കഥ: മകൾ
text_fieldsപുതിയ ഓഫിസിന്റെ ഉദ്ഘാടനത്തിന് വന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ പോയിത്തുടങ്ങിയപ്പോള്‍ വിമല്‍ ഓഫിസില്‍നിന്നും ബാഗുമെടുത്ത് ഇറങ്ങി. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് കമ്പനിക്ക് പുതിയ ഓഫിസിലേക്ക് മാറാന്‍ കഴിഞ്ഞത്. ‘ഭാര്യയെയും മകനേയും കണ്ടില്ലല്ലോ’ എന്ന് അന്വേഷിച്ചവരോടെല്ലാം, അവര്‍ക്ക് ഇന്ന് സ്കൂളില്‍ ഒഴിവാക്കാനാകാത്ത ഒരു പരിപാടിയുണ്ടെന്ന് അയാള്‍ കള്ളം പറഞ്ഞു. തിടുക്കത്തില്‍ വീട്ടിലെത്തിയ അയാള്‍ അടുത്ത ദിവസത്തേക്കുള്ള യാത്രയുടെ പാക്കിങ് ആരംഭിച്ചു.
‘എന്നാണ് തിരിച്ചെത്തുന്നത്, രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ വീട് വരെ ഒന്ന് പോകും’ എന്ന ഭാര്യയുടെ ചോദ്യത്തിന് ‘തീരുമാനിച്ചിട്ടില്ല, എത്തിയിട്ട് വിളിക്കാം’ എന്ന ഒഴുക്കന്‍ മറുപടി അയാള്‍ കൊടുത്തു. അതിരാവിലെ കിട്ടിയ ബസില്‍ സൈഡ് സീറ്റിലിരുന്ന് അയാള്‍ കണ്ണടച്ച് കിടന്നു. മുന്‍ സീറ്റിലെ ജനാലയിലൂടെ തെറിച്ചുവീണ മഴത്തുള്ളികള്‍ തണുപ്പിന്റെ ആഴം കൂട്ടി. ചുരം റോഡിലെ വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കുകയാണ് മുന്‍ സീറ്റില്‍ രണ്ട് കുട്ടികള്‍. താനും കുട്ടിക്കാലത്ത് ഇത് പോലെയായിരുന്നല്ലോ എന്നയാള്‍ ഓര്‍ത്തു.
ഇറങ്ങാനുള്ള സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് അര മണിക്കൂര്‍ മുമ്പേ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. ഉച്ചക്കുശേഷം അപ്പര്‍ ബര്‍ത്തില്‍ ഒന്ന് മയങ്ങാനായി കയറിയതാണ്. തൊട്ടുതാഴെ കൂടി വളരെ ഉറക്കെ ചായ, ചായ, കാപ്പി, കാപ്പി എന്ന് പല ഭാഷകളിലുള്ള വിളികള്‍, എതിര്‍വശത്തെ സീറ്റുകളില്‍ റീല്‍സിന്റെ ബഹളം, മയക്കംവിടാന് മറ്റൊന്നും വേണ്ടിയിരുന്നില്ല. ഈ റീല്സിലൊക്കെയുള്ള പിള്ളേരുടെ അഭിനയം കൊള്ളാം എന്ന് അയാള്‍ മനസ്സില്‍ ഓര്‍ത്തു. അടുത്ത സീറ്റിലൊരാള്‍ ഏതോ മതപ്രഭാഷകന് ട്രംപിനെ പുകഴ്ത്തുന്ന വിഡിയോ കാണുകയായിരുന്നു. ‘ഇവന്മാര്ക്കൊക്കെ ഇതൊക്കെ സൗണ്ട് കുറച്ച് വെച്ചൂടെ’ എന്ന് താഴെ ബര്‍ത്തിലിരുന്ന ആള് പിറുപിറുത്തു. അയാള്‍ക്കിറങ്ങാനുള്ള സ്റ്റേഷന് അടുക്കാറായിരുന്നു.
ജീവിതത്തിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണെന്നും, വീട്ടില്‍നിന്നും ഒന്ന് മാറിനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞിരുന്നു. കൗമാരക്കാരനായ മകനുമായുള്ള പ്രശ്നങ്ങള്‍ ആയിരുന്നു തുടക്കം. തലമുറ വ്യത്യാസം ഗുരുതരമായിരുന്നു. പല കാര്യങ്ങളിലും കണിശക്കാരനായ ഒരു അച്ഛനായിരുന്നു അയാള്‍. എന്നാല്‍, അധ്യാപികയായ ഭാര്യയുടെയും മകന്റെയും ആശയങ്ങള്‍ ചേര്‍ന്ന് പോകുന്നതായിരുന്നു. മകന്റെ ചില ആവശ്യങ്ങള്‍ തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതോടെ അയാള്‍ രണ്ടുപേരില്‍നിന്നും അകലം കാണിച്ചുതുടങ്ങി.
മകനില്‍ കുറച്ചുനാളായി കണ്ട മാറ്റങ്ങള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു. പൊടിച്ചുവന്ന മീശ വൃത്തിയായി വടിച്ചു ചുണ്ടില്‍ ലിപ്സ്റ്റിക് ഇട്ടു തുടങ്ങിയിരുന്നു അവന്. അവന്റെ റൂമില്‍ ഭാര്യയുടെ കണ്മഷിയും പൊട്ടുകളുമൊക്കെ കണ്ടുതുടങ്ങി. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു തുടങ്ങിയ ആ നാളുകളില്‍ മകന് ഭാര്യയോട് കൂടുതല്‍ അടുത്തു തുടങ്ങി. ഒരു പെണ്കുട്ടിയായുള്ള അവന്റെ മാറ്റം ഒരിക്കലും അംഗീകരിച്ചു തരാന്‍ പറ്റില്ലെന്ന് അയാള്‍ പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നെയൊരിക്കലും അയാള്‍ മകനോട് മിണ്ടിയിട്ടില്ല. മൂന്ന് പേരും വീട്ടില്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ആ വീട് മൗനം മൂടാന്‍ തുടങ്ങി. അങ്ങനെയാണ്, ആ അന്തരീക്ഷത്തില്‍ നിന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിച്ചാലോ എന്ന് അയാള്‍ ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ്, കോണ്‍ഫറന്‍സിന് രണ്ടു ദിവസം മുന്നേതന്നെ അയാള്‍ കൊച്ചിയില്‍ എത്തിയത്.
നഗരത്തില്‍ തിരക്ക് കൂടുതലുള്ള സമയം. ഹോട്ടല്‍ മുറിയിലേക്ക് പോകുന്നതിനു മുമ്പ് ഒരു റെസ്റ്റാറന്റില്‍ കയറി. ഭക്ഷണം എത്തുന്നതിനുമുമ്പ്, കോണ്‍ഫറന്‍സിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ നോക്കി. ഇന്നും നാളെയും ഫ്രീ ആണ്. വളര്‍ന്നുവരുന്ന സംരംഭകരുടെ ഒരു ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ആയിരുന്നു അത്. ഇത്തരം ഒരു പരിപാടിയില്‍ പോവേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ഇക്കാരണംകൊണ്ടെങ്കിലും ഒന്ന് വീട്ടില്‍നിന്ന് മാറിനില്‍ക്കാമല്ലോ എന്ന ചിന്തയിലാണ് അയാളതിനു തുനിഞ്ഞത്.
സുഹൃത്തായ അരുണ രജിസ്ട്രേഷന് വിവരങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചപ്പോള്‍ അയാള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ആദ്യ കാലങ്ങളില്‍ പരിചയപ്പെട്ടതാണ് അരുണയെ. പിന്നീട് കമ്പനിയുടെ സര്‍വീസസ് പ്രമോഷനുവേണ്ടി ഏതു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോയാലും അരുണയെ കണ്ടു. അവളുടെ സ്റ്റാര്‍ട്ടപ്പിന്റെ തുടക്ക കാലത്തെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ അയാള്‍ കുറേ സഹായിച്ചിരുന്നു.
ആ നിലക്ക് തന്നോട് അവള്‍ക്ക് ഒരു പ്രത്യേക സ്നേഹമുള്ളതായി അയാള്‍ക്ക് തോന്നിയിട്ടുണ്ട്. ടാക്സി പിടിക്കാനായി അയാള്‍ റോഡിലേക്കിറങ്ങിയതും പത്തിരുപതോളം പേരുടെ ഒരു പ്രതിഷേധ റാലി റോഡിലൂടെ കടന്നുപോയി. എന്താണ് അവര്‍ മുദ്രാവാക്യം വിളിക്കുന്നതെന്ന് അയാള്‍ക്ക് വ്യക്തമായില്ല. ചീറിപ്പാഞ്ഞു വന്ന ഒരു ഓട്ടോറിക്ഷ പെട്ടെന്ന് അയാള്‍ക്ക് മുന്നില്‍ നിര്‍ത്തി. ‘പെട്ടെന്ന് കേറ്, ഇവറ്റകളുടെ കൂട്ടത്തില്‍ ഒന്നിനെ ആരോ തല്ലി, അതിന്റെ പ്രതിഷേധം ആണ്, കുറേ ആണുങ്ങള് ചായം വാരിത്തേച്ചു ഇറങ്ങിക്കോളും’ -കേറിയ പാടെ ഡ്രൈവര്‍ അയാളെയും കൊണ്ട് കുതിച്ചു.
നല്ല ക്ഷീണമുണ്ടായിരുന്നു. മുറിയിലെത്തി കിടന്നതും അയാള്‍ മയങ്ങിപ്പോയി. അൽപം കഴിഞ്ഞ്, ഒന്നുണര്ന്നപ്പോഴാണ് ഡിന്നറിന് അരുണ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതോര്ത്തത്. ശീതീകരിച്ച റൂമിലെ തണുപ്പില്‍ നിന്ന് നഗരത്തിലെ കൊടും ചൂടിലേക്ക് വീണ്ടും ഇറങ്ങുന്നതോര്ത്ത് അയാള്‍ക്ക് മടി തോന്നിയെങ്കിലും അരുണയുടെ സാമീപ്യം ആലോചിച്ചപ്പോള്‍ അവള്‍ക്കിഷ്ടമുള്ള കറുപ്പ് ഷര്‍ട്ടും ജീന്‍സും ധരിച്ച് അയാള്‍ വേഗം ഇറങ്ങി. ഫ്ലാറ്റിലെ ക്ലോക്കില്‍ എട്ടടിക്കുന്ന സമയത്താണ് അവിടെ കയറിച്ചെന്നത്. എറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ട സന്തോഷത്തോടെ അരുണ അയാളെ കെട്ടിപ്പിടിച്ചു. പതിവുപോലെ അരുണ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും വാചാലയായി.
കോഫി എടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോളാണ് അയാള്‍ ടിവി ചര്‍ച്ച ശ്രദ്ധിച്ചത്. ഏതോ മനുഷ്യാവകാശ പ്രവര്ത്തകന് സംസാരിക്കുകയാണ്. ട്രാന്‍സ് മനുഷ്യര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ആയിരുന്നു വിഷയം. സര്‍ക്കാറുകള്‍ ട്രാന്‍സ് മനുഷ്യര്‍ക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുന്ന ഈ കാലത്തും അവരെ സമൂഹം ഒറ്റപ്പെടുത്തുന്നതും വീട്ടുകാര്‍ വരെ കൈയൊഴിയുന്നതുമാണ് അക്രമങ്ങള്‍ വർധിക്കാന്‍ കാരണമെന്ന് അയാള്‍ വാചാലനായി. ടി.വി സ്ക്രീനിലെ മറുവശത്ത് അക്രമത്തിനിരയായ ഒരാളുടെ ദൃശ്യങ്ങളായിരുന്നു. പത്തുപതിനെട്ട് വയസ്സ് തോന്നുന്ന ഒരാള്‍. വലതു കാലില്‍നിന്ന് രക്തം ഒഴുകുന്നു. കണ്ണിന്റെ ഒരു ഭാഗം തുറക്കാന്‍ കഴിയുന്നില്ല. തലയില്‍ ആരോ ഒരു ഷാള്‍ വെച്ച് മുറിവ് കെട്ടിയിട്ടുണ്ട്. അയാളുടെ നെഞ്ചില്‍ പെട്ടെന്നൊരു ഭയം കൂര്‍ത്തുവന്നു. മൂര്‍ച്ചയുള്ള അതിന്റെ മുന അയാളെ വന്നുതൊട്ടു.
അതൊരോർമയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു രാത്രി. ഭാര്യ ജോലി ചെയ്യുന്ന ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ വാടകക്ക് താമസിക്കുകയായിരുന്നു അന്ന്. അവള് ഒരു പരീക്ഷ ക്യാമ്പില്‍ പോയതാണ്. രാത്രിയില്‍ കളിക്കുന്നതിനിടെ മകന് കട്ടിലില്നിന്നൂര്ന്നു വീണു. കാല് പൊട്ടി ചോരയൊലിക്കുകയാണ്. എത്ര തുണി വെച്ച് കെട്ടിയിട്ടും നില്ക്കുന്നില്ല. അയാള്‍ മകനെ വാരിയെടുത്ത് കുന്നിറങ്ങി ഓടി. ഇരുട്ടില്‍ ഒരു ടാക്സി പോലും കിട്ടാതെ അയാള്‍ മകനൊപ്പം മണിക്കൂറുകളോളം നിന്നു. അവസാനം, കിട്ടിയ ഏതോ ഒരു ജീപ്പില്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും രക്തം കുറേയധികം വാര്‍ന്നുപോയിരുന്നു.
കോഫിയുമായി അരുണ എത്തുമ്പോഴേക്കും അയാള്‍ ഇറങ്ങാന്‍ നോക്കുകയായിരുന്നു. ‘വിമല്‍... എന്ത് പറ്റി? എന്താ പെട്ടെന്ന്? അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്നൊക്കെ പറഞ്ഞിട്ട്...’ അയാൾ അരുണ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ താഴോട്ടിറങ്ങി. ഹോട്ടല്‍ റൂമില്‍ ചെന്ന അയാള്‍ പിന്നൊട്ടും താമസിച്ചില്ല. ബാഗുമെടുത്ത് വേഗത്തില്‍ ഇറങ്ങി. രാത്രി വണ്ടിയില്‍ തിരക്ക് കുറവായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്ക് ഉറക്കം വന്നില്ല.
പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങി ആദ്യം കണ്ട ബസില്‍ കേറി അയാള്‍ വീടെത്തി. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഭാര്യ അമ്പരപ്പോടെ വാതില്‍ തുറന്നു. ചോദ്യഭാവത്തില്‍ മുഖത്തേക്ക് നോക്കുന്ന അവളെ നോക്കാതെ അയാള്‍ മകന് ഉറങ്ങുന്ന റൂമില്‍ ഓടിക്കേറി. ‘എന്റെ പൊന്നു മോളെ...’ അയാള്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. മാസങ്ങളായി ഉള്ളില്‍ ഒളിപ്പിച്ച വിങ്ങലുകള്‍ അയാളില്‍നിന്ന് ധാരയായൊഴുകി. ഇടുക്കിയിലെ കൊടും തണുപ്പില്‍ വാരിയെടുത്ത് ഓടിയ കുഞ്ഞിനെയെന്നപോല്‍ അയാള്‍ അവനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.