അണിഞ്ഞൊരുങ്ങി ഗജവീരന്മാർ; മൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കം
text_fieldsമൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കംകുറിച്ച് നടന്ന ഗജപയാന
മൈസൂരു: ഈ വർഷത്തെ മൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കംകുറിച്ച് പരമ്പരാഗത ചടങ്ങായ ഗജപയാന (ആനകളുടെ എഴുന്നള്ളത്ത്) ശ്രദ്ധേയമായി. കനത്ത സുരക്ഷയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹുൻസൂർ താലൂക്കിലെ വീരാനഹോസഹള്ളി നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിന്റെ കവാടത്തിന് സമീപം നടന്ന ഗജപയാന ചടങ്ങ് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. എസ്. യതീന്ദ്ര ഫ്ലാഗ് ഓഫ് ചെയ്തു. ആനകൾക്ക് പൂജ നടത്തി ശർക്കര, പഴം, കരിമ്പ് എന്നിവക്കൊപ്പം പരമ്പരാഗത പലഹാരങ്ങൾ നൽകി.
നാല് പെൺആനകൾ ഉൾപ്പെടെ 12 ആനകളെയാണ് ഈ വർഷത്തെ ദസറക്കായി അന്തിമമായി തെരഞ്ഞെടുത്തിരിക്കുന്നത്. 22 വർഷമായി ദസറയിൽ പങ്കെടുക്കുകയും ആറ് തവണ സ്വർണ അംബാരി വഹിക്കുകയും ചെയ്ത ആനയായ അഭിമന്യുവിന് യാത്രയയപ്പ് നൽകി. ഈ വർഷം 60 വയസ്സ് തികഞ്ഞ അഭിമന്യു മൈസൂർ ദസറയിൽ ഇനി ഉണ്ടാകില്ല.
എം.എൽ.എമാരായ ജി.ഡി. ഹരീഷ് ഗൗഡ, ഡി. രവിശങ്കർ, മൈസൂർ ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂർ ഡിവിഷൻ റീജയനൽ കമീഷണർ നിതേഷ് പാട്ടീൽ, എ.ഡി.സി ഐശ്വര്യ, വനംവകുപ്പ് ഉദ്യോഗസ്ഥരായ മീനാക്ഷി നെഗി, കുമാർ പുഷ്കർ, രാധാദേവി, സി.എഫ് മൈസൂർ സർക്കിൾ എസ്.എസ്. രവിശങ്കർ, സതേൺ റേഞ്ച് ഐ.ജി.പി ബോരലിംഗയ്യ, മൈസൂർ ജില്ല എസ്.പി മർജുൻ സികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മൈസൂർ പാലസ് ഗണപതി ക്ഷേത്രം പൂജാരി എസ്.വി. പ്രഹ്ലാദ് റാവു പൂജാ കർമങ്ങൾക്ക് നേതൃത്വം നൽകി. മൈസൂർ ഡിവിഷൻ വൈൽഡ് ലൈഫ് ഡി.സി.എഫും ദസറ ആനകളുടെ ചുമതലയുള്ളയാളുമായ ഐ.ബി. പ്രഭുഗൗഡ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

