സജീവൻ
text_fieldsമരിക്കുന്നെങ്കിൽ ഇപ്പൊ മരിക്കണം. കുറെക്കാലം കഴിഞ്ഞ് വിറങ്ങലിച്ച ഒരു വെള്ളിയാഴ്ച ഈ ഭൂലോകത്തുനിന്ന് ഉയർന്നുപൊങ്ങിയിട്ട്, അല്ലെങ്കിൽ ഇല്ലാതായിട്ട് ആർക്കെന്ത് കാര്യം? ‘ഇപ്പൊ ഇവിടെ വെച്ച് എന്നെയൊന്നങ്ങു വിളിക്കൂ തമ്പുരാനെ’ വേദനയിൽ പുളയുന്ന സജീവൻ മനസ്സിൽ മൊഴിഞ്ഞു. രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. എട്ട് ദിവസമായി കാട്ടിൽ കുടുങ്ങിക്കിടക്കുകയാണ് സജീവൻ. ഇന്ന് രാവിലെ ഒരു കൂർത്ത കല്ല് കാലിനടിയിൽ തുളച്ചുകയറി. രക്തം ഒത്തിരി വാർന്നു. അവസാനം നിന്നു. ഉടുത്ത മുണ്ടുരിഞ്ഞു കീറി പച്ചില വെച്ചൊരു കെട്ടു കെട്ടി. കെട്ടിനുള്ളിലെ നീറ്റൽ മൂർധാവ് വരെ റോക്കറ്റ് പോലെ പാഞ്ഞു കയറി. നടത്തം നിർത്തി സജീവൻ ചെറിയൊരു പാറയിൽ ചാഞ്ഞിരുന്നു. ആകാശം കാണുന്നില്ല.
കാട്. ഇരുട്ട് കയറിയ കരിങ്കാട്. എങ്ങനെയാണ് സജീവൻ കാട്ടിലെത്തിയതെന്ന് അയാൾക്ക് തന്നെ അറിയില്ല. ഉറക്കിൽ എഴുന്നേറ്റു നടക്കുന്ന പതിവുണ്ടായിരുന്നു. ഹോമിയോ ഗുളിക കഴിച്ച് ആ അസുഖം മാറിയതാണ്. ഭാര്യ മരിക്കുന്നതിന്റെ രണ്ടുവർഷം മുന്നേ, അവൾക്ക് കാൻസറായിരുന്നു. അയാൾ ഓരോന്നാലോചിച്ചു വേദന മറക്കാൻ ശ്രമിച്ചു. കൂടിയതല്ലാതെ കുറഞ്ഞില്ല. പുഴയിൽ ചാടി മരിക്കണം. അതാണ് സുഖം. സജീവൻ കരുതി. അതിന് പുഴയെവിടെ? പുഴ കണ്ടാൽ ഞാൻ ചാടും. സജീവൻ മനസ്സിൽ പറഞ്ഞു.
കണ്ണടച്ച് തുറന്നപ്പോൾ ഇലകൾക്കിടയിൽ ചെറിയൊരിളക്കം. എന്തോ തൊട്ടപ്പുറത്തുണ്ട്. കരിയിലകളിൽ തട്ടി നടക്കുന്ന ശബ്ദം കേൾക്കുന്നു. ഇത്ര ദിവസമായിട്ടും ഒരു ജന്തുവിനെപ്പോലും കണ്ടിരുന്നില്ല. അവസാനം സജീവൻ ഉറപ്പിച്ചു. കരിമ്പുലി! സജീവന്റെ ക്ഷീണിച്ച ബോധം പറഞ്ഞു, തൊട്ടപ്പുറത്ത് ആനയോളം വലുപ്പമുള്ള ഒരു കരിമ്പുലി നടക്കുന്നു. കാലിലെ ചോരയുടെ മണം തേടി വന്നതാവും. എന്നെ ഇപ്പൊ തിന്നും. കഴുത്തിൽ പല്ലുകളാഴ്ത്തും, അല്ലെങ്കിൽ നെഞ്ചിൽ വാരിയെല്ലുകൾ വിടർത്തി കരളും ഹൃദയവും തിന്നും. പച്ചക്ക്, ചൂടോടെ കരിമ്പുലിയുടെ മുഖത്തു ചോര പടരും. അവസാനമായി കാണുന്നത് കരിമ്പുലിയുടെ ദയയില്ലാത്ത മഞ്ഞക്കണ്ണുകളായിരിക്കും. ‘എന്നെ ഇപ്പൊ കരിമ്പുലി തിന്നണ്ട തമ്പുരാനേ. എനിക്ക് സ്വന്തം മരിക്കണം, അല്ലെങ്കിൽ നീ എന്നെ വലിക്കണം. കരിമ്പുലിയുടെ വയറ്റിലേക്കല്ല. എന്റെ ആത്മാവിൽ ഹൃദയം മുറിഞ്ഞുവീഴരുത്.’ സജീവൻ പാറയുടെ ഒരു വശത്തേക്ക് മറിഞ്ഞുവീണു. വിശപ്പും ദാഹവും കണ്ണുകളിൽ ചിലന്തിവല കെട്ടിയിരിക്കുന്നു. അതിനിടയിലൂടെ കരിമ്പുലിയുടെ കണ്ണുകൾക്കായി പരതി. തൊട്ടപ്പുറത്ത് കൊന്നു തിന്നാനായി വന്ന കരിമ്പുലി അവസാനത്തെ പ്രാർഥനയിലായിരിക്കും. ‘തമ്പുരാനേ, ഏറെ വിശന്നു വലഞ്ഞ എനിക്ക് ഒരു പാവം ജന്തുവിനെ നീ തന്നല്ലോ’ എന്ന്. ഒരു പാവം ജന്തു, സജീവൻ.
ഏതോ കാട്ടുപക്ഷികൾ വലിയ ശബ്ദത്തിൽ ക്രാകി പറന്നുപോയി. കാട്ടുപൂക്കളുടെ ഗന്ധം വിങ്ങലോടെ ഒഴുകിയെത്തി. ഒരു പുഴു മറ്റൊരിലയിലേക്ക് നൂണ്ടു ചാടി. പാറയുടെ ഉറപ്പിൽ തന്റെ ദുർബലവും ക്ഷീണിതവുമായ ദേഹം അമർന്നു. ഉണക്കാനിട്ട മത്സ്യംപോലെ മരണത്തിന്റെ കറയൊലിക്കുന്ന വെന്ത പാവം മനുഷ്യൻ, സജീവൻ ആഴത്തിലൊന്ന് നിശ്വസിച്ചു. തലക്കു മുകളിൽ ഒരു ചൂടും ചൂരും പടർന്നു. അയാൾ കണ്ണുകൾ അമർത്തിയടച്ചു. ക്ഷയിച്ച ഹൃദയം തുടിച്ചു. അസ്ഥികളിൽ ഭയത്തിന്റെ കുരുക്കുകൾ പൊന്തി. കരിമ്പുലിയുടെ ചൂര്. സജീവൻ സങ്കൽപിച്ചു. ഒരു നനവുള്ള നാവ് ഇപ്പോൾ നെറ്റിയിൽ തൊടും, പല്ലിന്റെ കൂർപ്പിനു മുന്നോടിയായി. പിന്നെ മരണത്തിന്റെ വേദന തൊണ്ടയിൽ കുരുങ്ങും. പിടയും... ഇല്ല പിടയില്ല. അതിനുള്ള ആക്കമില്ല. അവസാനത്തെ ശ്വാസമെടുക്കും. വീണ്ടുമൊന്നെടുക്കാൻ ആശിച്ചു പരാജയപ്പെടും മുമ്പ്. ഇതിനായിരുന്നോ ജനിച്ചതും ജീവിച്ചതും എന്ന് ചിന്തിക്കുന്നതിനും മുമ്പ്. രക്തത്തിനും മാംസത്തിനുമിടയിൽ ജീവൻ ഊർന്നുവീഴും.
ഏറെനേരം കണ്ണുകൾ അടച്ചുപിടിച്ചിട്ടും ഒന്നും സംഭവിച്ചില്ല. സജീവൻ പതിയെ കണ്ണുകൾ തുറന്നു. അനക്കമൊന്നും കേൾക്കുന്നില്ല. ഇരുട്ട് കനക്കുന്നുണ്ട്. മേഘം കൊണ്ടാണോ ഇനിയതല്ല രാത്രിയാവുകയാണോ എന്ന് അയാൾക്കറിയില്ല. ഇനി പുഴ ലക്ഷ്യമാക്കാം, അയാൾ കരുതി. പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. തൊട്ടടുത്തുള്ള മരക്കമ്പിൽ പിടിച്ചെഴുന്നേറ്റു നിന്നു. കാലിലെ കടച്ചിൽ താഴേക്ക് വീഴുന്നപോലെ തുളഞ്ഞുകുത്തി. ഒരടി നടക്കാൻ കഴിഞ്ഞില്ല. കൊളുത്തിപ്പിടിത്തം. അയാൾ സ്വൽപനേരം മരത്തിൽ തല ചായ്ച്ചുനിന്നു. ഉറച്ചുപോയ നിസ്സഹായാവസ്ഥയിൽ ഉള്ള ബലമെല്ലാമെടുത്ത് അലറി. ഒരു വട്ടമല്ല, മൂന്നുവട്ടം. നിശ്ശബ്ദത.
അയാൾ പാറയിലേക്ക് ഉതിർന്നുവീണു. ഉണങ്ങി നനഞ്ഞൊരിലപോലെ. മൂങ്ങകൾ മൂളി. ഇറച്ചിയുടെ ഒരു തുണ്ടിനു വേണ്ടിയുള്ള ദാഹം തന്നെപ്പോലെ കാട്ടിനുള്ളിൽ പലയിടത്തും മുഴങ്ങുന്നതായി സജീവന് തോന്നി. അയാൾ ഉറങ്ങി. രാത്രിയുടെ കറുപ്പിലേക്ക് അയാൾ കണ്ണുകൾ തുറന്നു. ഉറക്കിനെ ഭേദിച്ച ശബ്ദം അയാൾക്ക് അന്യമായിരുന്നു. രാത്രി എല്ലാ വേദനകളും മൂർധന്യത്തിലെത്തി. സജീവൻ തന്നെ എല്ലാത്തിനും മുകളിൽ സ്ഥാപിക്കാൻ ശ്രമിച്ചു. വേദനക്കും ഇരുട്ടിനും ഭയത്തിനും മരണത്തിനും സകലതിനും മുകളിൽ. അവിടെ ഒരു പാളിക്കുള്ളിലൂടെ തമ്പുരാനെ മാത്രം കണ്ടു. ഒന്ന് ചിരിച്ചു. കണ്ണടച്ചാലും തുറന്നാലും ഇരുട്ട്. ചെറിയ ശബ്ദങ്ങളിൽ മാത്രം വെളിച്ചം. ആ ചൂര് വീണ്ടും വന്നു. അതേ ചൂര്. കരിമ്പുലിയുടെ!
സജീവൻ കണ്ണുകൾ മലർക്കെ തുറന്നു. വീണ്ടും വീണ്ടും തുറന്നു. അപ്പോഴൊക്കെ ഇരുട്ട് വർധിച്ചു. ഇടതുവശത്തു ചെറിയൊരനക്കം കേട്ട് തിരിഞ്ഞു. തിളങ്ങുന്ന രണ്ടു കണ്ണുകൾ! കാലിലെ മുറിയിൽ നിന്ന് തുടങ്ങി, ദേഹമാകെ പടർന്നുകയറിയ ഒരു കുളിരിൽ സജീവൻ ഉരുവിട്ടു, ‘കരിമ്പുലി’. അയാളുടെ നെഞ്ചിൽ വിറ പടർന്നു. ഇരുട്ടിൽ കരിമ്പുലിയെ അയാൾ ആദ്യമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഭയം അയാളെ തച്ചുണർത്തി. മരണം നേർക്കുനേർ ഇത്ര വ്യക്തമായി ഒരിടത്തു കേന്ദ്രീകരിച്ചു വന്നിരിക്കുന്നു. ഉള്ളിലെ ജീവന്റെ എല്ലാ ശേഷിപ്പുകളും നുരഞ്ഞുപൊന്തി. അപ്പോൾ മാത്രം സജീവൻ മറ്റെന്തിനേക്കാളും, ഒരു പക്ഷേ തമ്പുരാനെക്കാളും സ്വയം മുകളിൽ സ്ഥാപിച്ചു. അയാൾ ഒരു കുതിപ്പിൽ എഴുന്നേറ്റ് വന്യമായ ഇരുളിലേക്കോടി.
നടന്നതല്ല. ഒരു പുലിയെപ്പോലെത്തന്നെ, എവിടെനിന്നോ വന്ന ഉൾബലത്താൽ പാഞ്ഞു. പലതിലും തട്ടിത്തടഞ്ഞു വീണു. എന്നിട്ടും നിർത്തിയില്ല. മരണത്തിലേക്ക് ജീവനും കൊണ്ടോടുന്നപോലെ, അല്ലെങ്കിൽ ജീവിതത്തിലേക്ക് മരണവും കൊണ്ടോടുന്ന പോലെ. ഉയർച്ച താഴ്ചയുള്ള പ്രതലങ്ങൾ താണ്ടിയും മരവള്ളികൾ വകഞ്ഞും മുള്ളുകളിൽനിന്ന് ദേഹം പറിച്ചെടുത്തും പാമ്പുകളെ തട്ടിത്തെറിപ്പിച്ചും കാടിനു വെളിയിലെത്തി. ദൂരേക്ക് നീണ്ടു കൂർത്ത ഒരു റോഡിൽ തളർന്നു വീണു. റോഡിലമ്പിയ ചെവിയിൽ ഒരു ഇരമ്പൽ കേട്ടു തിരിഞ്ഞപ്പോൾ രണ്ടു ലൈറ്റുകൾ തെളിഞ്ഞത് കണ്ടു. അതടുത്തേക്ക് വന്നു. അടുത്തടുത്തേക്ക് വന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.