കൊതുകിനെ കൊല്ലാൻ എളുപ്പ വഴികൾ
text_fieldsകൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റ് ആണോ കൊതുകുതിരിയാണോ നല്ലത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് പൊലീസും നാട്ടുകാരും വന്നതും എന്നെ വിലങ്ങിട്ട് റോഡിലൂടെ നടത്തിക്കൊണ്ടു പോയതും. ടൗണിൽ ഏറ്റവും കൂടുതൽ കൊതുക് വളരുന്ന സ്ഥലം ജയിൽ ആയിരുന്നതുകൊണ്ട് നേരത്തേ ചിന്തിച്ചുകൊണ്ടിരുന്നത് ജയിലിൽ പോയിട്ടും തുടരാൻ പറ്റി. ആ കണക്ഷൻ കിട്ടിയില്ലെങ്കിൽ പ്രശ്നമാണ്. ചിന്തിച്ചുകൊണ്ടിരുന്നത് മുറിഞ്ഞാലും ചിന്തിച്ചത് എന്താണെന്ന് ഓർമ കിട്ടിയില്ലെങ്കിലും വല്ലാത്ത അസ്വസ്ഥതയാണ്. എന്താണ് ഞാൻ ചെയ്ത കുറ്റം എന്ന് ചോദിച്ച് എല്ലാ കുറ്റവാളികളെയുംപോലെ പൊലീസിന് മുന്നിൽ അഭിനയിച്ചുനിൽക്കാൻ എനിക്ക് തോന്നിയില്ല. ഇനിയും സമൂഹത്തിൽനിന്ന് ഒളിച്ചോടാൻ എനിക്ക് മനസ്സില്ല.
ഇപ്പോൾ കൊതുകാണ് എന്റെ വിഷയം. മറ്റൊന്നും തലയിൽ കേറില്ല. അതിപ്പോൾ ഞാൻ ചെയ്ത കൊലയാണെങ്കിലും കൊല്ലപ്പെട്ടവന്റെ പേരാണെങ്കിലും കൊല്ലാനുള്ള കാരണമാണെങ്കിലും.
കൊതുകിന്റെ മൂളലാണ് ഏറ്റവും ശല്യം ചെയ്യുന്ന ഒച്ച. ചോര കിട്ടിയാലും കിട്ടിയില്ലെങ്കിലും അതിന്റെ ഒരുമാതിരി ഒച്ചയുണ്ട്. കേട്ടാൽ പെരുത്ത് വരും. തല്ലി ചുമരിൽ പറ്റിക്കാൻ തോന്നും. എനിക്കീ കൊതുകിനെ വെറുപ്പാണ്. ഞാൻ കൈകൊണ്ട് തൊടില്ല അതിനെ. കട്ടിയുള്ള വല്ലതുംകൊണ്ട് ചുമരിൽ ചേർത്ത് ചതച്ചാലേ എനിക്ക് കൊന്ന ഫീൽ കിട്ടൂ. അതിന് എത്രനേരം വേണമെങ്കിലും ഞാൻ കാത്തിരിക്കും. വന്നിരുന്ന ഉടനെ അടിക്കരുത്. കുറച്ചുകഴിഞ്ഞ് പുള്ളിക്കാരൻ അവിടെ സ്ഥാനം ഉറപ്പിച്ചു എന്നുറപ്പായാൽ വീശിയടിക്കണം. പറന്നു പോകാൻ ഗ്യാപ് കൊടുക്കരുത്. അടിക്കാൻ എടുത്ത സാധനത്തിൽ കൊതുക് പറ്റിയിരുന്നാൽ അറപ്പാണ്. കൊന്ന മൂഡ് അതോടെ പോകും. ചുമരിൽ സ്റ്റിക്കർപോലെ പറ്റിയിരിക്കണം. ആ വധമാണ് ശരിക്കും വധം. ഈ ഭാഗ്യം എനിക്ക് കുറവാണ്. അത് കൊണ്ടാണോ ഞാൻ പൊലീസിൽ പിടിക്കപ്പെടുന്നത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അത് എന്റെ ഒരു രീതിയാണ്.
കൊതുകുകടി മാറാൻ ആരെങ്കിലും കൊതുകുതിരി കൊണ്ടുവരുമെന്ന് വിചാരിച്ചു. അതുണ്ടായില്ല. കൊലപാതകിയോട് പൊലീസുകാർക്ക് ആദ്യം ഒരു അകൽച്ചയുണ്ടാകും. എന്നോടും അങ്ങനെ ഉണ്ടാകുമോ. അറിയില്ല.
എല്ലാത്തിന്റെയും തുടക്കം ആ പ്രസിൽ നിന്നായിരുന്നു. പാറ്റയെ തുരത്താൻ എളുപ്പ വഴികൾ എന്ന പുസ്തകം കണ്ടിട്ടാണ് ഞാൻ പ്രസിൽ ചെന്നത്. ‘കൊതുകിനെ കൊല്ലാൻ എളുപ്പവഴികൾ’ എന്ന പുസ്തകം എഴുതാമെന്നും സ്വയം വിറ്റുതരാമെന്നും മാന്യമായ പ്രതിഫലം വേണമെന്നുമായിരുന്നു എന്റെ കണ്ടീഷൻ. ഫിഫ്റ്റി ഫിഫ്റ്റി ഒന്നും വേണ്ടെങ്കിലും ഒരു ഇരുപത്തഞ്ചെങ്കിലും എനിക്ക് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു. പക്ഷേ, പ്രസ് മാനേജരുടെ ഉള്ളിലെ കച്ചവടക്കാരനും സൈദ്ധാന്തികനുമാണ് പുറത്തുവന്നത്.
‘ഇത്തരം പുസ്തകങ്ങൾ വായനക്കാർക്ക് വേണ്ട. വായനക്കാരുടെ അഭിരുചി അറിയാത്ത നിനക്ക് പുസ്തകം ഇറക്കാൻ പോയിട്ട് വായിക്കാൻപോലും യോഗ്യതയില്ല. നീ വല്ല ബുക്കും മുഴുവനായി വായിച്ചിട്ടുണ്ടോ. അഞ്ച് എഴുത്തുകാരുടെയെങ്കിലും പേര് അറിയാമോ. ചങ്ങമ്പുഴടെ രമണൻ കേട്ടിട്ടുണ്ടോ.’ അവന്റെ ചോദ്യങ്ങൾ. എന്നോട് മാത്രമായി പറയുകയാണെങ്കിൽ സഹിക്കാമായിരുന്നു. പ്രസിലെ മുഴുവൻ ആളുകളെ വിളിച്ചതും പോരാഞ്ഞിട്ട് ഞാൻ പുറത്തിറങ്ങുമ്പോൾ പിറകെവന്ന് റോഡിൽ കാണുന്നവരോടൊക്കെ വിളിച്ചുപറയുന്നു. എന്നെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. എന്നിട്ടും മനസ്സിലാകാത്തവർക്ക് ‘ആ പോകുന്ന നീല ഷർട്ടിട്ട കണ്ണടക്കാരൻ’ എന്ന് ചൂണ്ടിയും കാണിച്ചു കൊടുത്തു. എന്റെ തൊലിയുരിഞ്ഞു പണ്ടാരമടങ്ങി. സാഹിത്യം ആരുടെയും കുത്തകയല്ല എന്നറിഞ്ഞിട്ടും ആ പ്രസിലേക്ക് തന്നെ പോയത് വേറെ ഒന്നും കൊണ്ടല്ല. അത്യാവശ്യം വിറ്റുപോകുന്ന ബുക്കെല്ലാം അവിടെനിന്നായിരുന്നു ഇറക്കിയിരുന്നത്. ‘കൊതുകിനെ കൊല്ലാൻ എളുപ്പ വഴികൾ’ എന്ന ഹെഡിങ്ങിൽ ഒരു പുതുമയുെണ്ടന്ന് എന്നെ വിടാതെകൂടിയ ഒരു ചിന്ത സമ്മതിപ്പിച്ചിരുന്നു. എനിക്ക് ഒരുകാര്യം നല്ലവണ്ണം തോന്നിയാൽ അത് ശരിയാവുക തന്നെയാണ് പതിവും. എന്റെ പ്രശ്നം അതല്ല. ഞാനെഴുതിയത് ഒരു നോവൽ ആയിരുന്നു.
കൊതുകിനെ കൊല്ലാനുള്ള വഴികൾ അക്കമിട്ട് പറയുന്ന ചവറായിരുന്നില്ല എന്റെ കന്നി കൃതി. നോവലിന്റെ ഇതിവൃത്തം എന്താണെന്ന് ആരോടും പറയില്ല എന്ന് ഞാൻ ഉറപ്പിച്ചതാണ്. ഇതിൽ ഒരു പുതുമയില്ല എന്ന പ്രസ് മാനേജരുടെ വാക്ക് ഇന്നും എന്നെ അത്രക്ക് നോവിക്കുന്നുണ്ട്. അതിനുശേഷം രണ്ടാഴ്ചത്തേക്ക് ഞാൻ ആ വഴിയിലൂടെ നടന്നിട്ടേയില്ല. എന്നെ നോക്കുന്ന ഓരോ ആളും അന്നത്തെ സംഭവത്തിനുശേഷം നോക്കുന്നതാണോ എന്നെനിക്ക് തോന്നിയിരുന്നു. എന്റെ മനസ്സമാധാനവും ഉറക്കവും പോയിക്കിട്ടി.
ആദ്യം കൊന്നത് പ്രസ് ഉടമയെയായിരുന്നു. മാനേജർ ‘ആ നീല ഷർട്ടുകാരൻ’ എന്ന് ചൂണ്ടിയപ്പോൾ കൂട്ടത്തിൽ വലിയ ചിരി അയാളുടേതായിരുന്നു. ആ ചിരിയിൽ എന്റെ നടത്തത്തെ കൂടി അയാൾ ആക്കിയതല്ലേ എന്നെനിക്ക് സംശയമുണ്ട്. പിന്നെ കൊന്നത് സംഭവം എല്ലാം കഴിഞ്ഞിട്ടും പ്രസ് ഉടമയിൽനിന്ന് ചൂടോടെ കഥ കേൾക്കാൻ പ്രസിന് ഉള്ളിൽ പോയ ചേട്ടനെ. അയാളാണ് പിറ്റേന്ന് റെയിൽവേയിൽ െവച്ച് ‘ഇന്നലെ പ്രസ്സീന്ന് ഇറക്കി വിട്ട ആളല്ലേ’ എന്ന് ഉറക്കെ ചോദിച്ചത്. എന്നിട്ട് എന്റെ കഥ എനിക്കുതന്നെ പൊടിപ്പും തൊങ്ങലും ചേർത്ത് അവസാനം വരെ പറഞ്ഞു തന്നിരിക്കുന്നു. പതുക്കെ ആണെങ്കിൽ ഞാനും തമാശക്ക് എടുത്തേനെ. ഇതിപ്പോൾ ഒരു റെയിൽവേ സ്റ്റേഷൻ മുഴുവൻ എന്നെ നോക്കി ചിരിക്കുകയാണ്.
പ്രസ് മാനേജറെയാണ് അവസാനം കൊന്നത്. കഴിഞ്ഞ ആഴ്ച. അയാളെ അയാളുടെ പാട്ടിനു വിടാം എന്ന് കരുതിയിരുന്നു. ഇത്രയേറെ പുസ്തകങ്ങൾ പുറത്തിറക്കിയ ആളല്ലേ എന്ന് വിചാരിച്ചു. പക്ഷേ, അതിനിടക്കാണ് ഏതോ ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വായനക്കാരും എഴുത്തുകാരും എന്ന സെഷനിൽ അയാൾ എന്റെ കാര്യം പറയുന്ന വീഡിയോ കണ്ടത്. ഒരു ദിവസം ഉറങ്ങാൻനേരം വെറുതെ ഒന്ന് എഫ്.ബി തുറന്നപ്പോൾ ആദ്യം വന്നത് ഈ പണ്ടാരമായിരുന്നു. ലൈക്കടിച്ചവരും കമന്റ് ചെയ്തവരും മിക്കവാറും എന്റെ ഫ്രൻഡ് ലിസ്റ്റിൽ ഉള്ളവർ. എല്ലാ വായനക്കാരും എഴുത്തുകാർ ആകരുത് എന്ന് എന്നെ ഉദാഹരിച്ച് അയാൾ സമർഥിച്ചു. എല്ലാവരും എഴുത്തുകാരായാൽ ആരെങ്കിലും പുസ്തകം ഇറങ്ങുന്നത് കാത്തിരിക്കുമോ എന്ന് കച്ചവടക്കാരന്റെ സ്റ്റൈലിൽ ആൾ ചോദിച്ചു. മുന്നിലിരിക്കുന്ന കോളജ് വിദ്യാർഥികൾ കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. അവരിൽ ആരൊക്കെയോ മറ്റേ സംഭവം ലൈവായി കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി. അന്നത്തെ ഉറക്കം അതോടെ പോയി. പിറ്റേന്ന് പോയി ആളെ തീർത്തു.
കൊന്നിട്ട് ഒളിക്കാനോ നാട് വിടാനോ തോന്നിയില്ല. നാട് വിട്ടാലും ആരെയെങ്കിലും കൊല്ലാൻ തിരിച്ചുവരേണ്ടി വരും. നീ തെറ്റൊന്നും ചെയ്തില്ലല്ലോ മറ്റുള്ളവർ നിന്നോട് ചെയ്തതിന് നീ എന്തിന് ഓടിയൊളിക്കണം എന്ന് എപ്പോളും ഉള്ളിൽനിന്ന് ഒരു സപ്പോർട്ട് എന്നെ താങ്ങിയിരുന്നു. ആ സപ്പോർട്ട് മാത്രമായിരുന്നു എന്നെ സൂയിസൈഡ് ചെയ്യാതെ പിടിച്ചുനിർത്തിയത്. സമൂഹത്തിൽ നിന്ന് ഒളിച്ചോടരുത് എന്ന വിചാരം വരാൻ ഞാൻ കണ്ട മോട്ടിവേഷൻ വീഡിയോകൾക്ക് കണക്കില്ല. പല വീഡിയോകൾക്കും ഞാൻ ലൈക് അടിക്കാൻ മറന്നുപോയിട്ടിട്ടുണ്ട്. പക്ഷേ, അവർ ചെയ്ത സഹായം ഞാൻ ഒരിക്കലും മറക്കില്ല.
എത്രപേരേ കൊന്നു എന്ന് എണ്ണാൻ ഞാൻ മറന്നിരുന്നു. കുറച്ചെണ്ണമേ ഞാൻ ഓർക്കുന്നുള്ളൂ. അതെനിക്ക് അറിയണം എന്നില്ല. മനസ്സിൽ നിൽക്കാത്തത് പിന്നെയും നിർത്താൻ നോക്കരുത് എന്ന് ഞാൻ പണ്ടേ പഠിച്ച ഒരു പാഠമാണ്. അതുകൊണ്ട് ഓർമയില്ലാത്തതു തന്നെയാണ് എന്നെ സംബന്ധിച്ച് നല്ലത്. എന്നല്ല പിന്നീട് ഓർത്തിട്ട് കിട്ടിയില്ലെങ്കിലുള്ള അസ്വസ്ഥത വേണ്ടല്ലോ. എങ്ങനെ കൊതുകിനെ എളുപ്പത്തിൽ കൊല്ലാം. ഇലക്ട്രിക് ബാറ്റോ കൊതുകുതിരിയോ നല്ലത് എന്നായിരുന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കൊതുകിനെക്കുറിച്ച് മുമ്പ് ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ലായിരുന്നു. എന്റെ പുസ്തകവും അതായിരുന്നില്ല പറയുന്നത്. പക്ഷേ, എന്റെ അവസ്ഥ എന്നെ അതിലേക്ക് വലിച്ചു കൊണ്ടുപോകുന്നു. വേറെ ഒന്നും ചിന്തിക്കാനില്ലാത്തതുകൊണ്ടാകുമോ. അറിയില്ല.
ഞാൻ അവസാനം വായിച്ച ഒരു പത്ര വാർത്തയിൽ കണ്ടത് വേറെ ഏതോ കാരണം കൊണ്ട് ഇപ്പോൾ ഓർമവരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊല്ലുന്നത് മനുഷ്യനാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, ആ റിപ്പോർട്ട് വായിച്ചപ്പോൾ ഞെട്ടി. മനുഷ്യനും പാമ്പും ഒന്നുമല്ല. കൊതുകാണ് ഏറ്റവും വലിയ ചോര കുടിയൻ ജന്തു!
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.