ഘോഷയാത്രയും ചക്കരച്ചോറും പിന്നെ ഗുഡ്ബാളും
text_fieldsവി.പി. സുബ്രഹ്മണ്യൻ
മൊയ്തീൻകുട്ടി മാഷിന്റെ മുഖത്ത് അന്ന് പതിവിലും വലിയ സന്തോഷമുണ്ടായിരുന്നു. മാഷ് നേരെ ക്ലാസിൽ വന്ന് ഞങ്ങളോട് പറഞ്ഞു... ‘‘കുട്ട്യോളെ ഞമ്മള് ഇന്ന് മുതൽ കേരളത്തിന്റെ ആൾക്കാരാ... മദ്രാസ് സർക്കാറിന്റെ കീഴിൽ നമ്മളിനിയില്ല. കേരളമെന്ന പേരിൽ പുതിയൊരു സംസ്ഥാനം വന്നിരിക്കുന്നു. എല്ലാവരും വേഗം പുറത്തിറങ്ങണം. നമുക്കൊരു ഘോഷയാത്ര നടത്തണം...’’ 1956 നവംബർ ഒന്നിന് മലപ്പുറം ഉമ്മത്തൂർ എൽ.പി സ്കൂളിലെ പ്രഥമ അധ്യാപകനായ മൊയ്തീൻകുട്ടി മാഷ് ഇങ്ങനെ പറഞ്ഞുതീർത്തപ്പോൾ ആ ക്ലാസിലുണ്ടായിരുന്നവർക്ക് എന്താണ് കാര്യമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
എന്തോ കാര്യമായിട്ട് നാട്ടിൽ സംഭവിച്ചിട്ടുണ്ടെന്ന് മാത്രം മനസ്സിലായി. അന്നത്തെ നാലാം ക്ലാസിലെ വിദ്യാർഥിയായിരുന്ന ‘ഒമ്പതു വയസ്സുകാരൻ’ വി.പി. സുബ്രഹ്മണ്യൻ തന്റെ 80ാം വയസ്സിലും കേരളപ്പിറവി ദിനത്തിലെ മായാത്ത ഓർമകൾ വീണ്ടും അയവിറക്കുകയാണ്.
മൊയ്തീൻകുട്ടി മാഷ് പറഞ്ഞത് മുഴുവനും മനസ്സിലായില്ലെങ്കിലും ‘കേരളം’ എന്ന വാക്ക് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്നും അന്നേദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും സുബ്രഹ്മണ്യൻ മാഷ് പറയുന്നു.
കേരളം... കേരളം
‘കേരളം പിറന്നിരിക്കുന്നു’ എന്ന് പറഞ്ഞ അധ്യാപകർ കുട്ടികളോട് വേഗം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എന്നിട്ട് എല്ലാവരുടെയും കൈയിൽ വ്യത്യസ്ത നിറങ്ങളിൽ വെട്ടിയെടുത്ത വർണക്കടലാസുകൾ കെട്ടിയ ഒരോ വടി നൽകി. ഈ ദിനം നമ്മൾ ആഘോഷിക്കണമെന്നും സ്കൂളിന്റെ സമീപ പ്രദേശങ്ങളിലൂടെ ഒരു ഘോഷയാത്ര നടത്തണമെന്നും അധ്യാപകർ പറഞ്ഞു. ക്ലാസ് ഒഴിവായി പുറത്തിറങ്ങാൻ പറ്റിയ ആവേശത്തിൽ ഞാനടക്കം എല്ലാ കുട്ടികളും വർണക്കടലാസുമേന്തി ‘കേരളം... കേരളം’ എന്നുറക്കെ വിളിച്ച് ആവേശത്തോടെ നടന്നുനീങ്ങി. ഇന്നത്തെപ്പോലെ റോഡില്ലാത്തതിനാൽ ഇടവഴികളിലൂടെയാണ് ഘോഷയാത്ര.
കവലകളിലും വഴിയരികിലും ഘോഷയാത്ര കണ്ടുനിന്ന മനുഷ്യർ കാര്യമെെന്തന്നറിയാതെ പകച്ചുനിന്നു. ചിലർ കാര്യം തിരക്കി. അവരോട് കൂടെയുണ്ടായിരുന്ന അധ്യാപകർ കേരളപ്പിറവിയെ കുറിച്ച് പറഞ്ഞുകൊടുത്തു. അന്ന് സമ്പന്നരുടെ വീട്ടിൽ മാത്രമായിരുന്നു റേഡിയോയും പത്രവുമെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളൊന്നും അറിയാൻ ഒരു മാർഗവുമുണ്ടായിരുന്നില്ലെന്നും മാഷ് പറയുന്നു.
ആഘോഷ പ്രകമ്പനം,പിന്നെ ‘ചക്കരച്ചോർ’
രണ്ടു മണിക്കൂറോളം നടന്ന് ഘോഷയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ സ്കൂളിൽ അന്നത്തെ പായസമായിരുന്ന ‘ചക്കരച്ചോറും’ മിഠായിയും ഒരുക്കിയിരുന്നു. ചക്കരച്ചോർ ശരിയായി വേവിച്ചിട്ടില്ലെങ്കിലും അന്നത് വലിയൊരു ഇഷ്ടവിഭവംതന്നെയായിരുന്നു. സ്കൂളിൽ കുട്ടികൾ കുറേച്ച ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ക്ലാസിൽ ആകെ 12 കുട്ടികളായിരുന്നുവെന്നും മാഷ് ഓർത്തെടുത്തു. ചക്കരച്ചോർ എല്ലാവരും വയറുനിറയെ കഴിച്ചു. ബാക്കിയുള്ളത് എല്ലാവരും പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തി അമ്മക്കും സഹോദരങ്ങൾക്കും ചക്കരച്ചോർ നൽകിയപ്പോൾ അവർ കാര്യം തിരക്കി.
മൊയ്തീൻ മാഷ് പറഞ്ഞ കേരളപ്പിറവിയുടെ അറിയുന്ന വിവരങ്ങളും ഘോഷയാത്ര നടത്തിയ സംഭവങ്ങളുമെല്ലാം വലിയ ആവേശത്തോടെയാണ് അമ്മയോട് പങ്കുവെച്ചത്. അടുത്ത ദിവസം ക്ലാസിൽ വന്നപ്പോൾ കേരളപ്പിറവിയെ കുറിച്ച് അധ്യാപകർ കുറച്ചുകൂടി വിശദമാക്കി നൽകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പിന്നീട് സുഹൃത്തുക്കളോടും വീട്ടുകാരോടുമെല്ലാം വലിയ അനുഭവത്തിൽ പങ്കുവെച്ചിട്ടുണ്ടെന്നും മാഷ് പറയുന്നു.
പിറവിയെടുത്ത ‘ഗുഡ്ബാൾ’
കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കുറച്ചുദിനങ്ങളായിരുന്നു കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂളിൽ അരങ്ങേറിയത്. അപ്രതീക്ഷിതമായ ഘോഷയാത്രയും ചക്കരച്ചോറും മിഠായി വിതരണവുമെല്ലാം ആദ്യദിനം നന്നായി സന്തോഷിപ്പിച്ചു. അടുത്ത ദിവസം ഞങ്ങളെ കാത്തിരുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരു സന്തോഷമായിരുന്നു. കേരളപ്പിറവിയുടെ ഭാഗമായി കുട്ടികൾക്ക് കളിക്കാൻ അധ്യാപകർ പുതിയൊരു ഫുട്ബാൾ വാങ്ങി നൽകി. പന്ത് കണ്ട് കുറച്ചുനേരം അന്തംവിട്ട് നിന്നു. അങ്ങനെയൊരു പന്ത് ആദ്യമായി കാണുകയായിരുന്നു.
വലിയ പന്ത് എന്നായിരുന്നു ആദ്യം അതിനെ വിളിച്ചത്. സംഗതി ഫുട്ബാളായിരുന്നെങ്കിലും ‘ഗുഡ്ബാൾ’ എന്നാണ് അതിനെ ഞങ്ങൾ വിശേഷിപ്പിച്ചത്. സ്കൂളിനു ചുറ്റും ഒഴിഞ്ഞ സ്ഥലം ധാരാളം ഉണ്ടായിരുന്നതിനാൽ ‘ഗുഡ്ബാളു’മായി മനസ്സുനിറയെ കളിച്ചു. അന്നാദ്യമായാണ് മലപ്പുറത്തിന്റെ മണ്ണിൽ ഫുട്ബാൾ തട്ടിയതെന്നും സുബ്രഹ്മണ്യൻ മാഷ് പറയുന്നു. 80 വയസ്സായെങ്കിലും സുബ്രഹ്മണ്യൻ മാഷുടെ ആ കേരളപ്പിറവി ഓർമകൾക്കിന്നും മധുരപ്പതിനേഴാണ്. മലപ്പുറം എ.യു.പി സ്കൂളിൽ 35 വർഷം അധ്യാപകനായിരുന്ന സുബ്രഹ്മണ്യൻ മാഷ് മലപ്പുറം താമരക്കുഴിയിലെ വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ. ജമുന ദേവിയാണ് ഭാര്യ. അധ്യാപകരായ വി. രഞ്ജിത്ത്, വി. സജിത്ത്, വി. സജിത എന്നിവർ മക്കളാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

