കേൾവിയിലൂടെയും പുസ്തകം വായിക്കാം; ഇത് അക്ഷരസ്നേഹികളുടെ നവമാധ്യമ കൂട്ടായ്മ
text_fieldsഅമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല കെട്ടിടം
ആലപ്പുഴ: മലയാള സാഹിത്യകാരന്മാരെയും നവ എഴുത്തുകാരെയും നവമാധ്യമത്തിലൂടെ വായനക്കാരുടെ മുന്നിലെത്തിച്ച് പുത്തൻ വായനായിടം സാധ്യമാക്കിയാണ് അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെ ജൈത്രയാത്ര. കോവിഡ് കാലത്ത് തുടക്കമിട്ട പ്രതിവാര ഓൺലൈൻ പുസ്തക ആസ്വാദന സദസ്സ് 209 ആഴ്ച പിന്നിട്ടു. 2021 ജൂൺ 19ന് വായന ദിനത്തിലാണ് പരിപാടി തുടങ്ങിയത്.
എല്ലാ ഞായറാഴ്ചയും രാത്രി എട്ട് മുതൽ 9.30 വരെ ഏതെങ്കിലും ഒരുപുസ്തകം തെരഞ്ഞെടുത്ത് അതിന്റെ ഗ്രന്ഥകാരനെയും പുസ്തകം വായിച്ച ആളുകളെയും ഒപ്പമിരുത്തിയാണ് ഓൺലൈൻ ചർച്ച നടത്തുന്നത്. വായിക്കാതെതന്നെ കേൾവിയിലൂടെ പുസ്തകം വായിച്ച അനുഭവമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എഴുത്തുകാരനെ കേൾക്കാനും അടുത്തറിയാനും കഴിയുമെന്നതാണ് പ്രത്യേകത.
ചർച്ചയിൽ ഓൺലൈനായി എത്തുന്ന എഴുത്തുകാരൻ രചനാവൈഭവവും പുസ്തകം എഴുതാനിടയായ സാഹചര്യവും വിവരിക്കുന്നതാണ് തുടക്കം. ഇതിന് പിന്നാലെ പുസ്തകത്തിന്റെ ഉള്ളടക്കം, ഭാഷ, സാഹിത്യം, സാമൂഹികപ്രസക്തി തുടങ്ങിയ വിവരങ്ങൾ അവതരിപ്പിക്കും. തുടർന്ന് പുസ്തകം വായിച്ച രണ്ടുപേർ അവരുടേതായ അഭിപ്രായം പങ്കുവെക്കും.
നവമാധ്യമം ഉപയോഗിച്ച് വായനയെ ഏങ്ങനെ പരിപോഷിപ്പിക്കാമെന്ന പി.കെ.എം ഗ്രന്ഥശാലയുടെ പരീക്ഷണവിജയം കൂടിയാണിത്. നിലവിൽ ഓൺലൈൻ ചർച്ചയിൽ 400ലധികം ആസ്വാദകർ കണ്ണികളായിട്ടുണ്ട്. ഒരോ ആഴ്ചയിലും സ്ഥിരമായി 100ലധികം പേർ ചർച്ചയിൽ പങ്കാളികളാകും.
തകഴിയുടെ ‘രണ്ടിടങ്ങഴി’ പുസ്തപരിചയത്തിലൂടെയാണ് പരിപാടി തുടങ്ങിയത്. പിന്നാലെ സാഹിത്യകാരൻ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, സി. രാധാകൃഷ്ണന്റെ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’, സാറ ജോസഫിന്റെ ചെറുകഥ ‘മനസ്സിലെ തീ മാത്രം’, മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കെ.ആർ. മീരയുടെ നോവൽ ‘ആരാച്ചാർ’, നടൻ ഇന്നസെന്റിന്റ ‘കാൻസർ വാർഡിലെ ചിരി’ അടക്കം നിരവധി പുസ്തകങ്ങളും ജീവിതാനുഭവങ്ങളും ചർച്ചയുടെ ഭാഗമായി.
പുസ്തകാസ്വാദന സദസ്സിന്റെ നാലാമത് വാർഷികം വായന ദിനമായ വ്യാഴാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞവർഷം മുതൽ വായനശാലയിലെത്തി പുസ്തകം എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്കായി സഞ്ചാരം പരിപോഷണ പദ്ധതിയിലൂടെ 100 വീടുകളിൽ ഇഷ്ടപുസ്തകങ്ങളും എത്തിക്കുന്നുണ്ട്. ഏഴ് റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ഈവർഷം മുതൽ ജില്ല ലൈബ്രറി കൗൺസിലിന്റെ വായന വസന്തം പദ്ധതിയിലൂടെയാണ് പുസ്തകവിതരണം.
1936ലാണ് ഗ്രന്ഥശാലയുടെ തുടക്കം. അത് അധികനാൾ പ്രവർത്തിച്ചില്ല. പിന്നീട് 1937ൽ സ്ഥാപിച്ച പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയാണ് വായനലോകത്ത് തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്. 1945 സെപ്റ്റംബര്‍ 14ന് ഈ ഗ്രന്ഥശാലയിൽ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനത്തിലാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം രൂപവത്കരിച്ചത്. അതാണ് പിന്നീട് ഗ്രന്ഥശാല സംഘമായും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായും പരിണമിച്ചത്.
ഒന്നാം നമ്പറായി രജിസ്റ്റർ ചെയ്ത ഗ്രന്ഥശാലയിൽ 45,000ത്തിലധികം പുസ്തകങ്ങളുണ്ട്. ആലപ്പുഴ മുൻ ഡി.ഇ.ഒയും ഗ്രന്ഥശാല പ്രസിഡന്റുമായ കെ.പി. കൃഷ്ണദാസ്, സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഗ്രന്ഥശാലയുടെ അമരക്കാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.