എന്നെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു ആ പെൺകുട്ടി: അഖിൽ പി. ധർമജൻ
text_fieldsകോവിഡ് കാലത്താണ് അഖിൽ പി. ധർമജന്റെ റാം c/o ആനന്ദി എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ആ പുസ്തകം മെല്ലെ മെല്ലെ ആളുകളിലേക്കെത്തി തുടങ്ങി. ഇപ്പോൾ 32 പതിപ്പുകൾ പിന്നിട്ടു. ഒരു സിനിമാറ്റിക് നോവലുപോലെ വായിച്ചുപോകാം എന്നതാണ് പുതുതലമുറയെ പുസ്തകത്തിലേക്ക് ആകർഷിച്ചത്. പുസ്തകം ബെസ്റ്റ് സെല്ലറായി മാറാൻ അധിക കാലം വേണ്ടിവന്നില്ല. ഏറ്റവുമൊടുവിൽ കേന്ദ്രസാഹിത്യ അക്കാദമി യുവ അവാർഡും റാം c/o ആനന്ദിയെ തേടിയെത്തി. ലക്ഷണമൊത്തെ നോവലിന് അവാർഡ് കൊടുക്കുമെന്ന് പ്രതീക്ഷിച്ച ചിലർ അതിൽ വിവാദമുണ്ടാക്കി. വിവാദം അതിന്റെ വഴിക്കുപോയി. എഴുത്തുകാരൻ മറ്റൊരു വഴിക്കും. എഴുത്തു ജീവിതത്തെ കുറിച്ച് അഖിൽ പി. ധർമജൻ സംസാരിക്കുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അതുണ്ടാക്കിയ വിവാദങ്ങളെയും കുറിച്ച് പറഞ്ഞു തുടങ്ങാമെന്ന് തോന്നുന്നു?
ഒട്ടും പ്രതീക്ഷിക്കാതെയാണ് അവാർഡ് ലഭിച്ചത്. പിന്നാലെ വിവാദങ്ങളും എത്തി. ആ വിവാദങ്ങൾക്ക് പിന്നാലെ പോയില്ല. ഒന്നിനും പ്രതികരിക്കാൻ പോയില്ല. വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നു കരുതി. അവാർഡ് സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിച്ചു. അച്ഛന് ലോട്ടറിക്കച്ചവടമാണ്. ലോട്ടറി വാങ്ങാൻ വന്നവർക്കൊക്കെ അച്ഛൻ ലഡു വിതരണം ചെയ്തു. കുടുംബത്തിന് വലിയ സന്തോഷമായിരുന്നു. അവാർഡ് കിട്ടിയപ്പോൾ പല അഭിപ്രായങ്ങളും വന്നു. മുതിർന്ന എഴുത്തുകാരുടെ വിമർശനം കേട്ടപ്പോൾ അവരും ആ പുസ്തകം വായിച്ചല്ലോ എന്ന സന്തോഷം തോന്നി. അത്രയും സമയം അവരതിന് ചെലവഴിച്ചല്ലോ...
ഒറ്റത്തവണ വായിക്കാം, കളയാം എന്ന രീതിയിലും വായനാസമൂഹത്തിൽ നിന്ന് അഭിപ്രായങ്ങൾ വന്നു. അക്കാദമി അവാർഡ് കടുകട്ടി സാഹിത്യങ്ങൾക്ക് മാത്രമേ കൊടുക്കാവൂ എന്ന് വിശ്വസിക്കുന്നുണ്ടോ?
സാഹിത്യത്തിലും എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ സംഭവിക്കണ്ടെ? പല രംഗങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പൈങ്കിളി എന്ന് പറഞ്ഞ് അധിക്ഷേപിക്കാമെങ്കിലും റാം c/o ഓഫ് ആനന്ദിയിൽ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. റൊമാന്‍റിക് ഫിക്ഷൻ എന്ന വിഭാഗത്തിലാണെങ്കിലും ഈ നോവലിൽ നായകനും നായികയും പ്രണയിച്ച് നടക്കുന്ന രംഗങ്ങൾ വളരെ കുറവാണ്. സമൂഹത്തിൽ നടക്കുന്ന ട്രാൻസ് വ്യക്തികളുടെ പ്രശ്നങ്ങൾ, യുദ്ധം ബാധിച്ച കുടുംബത്തിന്റെ കഥ, സമീപകാലത്ത് നടന്ന കാര്യങ്ങൾ എന്നിവയൊക്കെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. വിമർശിക്കാൻ വേണ്ടി വായിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കുന്നു. പോസിറ്റീവായ വിമർശനങ്ങൾ പറയുന്നവരുമുണ്ട്. നോവലിലെ ഈ ഭാഗം കുറച്ചു നന്നാക്കാമായിരുന്നു, അല്ലെങ്കിൽ ആ വാക്കുകൾ അങ്ങനെ വേണ്ടായിരുന്നു എന്നൊക്കെ... അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അടുത്ത എഴുത്തിൽ ആ തെറ്റുകളൊക്കെ ഒക്കെ തിരുത്തി മുന്നോട്ടുപോകും.
എന്നാൽ ഇനി എഴുതുകയേ ചെയ്യരുത് എന്ന് പറയുമ്പോൾ അതൊക്കെ ആളുകളുടെ മെന്‍റാലിറ്റിയെ ആണ് കാണിക്കുന്നത്. അവർക്ക് എന്തുകൊടുത്താലും സ്വീകരിക്കില്ല. സാഹിത്യത്തിന് അവർ അളവുകോൽ വെച്ചിട്ടുണ്ട്. അവർ അവർക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കട്ടെ. ലളിതമായ ഭാഷ ഇഷ്ടമുള്ളവർ അങ്ങനെ ചെയ്യട്ടെ. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ ഞാൻ ചെയ്യാറുണ്ട്. അക്കാദമി അവാർഡ് പുതിയ എഴുത്തുകാർക്ക് കൂടിയുള്ള പ്രോത്സാഹനമായാണ് തോന്നുന്നത്.
അവാർഡ് കിട്ടിയതോടെ വായനക്കാരോടുള്ള ഉത്തരവാദിത്തം കൂടിയില്ലേ?
ഓരോ പുസ്തകം എഴുതുമ്പോഴും ആദ്യത്തെ പുസ്തകം പോലെയാണ് ഞാൻ സമീപിക്കുന്നത്. റാം കെയർ ഓഫ് ആനന്ദി വിജയിച്ചുവെന്ന് കരുതി അയ്യോ ഇനി ഇതിനേക്കാൾ മികച്ചത് എഴുതേണ്ടേ എന്ന് പറഞ്ഞ് പേടിച്ചിരിക്കാൻ പറ്റില്ല. റാം c/o ഓഫ് ആനന്ദിക്ക് ശേഷം വന്ന 'രാത്രി 12നുശേഷം' ഇപ്പോൾ റിലീസ് ചെയ്യേണ്ട എന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ ഇതല്ല വായനക്കാർ പ്രതീക്ഷിക്കുന്നത് എന്നാണ് അവർ പറഞ്ഞത്. കാരണം മിസ്റ്ററി ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകമാണത്. പുസ്തകം റിലീസായി കഴിഞ്ഞപ്പോൾ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിളിച്ചവരുണ്ട്. ഇനിയും വ്യത്യസ്ത വിഭാഗത്തിലുള്ള ജോണർ എഴുത്തിൽ ഞാൻ പരീക്ഷിക്കും. ഒരേ സാധനം തന്നെ എഴുതുമ്പോൾ എഴുത്തുകാരനെന്ന നിലയിൽ പുതുക്കപ്പെടുന്നില്ല. ഒരേ സ്ഥലത്തേക്ക് തന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യുന്നത് പോലെയാണത്.
യാത്രകൾ എങ്ങനെയാണ്?
ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണ് ഞാൻ. എന്റെ റോയൽറ്റിയുടെ ഭൂരിഭാഗവും യാത്രകൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഹൈക്ലാസ് യാത്രകളൊന്നുമല്ല. യാത്രകളുടെ ബജറ്റ് കുറവാണ്. പരസഹായമില്ലാതെ ഒറ്റക്ക് ഒരുപാട് യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. യാത്രകൾക്കായി പ്രത്യേക ബക്കറ്റ്ലിസ്റ്റ് തന്നെയുണ്ട്. യാത്രകളിൽ കാണുന്ന കാര്യങ്ങൾ എഴുത്തിൽ സ്വാധീനിക്കുകയും ചെയ്യും.
എഴൂത്ത് പ്രഫഷനാക്കാൻ തീരുമാനിച്ചത് എപ്പോഴായിരുന്നു?
മെക്കാനിക്കായിരുന്നു ഞാൻ. സിനിമയും എഴുത്തും കൂടി വന്നപ്പോൾ എന്റെ പ്രഫഷൻ അതുമായി മാച്ചാവുന്നുണ്ടായിരുന്നില്ല. രാവിലെ ഇറങ്ങിയാൽ രാത്രിയാകും തിരിച്ചെത്താൻ. വീട്ടിലെത്തിയാൾ ഒരക്ഷരം പോലും എഴുതാൻ പറ്റില്ല. അങ്ങനെയാണ് ആ ജോലി വേണ്ടെന്ന് വെച്ചിട്ട് എഴുത്തിലേക്കും സിനിമയിലേക്കും ഫോക്കസ് ചെയ്യുന്നത്. 2018 ആണ് ആദ്യം വർക്ക് ചെയ്ത സിനിമ.
റാം കെയർ ഓഫ് ആനന്ദിക്ക് ഇത്ര വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആഗ്രഹിച്ചിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് റാം കെയർ ഓഫ് ആനന്ദി ചെയ്തത്. ഒരിക്കലും വായനാശീലമില്ലാത്ത ആളുകൾ അത് ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സിംപിൾ ഭാഷയിലാണ് എഴുതിയത്. ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നേക്കും എന്നൊരു വിശ്വാസമുണ്ട്. കോവിഡ് കാലത്താണ് ഈ പുസ്തകം ഇറങ്ങിയത്. ആദ്യമൊക്കെ എന്റെ വിശ്വാസം തെറ്റിപ്പോയോ എന്നൊക്കെ തോന്നിയിരുന്നു. എന്നാൽ ഒരു മിറാക്ക്ൾ പോലെ പയ്യെ പയ്യെ പുസ്തകം വായനക്കാരിലേക്ക് എത്തിത്തുടങ്ങി. 16 എഡിഷൻ വരെ ചെറിയ ഫ്ലോയിലായിരുന്നു പുസ്തകം ആളുകളിലേക്ക് എത്തിയത്. എന്നാലും മാസത്തിൽ ഒരു എഡിഷൻ വെച്ചിട്ടൊക്കെ ഇറങ്ങുന്നുണ്ടായിരുന്നു. പിന്നെ ഒരു പോക്കായിരുന്നു. മാസത്തിൽ മൂന്നും നാലും എഡിഷൻ വരെ ഇറങ്ങി. ആദ്യമൊക്കെ എന്റെ പുസ്തകത്തിന് പ്രൊമോഷൻ കൊടുക്കുന്നില്ല എന്ന് പറഞ്ഞ് പബ്ലിഷേഴ്സുമായി വഴക്കിട്ടുണ്ട്. ശരിക്കും വായനക്കാരാണ് എന്റെ പുസ്തകത്തിന്റെ പ്രചാരകർ.
റാം c/o ആനന്ദിയുടെ വായനക്കാർ ഏത് വിഭാഗക്കാരാണ്?
എല്ലാ ടൈപ്പ് ആളുകളും പുസ്തകം വായിച്ചു. 45 വയസിനു താഴെയുള്ള ആളുകളാണ് കൂടുതൽ പുസ്തകം വായിച്ചിട്ടുള്ളത്. 75 വയസിനു മുകളിലുള്ള വായനക്കാരുമുണ്ട് റാം c/o ആനന്ദിക്ക്. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോൽസവം നടക്കുമ്പോൾ പ്രായമായ ഒരു അമ്മയും അച്ഛനും എന്നെ കാണാൻ വന്നു. രണ്ടുപേരും 70 വയസിനു മുകളിലുള്ളവരാണ്. അവർക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണിതെന്ന് പറഞ്ഞ് സൈൻ ചെയ്യിക്കാൻ വന്നതായിരുന്നു. മെർക്കുറി ഐലന്‍റും അവർക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞു. കുട്ടികളെ ആകർഷിക്കുന്ന പുസ്തകമാണ് അതെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രായമായ ഒരുപാട് പേർ ആ പുസ്തകം ഇഷ്ടമായി എന്ന് പറഞ്ഞിട്ടുണ്ട്. ഇതിലൂടെ വായനക്ക് പ്രത്യേകിച്ച് പ്രായമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നാലു പുസ്തകങ്ങളുടെയും പ്രകാശനം വ്യത്യസ്തമായ രീതിയിലായിരുന്നല്ലോ....
ഓജോ ബോർഡിന്റെ പ്രകാശനം പൊതുശ്മശാനത്തിൽ വെച്ചായിരുന്നു. എന്റെ എഴുത്തിനോട് താൽപര്യമുള്ളവരാണ് ആ സ്ഥലത്ത് പ്രകാശനത്തിനായി വരുന്നത്. ഒരു ഹാളിൽ വെച്ച് സെലിബ്രിറ്റിയെ കൊണ്ടോ രാഷ്ട്രീയക്കാരെ കൊണ്ടോ നമുക്ക് പുസ്തകം പ്രകാശനം ചെയ്യിക്കാം. എന്നാൽ വന്നുകൂടുന്ന ആളുകളുടെ കൂട്ടത്തിൽ നിന്ന് നറുക്കെടുത്ത് ഒരാളെ കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുക എന്നതാണ് എന്റെ രീതി.
എന്റെ ഇംഗ്ലീഷ് നോവൽ കെ.എൽ.എഫിൽ വെച്ചായിരുന്നു പ്രകാശനം ചെയ്തത്. വലിയ ജനക്കൂട്ടത്തിനിടയിൽ നറുക്കെടുപ്പ് പോലെയൊന്നും പറ്റില്ല. സ്റ്റേജിൽ ഒരു ചോക്കലേറ്റ് ഇരിപ്പുണ്ടായിരുന്നു. അത് സ്റ്റേജിൽ പിന്തിരിഞ്ഞ് നിന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് ഇട്ടുകൊടുത്തു. ആർക്കാണോ ചോക്കലേറ്റ് കിട്ടുന്നത് അവരെ കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കാം എന്ന് പറഞ്ഞു. പുസ്തക പ്രകാശനം എങ്ങനെ വേണമെന്ന് ഡി.സി. ബുക്സിൽ ചോദിച്ചിരുന്നു. വായനക്കാരിൽ നിന്ന് ഒരാൾ മതിയെന്നാണ് അവരോട് പറഞ്ഞത്. ഒരു പെൺകുട്ടിക്കാണ് ചോക്കലേറ്റ് കിട്ടിയത്. ആ കുട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
ഓജോബോർഡിൽ ശ്മശാനത്തിൽ ജോലിചെയ്യുന്നവരെ കുറിച്ചൊക്കെ പറയുന്നുണ്ട്. ബാണാസുര ഡാമിൽ വെച്ച് പ്രകാശനം ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ രാത്രി അവിടെ ആളുകളെ കയറ്റില്ല. അങ്ങനെയാണ് പുസ്തക പ്രകാശനം ശ്മശാനത്തിൽ വെച്ചാക്കാം എന്ന് തീരുമാനിച്ചത്. പാതിരാമണലിൽ വെച്ചായിരുന്നു മെർക്കുറി ഐലൻറിന്റെ പ്രകാശനം. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു റാം c/o ആനന്ദിയുടെ പ്രകാശനം. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ.
ഓജോ ബോർഡിന് രണ്ടാംഭാഗമുണ്ടോ?
പതിയെ എഴുതിത്തുടങ്ങണം എന്നാണ് വിചാരിക്കുന്നത്. ഓജോ ബോർഡ് എഴുതിയിട്ട് ഇപ്പോൾ 16 വർഷത്തോളമായി. എഴുത്തിൽ ഹൊറർ കൊണ്ടുവരാൻ പ്രയാസമാണ്. സിനിമയാണെങ്കിൽ വിഷ്വൽസിലൂടെ നമുക്ക് ആൾക്കാരെ പേടിപ്പിക്കാം. എഴുത്തിലൂടെ അത് വളരെ ശ്രമകരമാണ്. ഹൊറർ കണ്ട് അഡ്വാൻസ്ഡ് ആയ ആളുകളെ പേടിപ്പിക്കൽ വളരെ ശ്രമകരമാണ്. എന്നാലും ഓജോ ബോർഡിന് രണ്ടാം ഭാഗം എഴുതും.
പുതുതലമുറയെ എഴുത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിമിത്തമായല്ലോ?
അതിൽ ഒരുപാട് സന്തോഷമുണ്ട്. നമുക്ക് എന്തും വായിക്കാം. ഒരു വായനയും ഒന്നും നൽകാതെ പോകുന്നില്ല. ഇന്ന ബുക്ക് വായിച്ചാലേ വായനക്കാരൻ ആവുകയുള്ളൂ എന്നാണ് പുതുതലമുറയെ പറഞ്ഞ് പേടിപ്പിച്ചിട്ടുള്ളത്. അവർ ആ പുസ്തകം വായിക്കുമ്പോൾ കടുകട്ടി വാക്കുകളാണ് കാണുന്നത്. സ്വാഭാവികമായും വായന നമുക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് ആ പുസ്തകം അവർ മാറ്റിവെക്കും. അങ്ങനെയുള്ള സമയത്താണ് റാം കെയർ ഓഫ് ആനന്ദി പോലുള്ള പുസ്തകങ്ങൾ ഇറങ്ങുന്നത്. അതിലെല്ലാം ലളിതമായ ഭാഷയാണ് ഉപയോഗിച്ചത്. വായിച്ചു തുടങ്ങാനുള്ള ഒരു സ്പാർക്കാണ് റാം കെയർ ഓഫ് ആനന്ദി കൊടുത്തത്. ഈ പുസ്തകം വായിച്ച നാലുലക്ഷം ആളുകൾ ഇപ്പോൾ എന്ത് വായിക്കുന്നു എന്നതാണ് പ്രസക്തി എന്ന് വിമർശനമുയർന്നിരുന്നു.
അടുത്തിടെ ഒരു സ്കൂളിൽ പ്രോഗ്രാമിനായി പോയപ്പോൾ 10ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി 'രാത്രി 12നു ശേഷം' എന്ന പുസ്തകം സൈൻ ചെയ്യിക്കാനായി എന്റെ അടുത്തുവന്നു. ആ കുട്ടിയുടെ ബാഗിൽ ഖസാക്കിന്റെ ഇതിഹാസവും ഉണ്ടായിരുന്നു. ഇത് വാങ്ങിയതാണോ എന്ന് ആ കുട്ടിയോട് ചോദിച്ചു. അതെയെന്ന് പറഞ്ഞ ശേഷം റാം c/o ആനന്ദിയാണ് താൻ ആദ്യം വായിച്ച പുസ്തകമെന്ന് ആ കുട്ടി പറഞ്ഞു. ഇപ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിലേക്ക് ഒക്കെ വായന എത്തി എന്ന് പറഞ്ഞു. നേരത്തേ വിമർശിച്ചവർക്കുള്ള മറുപടിയാണത്. ഞാൻ ഖസാക്കിന്റെ ഇതിഹാസം ആദ്യം വായിച്ചപ്പോൾ എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. പയ്യെ പയ്യെ ആണ് അത് മനസിലാക്കിയത്. നമ്മൾ നടത്തം പഠിക്കുന്നത് പോലെയുള്ള ഒരു പ്രക്രിയയാണ് വായനയും.
എഴുത്ത് തുടങ്ങിയത് എപ്പോഴാണ്? ആദ്യകാലത്ത് പുസ്തകം ആളുകളിൽ എത്തിക്കാൻ നേരിട്ട വെല്ലുവിളികൾ?
ഏഴാംക്ലാസിൽ പഠിക്കുമ്പോഴേ എഴുതുമായിരുന്നു. പബ്ലിഷ് ചെയ്യാനായി എഴുതിയത് ഓജോ ബോർഡ് ആണ്. ഓജോ ബോർഡും മെർക്കുറി ഐലന്‍റും പബ്ലിഷിങ് കമ്പനികൾ കൊടുത്തപ്പോൾ റിജക്റ്റ് ചെയ്ത പുസ്തകങ്ങളാണ്. അതുകൊണ്ട് സ്വന്തം രീതിയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. പബ്ലിഷിങ് കമ്പനികൾ പ്രസിദ്ധീകരിക്കാത്ത പുസ്തകമായത് കൊണ്ട് ബുക്ക്സ്റ്റാളുകളിലും പുസ്തകത്തിന് സ്വീകാര്യത കിട്ടിയില്ല. വീട്ടിൽ പുസ്തകങ്ങൾ കെട്ടിക്കിടക്കുന്ന ഒരവസ്ഥ വന്നു. ചിതലരിച്ചുപോകുമെന്നായപ്പോഴാണ് റെയിൽവേ സ്റ്റേഷനുകളിൽ പുസ്തകം കൊണ്ടുനടന്ന് വിൽക്കാൻ തുടങ്ങി. അങ്ങനെയാണ് ആദ്യത്തെ രണ്ട് പുസ്തകങ്ങളും വിറ്റത്. ഒരുപാട് കാലം കഴിഞ്ഞ് ഫേസ്ബുക്കിൽ റിവ്യൂ വന്ന് തുടങ്ങിയപ്പോഴാണ് ആ പുസ്തകങ്ങൾ ബുക്സ്റ്റാളുകൾ ഏറ്റെടുത്തത്.
പുതിയ വർക്കുകൾ?
പുതിയ ഒരു സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. ഈ വർഷം അതിന്റെ അനൗൺസ്മെന്‍റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പുസ്തകത്തിനായി റിസർച്ച് നടക്കുകയാണ്. ഏതാണ് ജോണർ എന്ന് പറയാനായിട്ടില്ല. കുറച്ച് സമയമെടുത്ത് അടുത്ത പുസ്തകം എഴുതണം എന്നാണ് ആഗ്രഹിക്കുന്നത്. കുറച്ചു സമയമെടുത്താണെങ്കിലും റാം കെയർ ഓഫ് ആനന്ദി സിനിമയാക്കണം എന്ന സ്വപ്നവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.