ഗസ്സയിൽ വംശഹത്യയടക്കം നടക്കുന്ന ഭയാനക കാലത്താണ് നമ്മൾ ജീവിക്കുന്നത് -അരുന്ധതി റോയ്
text_fieldsഅരുന്ധതി റോയ്
കൊച്ചി: ഗസ്സയിൽ വംശഹത്യ നടക്കുകയും ഇന്ത്യയിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന ഭയാനക കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന ‘മദർ മേരി കംസ് ടു മീ’ എന്ന തന്റെ പുസ്തക പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.
ഈ ചടങ്ങിന് കയറുന്നതിനു മുമ്പാണ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചെന്ന നിരാശാജനകമായ വാർത്ത അറിഞ്ഞത്. ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എൻ. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
അമ്മ മേരി റോയിയുടെ ഓർമകളെ കുറിച്ച് എഴുതിയ പുസ്തകം, അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവെക്കാനാണെന്നും അമ്മയുമായുള്ള അടുപ്പവും അകൽച്ചയും ഇതിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അരുന്ധതി കൂട്ടിച്ചേർത്തു.
എഴുത്തുകാരി കെ.ആർ. മീര, അരുന്ധതി റോയുടെ സഹോദരൻ ലളിത് റോയ്, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രമണ്യം, രവി ഡീസി, ജിഷ ജോൺ, രഞ്ജിനി മിത്ര തുടങ്ങിയവർ സംസാരിച്ചു.
മാനസി സുബ്രഹ്മണ്യം പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ ആദ്യ അധ്യായമായ ‘ഗാംഗ്സ്റ്ററി’ന്റെ വിവരണവും പുസ്തകത്തെക്കുറിച്ച ചർച്ചയും സംഘടിപ്പിച്ചു. പുസ്തകത്തിന്റെ ആഗോളതലത്തിലുള്ള ആദ്യ പൊതുപ്രകാശന ചടങ്ങായിരുന്നു സെന്റ് തെരേസാസ് കോളജിൽ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.