Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവേദനകളെ അതിജീവിച്ച...

വേദനകളെ അതിജീവിച്ച എഴുത്ത്

text_fields
bookmark_border
വേദനകളെ അതിജീവിച്ച എഴുത്ത്
cancel
‘കനലെരിയും കാലം’ ഒരു സുഗന്ധമുള്ള കഥാപുസ്തകമാണ്. ഓർമകളോളം സുഗന്ധവും മധുരവും കയ്പ്പും ഒരു പനിനീരിനും തേനിനും കാഞ്ഞിരത്തിനുമില്ലെന്ന് പറയും. ഇത് ചിതപോലെ കത്തിപ്പടരുന്ന നോവിന്റെ പുസ്തകമാണ്, ഓർമകളുടെ സമരപുസ്തകമാണ്.

അബ്ബാസ് ഇല്ലത്ത് എന്ന പേര് പലർക്കും അപരിചിതമായിരിക്കാം. എന്നാൽ, അബിൽദാ എന്ന തൂലികാനാമം ഗൾഫ് മലയാളികളുടെ സ്നേഹ പരിസരത്ത് വർഷങ്ങായി മായാതെ കിടപ്പുണ്ട്. ഒരു വലിയ പുസ്തകക്കെട്ടും തോളിലിട്ട് 2025 നവംബറിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മാക്ബത്ത് സ്റ്റാളിലേക്ക് ചിരിച്ചുകൊണ്ട് നടന്നുവന്ന അബ്ബാസ് ഇല്ലത്തിന്റെ മുഖം മായാതെ മനസ്സിലുണ്ട്. ‘കനലെരിയും കാലം കഥയില്ലാ കഥകൾ’ പുസ്തകത്തിന്റെ പ്രകാശനത്തിന് വന്നതിന്റെ പ്രകാശം ആ മുഖത്ത് അന്ന് കണ്ടു. ഒപ്പം എന്തോ ഒരു വല്ലായ്മയും. വന്ന ഉടനെ അദ്ദേഹം പറഞ്ഞത്, ഷോൾഡറിൽനിന്ന് വല്ലാത്തൊരു വേദന, അത് കഴുത്തുവരെ നീളുന്നു എന്നാണ്. പുസ്തകം താങ്ങിയതിന്റെയാവും എന്ന് എല്ലാവരും പറഞ്ഞു.

‘അല്ല, ഈ വേദന തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. പല ചികിത്സയും നടത്തി, രക്ഷയില്ല. ഇത് എന്നേയും കൊണ്ടേ പോകൂ എന്നാ തോന്നുന്നത്.’

ഇതുപറഞ്ഞ് ചിരിക്കുമ്പോഴും അബിൽദാക്ക് അറിയില്ലായിരുന്നു, കാൻസറിന്റെ വിത്തുകൾ തന്റെ ശരീരത്തിൽ പാകിയാണ് അദ്ദേഹം ഷാർജ പുസ്തകോത്സവത്തിന് എത്തിയത് എന്ന്.

‘കനലെരിയും കാലം’ ഒരു സുഗന്ധമുള്ള കഥാപുസ്തകമാണ്. ഓർമകളോളം സുഗന്ധവും മധുരവും കയ്പ്പും ഒരു പനിനീരിനും തേനിനും കാഞ്ഞിരത്തിനുമില്ലെന്ന് പറയും. ഇത് ചിതപോലെ കത്തിപ്പടരുന്ന നോവിന്റെ പുസ്തകമാണ്, ഓർമകളുടെ സമര പുസ്തകമാണ്. ഗ്രന്ഥകാരൻ അയാളെ തന്നെ വായിച്ച് പകർത്തി എഴുതിയിരിക്കുകയാണിതിലെ താളുകളിൽ. ഒരു പ്രവാസിയുടെ വിരൽതുമ്പിലെ ചോരപൊടിയലാണീ എഴുത്ത് എന്നുപറയാം. എങ്ങനെയാണ് താഴെ വീഴാതെ സമനില കൈവരിക്കേണ്ടത് എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഒരു മനുഷ്യന്റെ ആത്മകഥാ സ്പർശമുള്ള കഥകൾ. ഇതൊരു അലതന്നെ, തന്റെ ഓരോ യാത്രയും സ്വന്തം കഥ പൂരിപ്പിക്കാനുള്ളതാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന കഥയുള്ള പുസ്തകം.

മൃത്യു സ്മൃതി എന്ന ഇതിലെ ആദ്യ കഥയിലെ നാലു വയസ്സുകാരന്റെ നിസ്സഹായത വായനക്കാരനെ ഈറനണിയിക്കും എന്നുറപ്പ്. മരണമെന്ന സത്യത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന കുട്ടിയുടെ മുഖവും വാക്കുകളും ചിത്രങ്ങളായി നമ്മെ പിന്തുടരും. ‘കനലെരിയും കാലം’ കഥ ഗ്രന്ഥകാരന്റെ സ്വന്തം ജീവിതകഥ തന്നെയാണ്. തന്റെ ജീവിതത്തിലെ അൻപത്തിയഞ്ചു വർഷത്തെ ഒരു തിരിച്ചുനടത്തമാണത്. ജീവിതമാണോ കഥയാണോ ആദ്യം ജനിച്ചതെന്ന് നാം സംശയിച്ചുപോകുന്ന സന്ദർഭങ്ങളാണിതിൽ നിറയെ. ദാരിദ്ര്യം കാരണം പാതിവഴിയിൽ സ്കൂൾ പഠനം നിർത്തേണ്ടിവന്ന ബാല്യം, എഫ്. സി.ഐ ഗോഡൗണിൽ അരിച്ചാക്ക് ചുമക്കേണ്ടി വന്ന കൗമാരം. ഇന്ത്യയിലെ മഹാ നഗരങ്ങളിലെ അഴുക്കുചാലിന്റെ ദുർഗന്ധം സുഗന്ധമാക്കി മാറ്റി അവിടെ ചെയ്യേണ്ടിവന്ന വിവിധതരം ജോലികൾ... അവസാനം നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഗൾഫിലേക്കുചെന്നത്, പക്ഷേ എത്തിയത് നേരെ തടവറയിലേക്ക്.

ഈ പുസ്തകത്തിന്റെ ശീർഷകം ഏറ്റവും കൂടുതൽ യോജിച്ചുപോകുന്ന ജീവിതയാത്രയായിരുന്നു അബിൽദാക്ക് പിന്നീടങ്ങോട്ട്. ‘ജയിലഴിക്കുള്ളിൽ’ എന്ന കഥയിൽ, പൊന്നുതേടി പ്രവാസ ജീവിതത്തിലേക്ക് എടുത്തുചാടി ഇരുട്ടിനെ പൊന്നാക്കിമാറ്റേണ്ടിവന്ന ചെറുപ്പക്കാരന്റെ നേർചിത്രമാണ് വായിക്കാൻ കഴിയുന്നത്. സ്വപ്നങ്ങളുടെ ഒരു കടലാസുവഞ്ചി പോലും തുഴയാൻ കഴിയാത്ത മനുഷ്യരുടെ കഥ. ‘കോസ്രാപ്പിയുടെ ദുഃഖം’ എന്ന കഥയിലെ കോസ്രാപ്പി വേലുവിനെ ദൈവം സൃഷ്ടിച്ചതുതന്നെ ദുഃഖം കൊണ്ടാണെന്ന് തോന്നിപ്പോകും. ഈ കഥയിലെ ഓരോ നാട്ടുകഥാപാത്രങ്ങളും അവരുടെ പേരുകൊണ്ടും കഥാപശ്ചാത്തലംകൊണ്ടും വേറിട്ടുനിൽക്കുന്നു. വേലുവിന്റെ മകൾ മൈഥിലി പുസ്തകം അടച്ചുവെച്ചാലും നമ്മെ നൊമ്പരപ്പെടുത്തും. ‘സാന്ത്വനത്തണൽ അകലെ’ എന്ന കഥയിലെ രോഗിയായ പാവം പ്രവാസിയോട് വായനക്കാരന് അലിവേ തോന്നൂ. മരുപ്പച്ച തേടിേപ്പായി ചുട്ടുപൊള്ളുന്ന മരുഭൂമിയായി മാറുന്ന പ്രവാസികളുടെ കഥയാണിതും. ജീവിതം തന്നെ മൊത്തം ജപ്തി ചെയ്തുപോകുന്ന കണാരൻ മേസ്തിരിയുടെ കഥ പറയുന്ന ‘ഇരുളടഞ്ഞ പാത’യിലെ മേസ്തിരിക്ക് തണലേകേണ്ട മൂസാഹാജിയുടെ ചിത്രം വളരെ മങ്ങിയാണ് നായകന് കാണാനാവുന്നത്.

‘നിർമാല്യം’ കഥ നമ്മെ ഓർമപ്പെടുത്തുന്നത് ഒരു ഗന്ധർവനെയൊക്കെ സ്വപ്നം കാണാൻ ശ്രീദേവിക്ക് അവകാശമുണ്ട് എന്നതാണ്. ‘സോംചായി’ എന്ന കഥ ഒരു കൊറിയൻ യാത്രയുടെ സുഖം തരുന്നു. ‘മോചനം’ ഒരു കഥയായി തോന്നിയില്ല -ജാനു എന്ന സ്ത്രീ ഒരു പാണ്ടായ് നമ്മുടെ കഥാ പത്തായത്തിൽ ഒളിച്ചിരിക്കും. ഇതിലെ ഇരുപത്തിയെട്ടു കഥകളോ, കഥയില്ലാ കഥകളോ പാരായണ സുഖം നൽകുന്നവയാണ്. ഒരു പുസ്തകത്തിന്റെ ബലമെന്നത്‌ വായനക്കാരന്റെ ഓർമകളുടെ ബലം കൂടിയാണല്ലോ, എങ്കിൽ ഈ പുസ്തകത്തിലെ കഥകളും ജീവിതാനുഭവങ്ങളും കുറച്ചുകാലമെങ്കിലും നിങ്ങളുടെ ഓർമകളിൽ തങ്ങിനിൽക്കും.

ഇന്ന് തന്റെ കാൻസർ രോഗത്തെ മറികടക്കാൻ അബ്ബാസ് ഇല്ലത്തിന് കരുത്തുനൽകുന്നത് അക്ഷരങ്ങളുടെ കൂട്ടുതന്നെ. കനലെരിയും കാലത്തിന്റെ അറബി പതിപ്പിന്റെ പണിപ്പുരയിൽ അദ്ദേഹം തന്റെ വേദനകളെ മറക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayanafeatureLiteratueWriting
News Summary - Writing That Overcame Pain
Next Story