ്റയ്ക്ക് ആകണമെങ്കില്‍ അതിന് തക്കതായ കാരണം ഉണ്ടാകും.. ഒറ്റയ്ക്കായി കഴിഞ്ഞാല്‍ സ്ത്രീയും പുരുഷനുമെല്ലാം ഒരുപോലെ തന്നെയാണ്. ''
''അന്ന് അറ്റമറിയാത്ത ഒരു യാത്രയ്ക്ക് തുടക്കം കുറിച്ചതും ഒറ്റയ്ക്കായിരുന്നു. ആരും കൂടെ ഉണ്ടായിരുന്നില്ല. മുറിവേറ്റ മനസ്സോടെ അതൃപ്തമായ അനുഭവങ്ങളില്‍ നിന്ന് ഇറങ്ങി ഓടുമ്പോള്‍ എനിക്കന്ന് വയസ്സ് ഇരുപത്. ''
ചെറിയൊരു തേങ്ങല്‍ വീണ്ടും അയാളില്‍ തികട്ടി. മഴയുടെ നല്ല തണുപ്പെങ്കിലും അയാളുടെ ഗദ്ഗദവും മൗനവും ചേര്‍ന്ന് ചുറ്റും ഒരു വേവലിന്റെ ചൂട് കയറി വന്നപോലെ.
സങ്കടങ്ങള്‍ക്കുമുണ്ട് ദാരിദ്യവും സമ്പന്നതയും എന്ന് തോന്നാറുണ്ട്.. ചിലരുടെ സങ്കടങ്ങള്‍ക്ക് വീശിത്തണുപ്പിക്കാനും ഒപ്പമിരുന്ന് ആശ്വസിപ്പിക്കാനും ആരൊക്കെയോയുണ്ടാകും.. ചേര്‍ത്തു പിടിക്കലിന്റെ ഊഷ്മളതയില്‍ ആ സങ്കടങ്ങള്‍ സമ്പന്നമാകുന്നു.. ആശ്വാസത്തഴുകലില്‍ എത്ര കടുത്ത സങ്കടവും അലിയാന്‍ തുടങ്ങും.. ഒന്നു മുഖമമര്‍ത്തിക്കരയാന്‍ ജീവനുള്ള ഒരു പ്രതലം പോലുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന വലിയ സങ്കടങ്ങളുണ്ട്.. ഒരു കൊച്ചു തഴുകല്‍ പോലുമില്ലാതെ പരമദരിദ്രമായിപ്പോകുന്ന സങ്കടങ്ങള്‍.. അവ എത്രയധികം ഭാരമാണ് നെഞ്ചിലേല്‍പ്പിക്കുന്നത് .
ഇയാള്‍ പറഞ്ഞത് എത്ര ശരിയാണ്. പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ സ്ത്രീയുടേയും പുരുഷന്റേയും വേദന ഒരുപോലെ തന്നെ. പരമദരിദ്രമായിപ്പോകുന്ന സങ്കടങ്ങള്‍!..
പെട്ടെന്ന് ഒരു നിമിഷം കുറച്ച് കാലം പിറകിലേക്ക് ഞാനുമൊന്ന് തിരിച്ചുപോയി. ഒരു ഇറങ്ങിപ്പോരലിന്റെ ഫലമായാണല്ലോ ഈ വാടക വീട്ടിലെ വാസം.
''നിങ്ങള്‍ക്ക് എന്ത് അവകാശമാണ് ഈ വീട്ടില്‍?'' നാലു കൊല്ലങ്ങള്‍ക്കു മുമ്പ് ഈ ചോദ്യം നിഷ്‌ക്കരുണം എന്നില്‍ പതിച്ചപ്പോഴാണ് സ്വന്തം വീടെന്ന് കരുതിപ്പോന്നിടത്തുനിന്ന് ഒരു ഇറങ്ങിപ്പോരൽ നടത്തിയത്. എത്ര സ്‌നേഹത്തോടെ ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാലും സ്വാര്‍ത്ഥമായ അവകാശബോധങ്ങള്‍ അവയെ തകര്‍ത്തു തരിപ്പണമാക്കും. എനിക്ക് മുന്നില്‍ തകര്‍ന്നു വീണത് സ്‌നേഹം മാത്രമല്ല; അഭിമാനം കൂടിയാണ്.
പിതാവ് എന്നു കരുതിയ വ്യക്തിയില്‍ എന്റെ പിതൃത്വം ഇല്ലെന്ന് മുതിര്‍ന്നു തുടങ്ങിയ കാലഘട്ടത്തിലാണ് തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവില്‍ എന്തെല്ലാമോ എന്നില്‍ തകര്‍ന്നടിയുന്നുണ്ടായിരുന്നു. തിരിച്ചു പിടിക്കാനാവാത്തതാണ് പലതും എന്ന് ആദ്യം അറിഞ്ഞില്ല. പിന്നീടുണ്ടായ പല തിരിച്ചറിവുകളും എന്നെ എന്നിലേക്ക് മാത്രമായി ഒതുക്കുന്നവയായിരുന്നു. മാതൃത്വത്തിന്റെ നിഴലിൽ ജീവിക്കേണ്ടത് അന്ന് രണ്ടു മനസ്സുകളുടെ ആവശ്യമായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. അമ്മയില്ലാതെ വയ്യെന്ന എന്റെയും മകളെ സ്‌നേഹിക്കുന്ന അമ്മയുടെയും ജീവിതം മുറിയാതിരിക്കണം. അന്ന് അങ്ങനെയാണ് ചിന്തിച്ചത്. അമ്മയുടെ ഭര്‍ത്താവായപ്പോള്‍ എന്റെ അച്ഛനാവേണ്ടി വന്ന ആള്‍ക്കും എനിക്ക് മുകളിലെ തണല്‍ വെട്ടി മാറ്റണമെന്ന് ഉദ്ദേശമില്ലായിരുന്നു. അവര്‍ ഇരുവരും വിരിച്ചിട്ട തണലില്‍ ഞാനും അനിയനും ചേര്‍ന്നിരുന്നു. പക്ഷേ ആ തണലില്‍ നിന്ന് എന്റെ സ്ഥാനം മെല്ലെ മെല്ലെ പുറത്തേക്ക് എറിയപ്പെടുന്നത് കാലം ഒഴുകുന്നതിനനുസരിച്ച് ഞാന്‍ അറിഞ്ഞു.
അച്ഛന്‍ എന്ന് വിളിക്കുക മാത്രം ചെയ്യുന്ന ആളുടെ സ്വത്തില്‍ എന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടു. എന്റെ അമ്മയുടെ വയറ്റില്‍ പിറന്നവന്‍ തന്നെ ചോദ്യം ചെയ്യുമ്പോള്‍ പകച്ചു നില്‍ക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല. അമ്മയുടെ സ്വത്ത് വിറ്റ പണം അച്ഛന്റെ പേരില്‍ വാങ്ങിയ ഭൂമിയിലാണ് ചേര്‍ന്നലിഞ്ഞത്. അത് അച്ഛനില്‍ മാത്രമായി ലയിച്ചപ്പോള്‍ അവിടെയും എനിക്കുള്ള അവകാശം നിഷേധിക്കപ്പെട്ടു. എനിക്കായി ഒരിടം ഇല്ലാതായി.
എന്റെ അച്ഛന്‍ ആര് ? അദ്ദേഹം എവിടെ? ഈ ചോദ്യങ്ങള്‍ അന്നാണ് ഞാന്‍ അമ്മയോട് ആദ്യമായി ചോദിച്ചത്. ഞാനെത്ര ഉറക്കെ ചോദിച്ചിട്ടും ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. എന്റെ അതേവരെയുള്ള ജീവിതം എന്നില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നു നിന്നു.
അമ്മയിലെ അപ്പോഴത്തെ മൗനം എനിക്കുള്ള നീതി നിഷേധിക്കുകയായിരുന്നു. എന്റെ വീണ്ടും വീണ്ടുമുള്ള ചോദ്യത്തിന് മുന്നില്‍ അമ്മയുടെ മൗനം കനക്കുക മാത്രമാണ് ചെയ്തത്.
അനിയന്റെ വക്രിച്ച ചിരിയും വിജയഭാവവും എന്നില്‍ ഏല്‍പ്പിക്കുന്ന മുറിവിന്റെ നീറ്റല്‍ അസഹ്യമാക്കി തുടങ്ങിയപ്പോള്‍ ഞാന്‍ ഇറങ്ങുകയായിരുന്നു. തിരിച്ചൊരു കയറ്റം ഇല്ലാതെ. എന്റെ അനിയന് എങ്ങനെ ഇതുപോലെ മാറാനായി. എന്തായാലും ഞാനവന്റെ പാതി രക്തമല്ലേ. എൻ്റെ ഇറക്കം അവന്‍ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി. മൗനത്തിലും നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകള്‍ എന്നെ പിറകോട്ട് നയിച്ചില്ല. അത്രമേല്‍ ഞാന്‍ അനാഥയായിപ്പോയത് അനുഭവിക്കുകയായിരുന്നു.
പെണ്ണായതുകൊണ്ട് സമൂഹം കല്‍പ്പിക്കുന്ന അരക്ഷിതാവസ്ഥയൊന്നും അപ്പോള്‍ എന്നെ ബാധിച്ചില്ല. എനിക്ക് ഞാന്‍ എന്ന സ്ത്രീയെ രക്ഷിക്കാന്‍ ആ ഇറക്കമല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്റേതല്ലാത്ത കാരണങ്ങളാല്‍ എനിക്ക് തുല്യ അവകാശം പോലും നിഷേധിക്കപ്പെട്ടിടത്ത് ഞാനെന്തിന് നില്‍ക്കണം?
അച്ഛന്‍ ആരെന്നറിയാനുള്ള അവകാശവും അമ്മ നിഷേധിച്ച സ്ഥിതിക്ക് മേലില്‍ ആ തിരിച്ചറിവും എനിക്കിനി വേണ്ട എന്ന തീരുമാനത്തിലാണ് എന്റേതായ ഇടം തേടി ഞാന്‍ ഇറങ്ങിയത്. ജീവിക്കാന്‍ ജോലി ഉള്ളടത്തോളം എനിക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളോട് മുഖം തിരിച്ചു തന്നെ നടക്കാന്‍ മനസ്സ് ഒരുങ്ങുകയായിരുന്നു.
ഇയാളുടെ ഒറ്റപ്പെടലിനും എന്തോ ഒരു ദുരനുഭവം ഉണ്ട്. ഒരു ഇരക്ക് മറ്റൊരു ഇരയോട് തോന്നുന്ന വികാരം എനിക്കും തോന്നി.
''എന്തായിരുന്നു നിങ്ങളുടെ അനുഭവങ്ങള്‍? പറയാവുന്നതെങ്കില്‍ പറയൂ..''
''നിങ്ങള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഒരു മനുഷ്യന് യഥാര്‍ത്ഥ താനാരെന്ന് അറിയാതാകുമ്പോഴുള്ള വികാരം!. പക്വതയെത്താത്ത പ്രായം കൂടിയാകുമ്പോള്‍ മനസ്സിനെ അതെത്ര മുറിവേല്‍പ്പിക്കും എന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ.''
ഞാന്‍ അമ്പരന്നു.
''ഞാന്‍ എന്നെ തേടി ഇരുപത്തിയഞ്ച് കൊല്ലം അലഞ്ഞു. അലച്ചില്‍ തുടങ്ങിയിടത്തു തന്നെ എത്തിയിട്ടും സ്വയം തിരിച്ചറിയാനാവാതെ, സ്വയം കണ്ടെത്താനാവാതെ പതറി നില്‍ക്കുകയാണ്. എങ്കിലും ഞാന്‍ എല്ലാം ഇവിടെ നിര്‍ത്തുകയാണ്. എന്റെ യാത്രകള്‍ എന്നെപ്പെറ്റയിടത്ത് തന്നെ അവസാനിപ്പിക്കുകയാണ്.''
''നിങ്ങള്‍ എന്താ ഈ വീട്ടില്‍ ?'' പൊടുന്നനെയാണ് അയാളുടെ ഭാവം മാറിയത്. ആ സമയത്ത് എനിക്കുണ്ടായിരുന്ന ആകാംക്ഷയും അമ്പരപ്പും ഒരു ചെറുചിരിയിലേക്ക് വഴിമാറി.
''ഞാന്‍ വാടക കൊടുത്ത് താമസിക്കുന്ന കാലത്തോളം ഇത് എന്റെ വീടാണ്. അതുകൊണ്ട് ഇവിടെ താമസിക്കുന്നു. ''
ഞാന്‍ കൊടുത്ത മറുപടിയില്‍ അയാള്‍ തൃപ്തനായില്ല.
''അതെങ്ങനെ ശരിയാകും. ഈ വീട് എന്റെയാണ്. എന്റെ അമ്മയുടെ വീട്. എനിക്ക് കൂടി അവകാശപ്പെട്ട വീട്. '' അയാള്‍ തന്റെ ഭാഗം വാദിച്ചു.
''ഇത് എനിക്ക് വാടകയ്ക്ക് തന്നത് സുരേന്ദ്രനാണ്. അയാളുടെ ഭാര്യയ്ക്ക് അവകാശപ്പെട്ട തറവാട് വീടാണ് എന്നാണ് പറഞ്ഞത്. '' ഞാന്‍ എന്റെ ഭാഗം ന്യായീകരിച്ചു.
അയാള്‍ അല്‍പനേരം ഒന്നും മിണ്ടിയില്ല.
''ഞാന്‍ മരിച്ചെന്ന് അവള്‍ കരുതി കാണും. '' അയാളുടെ ക്ഷീണിച്ച മുഖത്ത് കൂടുതല്‍ ദൈന്യത പ്രകടമായി.
''സുരേന്ദ്രന്റെ ഭാര്യയുടെ പേര് മല്ലിക എന്നല്ലേ?'' അയാള്‍ ചോദിച്ചു.
''അതെ. അവര്‍ നിങ്ങളുടെ?''
''അമ്മയുടെ മകള്‍. എന്റെ അനുജത്തി..''
''അപ്പോള്‍ നിങ്ങളുടെ അച്ഛന്‍ ?'' ഞാന്‍ ചോദിച്ചു.
''അത് അമ്മയ്‌ക്കേ അറിയൂ.''
ഞാന്‍ നിലത്തേക്ക് അമര്‍ന്നുപോയി. വീഴാതിരിക്കാന്‍ പൂമുഖപ്പടിയില്‍ അമര്‍ത്തിപ്പിടിച്ചു.
നീതി നിഷേധത്തിന്റെ മറ്റൊരു ഇരയുടെ ഛായയിലേക്ക് ഞാന്‍ ഒന്നുകൂടി ഉറ്റുനോക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.